Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനിയൊരു അണുബോംബ് വീണാല്‍ ഭൂമി പൊട്ടിത്തകരും, കാലാവസ്ഥ മാറിമറിയും, കോടികൾ മരിച്ചു വീഴും!

Nuclear-weapon

ലോകം മറ്റൊരു യുദ്ധത്തിന്റെ വഴിയെയാണ് പോകുന്നത്. അണ്വായുധങ്ങൾ സൂക്ഷിക്കുന്ന രാജ്യങ്ങൾ തമ്മിൽ തുടരുന്ന ശീതയുദ്ധം മറ്റൊരു വൻ യുദ്ധത്തിന് കാരണമായാൽ അത്യാധുനിക ആയുധങ്ങളും ബോംബുകളുമായിരിക്കും ഉപയോഗിക്കുക. നിലവിൽ അമേരിക്കയും ഉത്തരകൊറിയയും തുടരുന്ന പോര് തന്നെ ലോകത്തിന് ഭീഷണിയാണ്. ഇരു രാജ്യങ്ങളുടെ കൈവശവും ഹൈഡ്രജൻ ബോംംബ് ഉൾപ്പടെയുള്ള അണ്വായുധങ്ങളുണ്ട്. ഒരു നിമിഷത്തെ ചിന്തയിൽ നിന്ന് അണുബോംബ് പ്രയോഗിക്കാൻ ആർക്കെങ്കിലും തോന്നിയാൽ ഈ ലോകത്തെ തന്നെ ഇല്ലാതാക്കും. പിന്നീട് ഒരു തിരിച്ചുവരവ് അസാധ്യമായിരിക്കും.

ഭൂമിയില്‍ ഇനിയൊരു അണുബോബ് സ്‌ഫോടനമുണ്ടായാല്‍ കാലാവസ്ഥ തന്നെ മാറുമെന്നാണ് പുതിയ പഠനം. ഏതെങ്കിലും ഒരു രാജ്യത്തോ പ്രദേശത്തോ മാത്രമായി ഒതുങ്ങി നില്‍ക്കുന്നതാകില്ല ആണവസ്‌ഫോടനം നടന്നാലുണ്ടാകുന്ന ഭവിഷ്യത്തുകള്‍. ആണവസ്‌ഫോടനത്തെ തുടര്‍ന്നുണ്ടാകുന്ന കറുത്ത ചാരം അന്തരീക്ഷ ഊഷ്മാവിനെ പതിവിലും കുറക്കും. ഇത് ലോകത്തെ വരള്‍ച്ചയിലേക്കും ക്ഷാമത്തിലേക്കും ജീവികളുടെ കൂട്ടവംശനാശത്തിലേക്കും ദശലക്ഷങ്ങളുടെ മരണത്തിലേക്കും നയിക്കും. 

നെബ്രാസ്‌ക ലിങ്കണ്‍ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് പുതിയ പഠനത്തിന് പിന്നില്‍. ലോകത്തെ അഞ്ച് മഹാശക്തികളുടെ കൈവശമുള്ള 19 തരം അണ്വായുധങ്ങളാണ് പഠനത്തിനുപയോഗിച്ചത്. റഷ്യ, അമേരിക്ക, ചൈന, ബ്രിട്ടണ്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ അണ്വായുധങ്ങളാണ് പഠനത്തില്‍ ഉള്‍ക്കൊണ്ടിട്ടുള്ളത്. ഇതില്‍ ചില ബോംബുകള്‍ ഭൂമിയെ തിരിച്ചുവരവില്ലാത്തവിധം മാറ്റുമെന്നതാണ് ഗവേഷകരുടെ മുന്നറിയിപ്പ്.

