പാവങ്ങളുടെ എയർപോഡുമായി ഷവോമി; ആപ്പിളിന് വെല്ലുവിളി

ആപ്പിളിന്റെ വിലകൂടിയ ഉപകരങ്ങൾക്ക് പകരം നിൽക്കുന്ന ഡിവൈസുകൾ പുറത്തിറക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവരാണ് ചൈനീസ് കമ്പനികൾ. ആപ്പിളിന്റെ ജനപ്രിയ ഡിവൈസുകളിലൊന്നായ എയർപോഡിന് പകരംവെയ്ക്കാവുന്ന ഉപകരണമാണ് കഴിഞ്ഞ ദിവസം ചൈനീസ് കമ്പനിയായ ഷവോമി അവതരിപ്പിച്ചത്.

എംഐ എയർഡോട്ട്സ് എന്ന വയർലെസ് ഇയർഫോൺ പാവങ്ങളുടെ എയർപോഡ് എന്നാണ് അറിയപ്പെടുന്നത്. ബ്ലൂടൂത്ത് 5.0യുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഷവോമി ഇയർ ഫോണിന്റെ വില 30 ഡോളറാണ് ( ഏകദേശം 2100 രൂപ).

വോയ്സ് അസിസ്റ്റന്റ് സർവീസ്, മ്യൂസിക് പ്ലേബാക്ക്, കോളുകൾ എന്നിവ സുഖകരമായി നിയന്ത്രിക്കാൻ ഇതുവഴി സാധിക്കും. നവംബർ 11 മുതലാണ് പുതിയ ഇയർഫോൺ വിപണിയിലെത്തുക. രണ്ടു ഇയർഫോണിലും പ്രത്യേകം ഇയർബഡ് നൽകിയിട്ടുണ്ട്. കേവലം 4.2 ഗ്രാമാണ് ഇതിന്റെ ഭാരം.

ചാർജ് ചെയ്യാനുള്ള കിറ്റും ഇതോടൊപ്പം ലഭിക്കും. ചാർജിങ് കെയ്സിനകത്തിട്ടാൽ ചാർജ് ചെയ്യാവുന്ന രീതിയിലാണ് ഷവോമി ഇയർഫോൺ പ്രവര്‍ത്തിക്കുന്നത്. സ്റ്റീരിയോ മോഡിൽ നാലു മണിക്കൂറും മോണോ മോഡിൽ അഞ്ചു മണിക്കൂറും പ്ലേ ബാക്ക് ലഭിക്കും.