ബഹിരാകാശ യുദ്ധത്തിനൊരുങ്ങി ചൈന? ഉപഗ്രഹങ്ങളെ തകർക്കും മിസൈൽ പരീക്ഷിച്ചു

ശത്രുരാജ്യങ്ങളുടെ സാറ്റലൈറ്റുകളെ തകര്‍ത്ത് വിവര കൈമാറ്റ സംവിധാനം തകരാറിലാക്കുകയെന്ന ലക്ഷ്യത്തില്‍ ചൈന നിര്‍മിച്ച മിസൈലുകള്‍ പരീക്ഷിച്ചു. ചൈനയുടെ വടക്കുകിഴക്കന്‍ പ്രവിശ്യയില്‍ നിന്നും ഡോങ് നെങ് 3 എന്ന് പേരിട്ടിരിക്കുന്ന മിസൈല്‍ വിക്ഷേപിച്ചതായാണ് അമേരിക്കന്‍ രഹസ്യാന്വേഷകരുടെ സ്ഥരീകരണം. ദിവസങ്ങൾക്ക് മുൻപാണ് ഈ റിപ്പോർട്ട് പുറത്തുവന്നത്. ഭൂമിയുടെ അന്തരീക്ഷത്തിന്റെ ഏറ്റവും മുകളിലെ ഭാഗത്തെത്തിയാണ് മിസൈല്‍ പൊട്ടിത്തെറിച്ചതെന്നും കരുതപ്പെടുന്നു. 

ഡിഎന്‍ 3 എന്ന് വിളിക്കുന്ന മിസൈല്‍ ജൂലൈ 23നാണ് പരീക്ഷിച്ചതെന്നാണ് വിവരം. മംഗോളിയയിലെ ജിഗ്വാന്‍ സാറ്റലൈറ്റ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്നായിരുന്നു പരീക്ഷണം. മേഖലയിലെ നാട്ടുകാര്‍ ചൈനീസ് സോഷ്യല്‍ മീഡിയയില്‍ ഇട്ട ചിത്രങ്ങള്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു. ഈ പ്രദേശത്തിന് മുകളിലെ അന്തരീക്ഷത്തില്‍ വരരുതെന്ന് മറ്റു രാജ്യങ്ങള്‍ക്ക് ചൈന മുന്നറിയിപ്പ് നല്‍കിയതും നിരീക്ഷണം ശക്തമാക്കുന്നതിന് കാരണമായി. 

പരീക്ഷണം വിജയമാണോ എന്ന കാര്യത്തില്‍ ഔദ്യോഗികമായി സ്ഥിരീകരണം ലഭിച്ചിട്ടില്ല. എങ്കിലും ചൈനയുടെ ബഹിരാകാശ യുദ്ധ പദ്ധതി അതിവേഗത്തില്‍ മുന്നേറുകയാണെന്നാണ് ലഭിക്കുന്ന വിവരം. ബഹിരാകാശ മേഖലയിലെ നിയന്ത്രണത്തില്‍ അമേരിക്കക്കൊപ്പമെത്തുകയെന്നതാണ് ചൈന ലക്ഷ്യമിടുന്നത്. ചൈന മാത്രമല്ല റഷ്യയും ബഹിരാകാശ യുദ്ധ തന്ത്രങ്ങളില്‍ അതിവേഗം മുന്നേറുന്നുണ്ടെന്ന് യുഎസ് എയര്‍ഫോഴ്‌സ് ജനറല്‍ ജോണ്‍ ഇ ഹൈറ്റന്‍ പറഞ്ഞു. 

കൃത്രിമോപഗ്രഹങ്ങള്‍ തകര്‍ക്കുന്ന് അടക്കമുള്ള ബഹിരാകാശ യുദ്ധ തന്ത്രങ്ങളില്‍ റഷ്യയേക്കാള്‍ വേഗത്തിലാണ് ചൈന കുതിക്കുന്നതെന്നാണ് കരുതപ്പെടുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളാണ് ചൈനയെ ഇതിന് സഹായിച്ചത്. പരീക്ഷണത്തിന്റെ ഭാഗമായി 2007ല്‍ ചൈന ഒരു കാലാവസ്ഥാ ഉപഗ്രഹം തകര്‍ത്തിരുന്നു. ഇതിന്റെ ആയിരക്കണക്കിന് ഭാഗങ്ങളാണ് ബഹിരാകാശത്ത് കറങ്ങി നടക്കുന്നത്. ചൈനയുടെ ഈ നീക്കം വലിയ തോതില്‍ വിമര്‍ശനം വരുത്തിവെച്ചിരുന്നു. 

ഡിഎന്‍3യുടെ മുന്‍ഗാമിയായ ഡിഎന്‍2 2013ലാണ് ചൈന പരീക്ഷിക്കുന്നത്. അന്ന് ഭൂമിയില്‍ നിന്നും 30,000 കിലോമീറ്റര്‍ വരെ ഉയരത്തില്‍ ഈ മിസൈല്‍ എത്തിയിരുന്നു. അമേരിക്കന്‍ സാറ്റലൈറ്റുകള്‍ നിലകൊള്ളുന്ന ഉയരമാണ് ഇതെന്നതും ശ്രദ്ധേയം. 2015 ഒക്ടോബറിലാണ് ഡിഎന്‍3 ആദ്യമായി പരീക്ഷിച്ചത്. പിന്നീട് 2016ഡിസംബറിലും പരീക്ഷണം നടന്നു. ശത്രുമിസൈലുകളെ പ്രതിരോധിക്കാനുള്ള മിസൈലെന്ന നിലയിലായിരുന്നു ഈ പരീക്ഷണങ്ങളെ ചൈന വിശേഷിപ്പിച്ചിരുന്നത്. തങ്ങളുടെ ശത്രുരാജ്യങ്ങളുടെ ഉപഗ്രഹങ്ങളെ പിടിച്ചെടുക്കുന്ന സാറ്റലൈറ്റുകള്‍ ചൈന നിര്‍മിക്കുന്നതായി കഴിഞ്ഞ ഡിസംബറില്‍ തന്നെ വാര്‍ത്തകളുണ്ടായിരുന്നു.