അമേരിക്കയുടെ പക്കലുള്ള 1.2 മെഗാടണ്‍ ബോംബോ, ഡി5 എസ്എല്‍ബിഎം ബോംബോ ഭൂമിയില്‍ അണ്വായുധം മൂലമുള്ള വരള്‍ച്ചക്ക് കാരണമായേക്കാം. റഷ്യയുടെ നാല് 800 കിലോടണ്‍ ബോംബുകളും ഫ്രാന്‍സിന്റെ 300 കിലോടണ്ണിന്റെ പത്ത് ബോംബുകളും ചേര്‍ന്നാല്‍ സമാനമായ അവസ്ഥയുണ്ടാകും. എന്നാല്‍ ചൈനയുടെ പക്കലുള്ള അഞ്ച് മെഗാടണ്ണിന്റെ ഒരൊറ്റ അണുബോംബ് മതി ഭൂമിയുടെ തന്നെ താളം തെറ്റിക്കാന്‍. 

1300 കിലോമീറ്റര്‍ വിസ്തൃതിയില്‍ നാശം വിതയ്ക്കാന്‍ ശേഷിയുള്ള അണുബോംബ് കുറഞ്ഞത് 50ലക്ഷം ടണ്‍ ചാരം അന്തരീക്ഷത്തിലെത്തിക്കുമെന്നാണ് കരുതുന്നത്. ഇത് എളുപ്പത്തില്‍ ഭൂമിയിലേക്ക് തിരിച്ചെത്തില്ല. സൂര്യപ്രകാശം തടയുന്നതുവഴി അന്തരീക്ഷ ഊഷ്മാവ് കുറഞ്ഞ് കാലാവസ്ഥയുടെ താളം തെറ്റുന്നതിലേക്ക് വഴിവെക്കും. ഊഷ്മാവ് കുറയുന്നത് മഴയുടെ കുറവിലും വരള്‍ച്ചയിലും ചെന്നവസാനിക്കുന്നു. 

അന്തരീക്ഷത്തിലെത്തുന്ന കറുത്ത ചാരം മാസങ്ങള്‍ക്കു ശേഷമായിരിക്കും ഭൂമിയിലേക്കിറങ്ങുക. ഇത് കാര്‍ഷിക വിളകളുടെ കാലചക്രത്തെ പോലും തകിടംമറിക്കും. കുറഞ്ഞത് അഞ്ചു വര്‍ഷത്തേക്കെങ്കിലും കൃഷിയുടെ സീസണ്‍ തന്നെ 10 മുതല്‍ 40 ദിവസം വരെ കുറക്കും. ശരാശരി താപനിലയിലെ കുറവ് കുറഞ്ഞത് 25 വര്‍ഷത്തേക്കെങ്കിലും തുടരുകയും ചെയ്യും. ആണവസ്‌ഫോടനം നടന്ന് അല്‍പസമയത്തിനുള്ളില്‍ ഭൂമി ആയിരം വര്‍ഷത്തെ കുറഞ്ഞ താപനിലയിലേക്കായിരിക്കും കൂപ്പുകുത്തുക. 

ഏഷ്യയില്‍ കൃഷിയെ വലിയതോതില്‍ സ്വാധീനിക്കുന്ന മണ്‍സൂണ്‍ തന്നെ ഇത്തരം ആണവസ്‌ഫോടനങ്ങള്‍ താളം തെറ്റിക്കും. 20 ശതമാനം മുതല്‍ 80 ശതമാനം വരെ മണ്‍സൂണില്‍ കുറവുണ്ടാകും. ദക്ഷിണ അമേരിക്കയിലും ദക്ഷിണ ആഫ്രിക്കന്‍ രാജ്യങ്ങളിലും ഓസ്‌ട്രേലിയയുടെ ചിലഭാഗങ്ങളിലും മഴക്കുറവ് അനുഭവപ്പെടും. മനുഷ്യന്റെ മാത്രമല്ല ഭൂമിയിലെ ജീവന്റെ പോലും ഭാവിയെ ഇരുളടഞ്ഞതാക്കുന്ന അണ്വായുധങ്ങളുടെ പ്രയോഗത്തെക്കുറിച്ച് ചിന്തിക്കുക പോലും അരുതെന്ന് മുന്നറിയിപ്പാണ് ഗവേഷക സംഘം ലോകരാജ്യങ്ങള്‍ക്ക് നല്‍കുന്നത്.