Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നൈല്‍ നദിയുടെ തീരത്ത് 2500 വര്‍ഷം പഴക്കമുള്ള പത്ത് മമ്മികള്‍ കണ്ടെത്തി

egypt-mummi

നൈല്‍ നദിയുടെ തീരത്തെ ആഗ ഖാന്‍ ശവകുടീരത്തിനു സമീപത്തു നിന്നു പത്ത് മമ്മികള്‍ കണ്ടെത്തി. ബിസി 712-332 കാലത്തെ മമ്മികളാണ് കണ്ടെത്തിയത്. ശവപ്പെട്ടികളില്‍ സുരക്ഷിതമായി അടക്കം ചെയ്ത നിലയിലുള്ള മമ്മികള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. 

ഈജിപ്തിലെ ആസ്വാന്‍ നഗരത്തിലാണ് ആഗ ഖാന്‍ ശവകുടീരം സ്ഥിതി ചെയ്യുന്നത്. സുല്‍ത്താന്‍ മുഹമ്മദ് ഷാ ആഗ ഖാനാണ് ആഗ ഖാന്‍ ശവകുടീരം പണികഴിപ്പിച്ചത്. ഷിയാ മുസ്‌ലിംകളിലെ ഇമെയ്‌ലി വിഭാഗത്തിലെ നാല്‍പ്പത്തിയെട്ടാമത് ഇമാമായ ആഗ ഖാന്‍ 1957ലാണ് അന്തരിച്ചത്. കണ്ടെത്തിയ മമ്മികളുടെ ചരിത്ര പ്രാധാന്യത്തെക്കുറിച്ച് ഇപ്പോള്‍ വ്യക്തമായി പറയാനാവില്ലെങ്കിലും ഇത്രയും പഴക്കമുള്ള കാര്യമായ കേടുപാടുകളില്ലാത്ത മമ്മികൾ ലഭിച്ചത് ഈജിപ്ത് പുരാവസ്തു ഗവേഷകര്‍ക്ക് ആവേശം പകര്‍ന്നിട്ടുണ്ട്. 

ഈജിപ്ത് പുരാവസ്തുവകുപ്പ് അയച്ച പ്രത്യേക ദൗത്യ സംഘമാണ് കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ശ്മശാനത്തിലേക്ക് നീളുന്ന വലിയ പടികളാണ് കണ്ടെത്തലിന് പുരാവസ്തു സംഘത്തെ സഹായിച്ചത്. ഈ പടികള്‍ വഴി ഉത്ഖനനം നടത്തിയ പുരാവസ്തു സംഘം പത്ത് മമ്മികള്‍ സുരക്ഷിതമായി അടക്കം ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഈ കണ്ടെത്തല്‍ നടത്തിയ പ്രദേശത്തിനടുത്തുള്ള പശ്ചിമ അസ്വാന്‍ മേഖലയില്‍ നിന്നും കണ്ടെത്തിയ മമ്മികള്‍ക്ക് സമാനമായ നിലയില്‍ അടക്കം ചെയ്തവയാണ് പുതിയതായി കണ്ടെത്തിയതും. ഇരുപതാം നൂറ്റാണ്ടില്‍ കണ്ടെത്തിയതായിരുന്നു ഈ മമ്മികള്‍. 

ബിസി മൂന്നാം സഹസ്രാബ്ദം മുതല്‍ ബിസി പതിനൊന്നാം നൂറ്റാണ്ടുവരെയുള്ള കാലത്തെ ഈജിപ്ഷ്യന്‍ രാജവംശങ്ങളുടെ മമ്മികള്‍ പശ്ചിമ അശ്വാന്‍ മേഖലയില്‍ നിന്നും ലഭിച്ചിട്ടുണ്ട്. പൗരാണിക കാലഘട്ടത്തിലേതെന്നു കരുതപ്പെടുന്ന മമ്മികള്‍ക്ക് 2,500 വര്‍ഷം പഴക്കമാണ് കണക്കാക്കുന്നത്. പുതിയ കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ മേഖലയിലേക്ക് കൂടുതല്‍ പര്യവേഷണ സംഘങ്ങളെ അയക്കാനാണ് ഈജിപ്ഷ്യന്‍ സര്‍ക്കാരിന്റെ തീരുമാനം.