വിൻഡ് ടണൽ: ലോകശക്തികളെ മറി കടന്ന് ആ നേട്ടവും ഐഎസ്ആർഒ സ്വന്തമാക്കി

ബഹിരാകാശയാനങ്ങളുടെ പരീക്ഷണങ്ങള്‍ക്കും രൂപകല്‍പ്പനയ്ക്കുമായി ലോകത്തെ മൂന്നാമത്തെ വലിയതും ശേഷി കൂടിയതുമായ പരീക്ഷണശാലാ സമുച്ചയം തിരുവനന്തപുരത്ത് യാഥാർഥ്യമായി. ബഹിരാകാശ ദൗത്യവാഹനങ്ങളുടെ പരീക്ഷണത്തിൽ നിർണായകമായ ഹൈപ്പർ സോണിക് വിൻഡ് ടണലാണ് ഐഎസ്ആർഒ യാഥാർഥ്യമാക്കിയത്. വലിപ്പത്തിലും ശേഷിയിലും ലോകത്തിലെ മൂന്നാമത്തെ വിൻഡ് ടണലാണ് തിങ്കളാഴ്ച വിഎസ്എസ്‌സിയിൽ ഐഎസ്ആർഒ ചെയർമാൻ എ.എസ്.കിരൺ കുമാർ കമ്മിഷൻ ചെയ്തത്.  

ബഹിരാകാശ ദൗത്യത്തിനുള്ള വാഹനങ്ങൾ ഭ്രമണപഥത്തിലേക്ക് ഉയരുമ്പോഴും തിരികെ ഭൗമാന്തരീക്ഷത്തിലേക്കു പ്രവേശിക്കുമ്പോഴുമുളള സാഹചര്യങ്ങൾ കൃത്രിമമായി സൃഷ്ടിച്ചു പരീക്ഷണം നടത്താനാണു വിൻഡ് ടണലുകൾ ഉപയോഗിക്കുന്നത്. ശബ്ദത്തേക്കാൾ ആറിരട്ടി വരെ (സെക്കൻഡിൽ ഏകദേശം 2000 മീറ്റർ വരെ) വേഗത്തിൽ സഞ്ചരിക്കുന്ന വിക്ഷേപണ വാഹനങ്ങളുടെ രൂപകൽപനയ്ക്ക് അനുയോജ്യമായ വിൻഡ് ടണലുകളിലാണ് ഇതുവരെ പരീക്ഷണങ്ങൾ നടത്തിയിരുന്നത്. 

ഹൈപ്പർസോണിക് വിൻഡ് ടണൽ യാഥാർഥ്യമായതോടെ ശബ്ദത്തിന്റെ 12 ഇരട്ടിവരെ വേഗത്തിൽ സഞ്ചരിക്കുന്ന ബഹിരാകാശ വാഹനങ്ങളുടെ പരീക്ഷണങ്ങൾ ഇനി ഫലപ്രദമായി നടത്താൻ ഐഎസ്ആർഒയ്ക്കു കഴിയും. ഇന്ത്യയുടെ ഭാവി ബഹിരാകാശദൗത്യങ്ങളിൽ ഹൈപ്പർ സോണിക് വിൻഡ് ടണൽ സുപ്രധാന പങ്കുവഹിക്കുമെന്ന് എ.എസ്. കിരൺകുമാർ പറഞ്ഞു. 

മറ്റു രാജ്യങ്ങളിൽ നിന്നു ലഭ്യമാകാനിടയില്ലാത്ത സാങ്കേതികവിദ്യ ഇന്ത്യയ്ക്കു തദ്ദേശീയമായി നിർമിക്കാനായതു മികവിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. വിഎസ്‌എസ്‌സി ഡയറക്ടർ ഡോ. ശിവൻ അധ്യക്ഷത വഹിച്ചു.