Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒടുവില്‍ ഗവേഷകര്‍ കണ്ടെത്തി നോഹയുടെ ‘കപ്പൽ’? രഹസ്യ തെളിവ് ഒളിപ്പിച്ച് തുര്‍ക്കിയിലെ പര്‍വതനിരകള്‍

ship-noha

ലോകത്തിലെ എല്ലാ ജീവജാലങ്ങളും ഉള്‍പ്പെട്ട ഒരു ഭീമന്‍ പേടകം. ദൈവം സൃഷ്ടിച്ച പ്രളയത്തിലൂടെ നാളുകളോളം അതൊഴുകി നീങ്ങി. ഒടുവില്‍ തുര്‍ക്കിയിലെ അറാറത്ത് പര്‍വത നിരകള്‍ക്കു മുകളില്‍ ഉറച്ചു. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പു നടന്നതെന്നു ലോകം വിശ്വസിക്കുന്ന നോഹയുടെ പേടകത്തിന്റെ യാത്രാവഴിയാണിത്. എന്നാല്‍ വിശ്വാസമല്ല, നോഹയുടെ പേടകം അറാറത്തിലെത്തിയതു സത്യമാണെന്നു തെളിയിക്കാന്‍ പലരും വര്‍ഷങ്ങളായി ഗവേഷണം നടത്തുന്നു. അതും പല സംഘങ്ങളായി പിരിഞ്ഞ്്, ഒട്ടേറെ പണം ചെലവിട്ട്.

ഏഴു വര്‍ഷം മുന്‍പ് തുര്‍ക്കിയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ളൊരു ഇവാഞ്ചലിക്കല്‍ ഗവേഷകസംഘം നിര്‍ണായകമായൊരു കണ്ടെത്തല്‍ നടത്തിയിരുന്നു. നോഹയുടെ പേടകത്തിന്റെ അവശിഷ്ടങ്ങള്‍ അവര്‍ കണ്ടെത്തിയെന്നായിരുന്നു. അറാറത്തില്‍ 13,000 അടി ഉയരത്തിലായിരുന്നു പേടകത്തിന്റേതിനു സമാനമായ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മരം കൊണ്ടു തയാറാക്കിയ കപ്പലിനു സമാനമായ രൂപത്തിന്റെ അവശിഷ്ടങ്ങളാണ് അതെന്നായിരുന്നു ഗവേഷകരുടെ അവകാശവാദം. അത്രയും ഉയരത്തില്‍ എങ്ങനെ കപ്പല്‍ എത്തി എന്നായിരുന്നു അതോടെ സംശയമുയര്‍ന്നത്. തുടര്‍ന്ന് കാര്‍ബണ്‍ ഡേറ്റിങ് പരിശോധന നടത്തി. 

Mount-Ararat

4800ഓളം വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ് ആ അവശിഷ്ടങ്ങളെന്നായിരുന്നു കണ്ടെത്തല്‍. അങ്ങനെയാണ് അതു നോഹയുടെ പേടകം തന്നെയാണെന്ന് പര്യവേക്ഷകസംഘം ഉറപ്പിച്ചത്. എന്നാല്‍ ശാസ്ത്രജ്ഞര്‍ ആ അവകാശവാദത്തെ യാതൊരു ദാക്ഷിണ്യവുമില്ലാതെ തള്ളിക്കളയുകയാണു ചെയ്തത്. ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ ചരിത്രവിഭാഗം അധ്യാപകനായ നിക്കോളാസ് പഴ്‌സല്‍ അതിനുള്ള കാരണവും വ്യക്തമാക്കി. ആ വാദം ഇങ്ങനെ: നോഹയുടെ പേടകത്തെ തുര്‍ക്കിയിലെ ഏറ്റവും വലിയ പര്‍വതത്തിനു മുകളിലെത്തിക്കണമെങ്കില്‍ യൂറേഷ്യയെ 12,000 അടി മൂടുന്ന വിധത്തില്‍ വെള്ളപ്പൊക്കമുണ്ടായിരുന്നിരിക്കണം. എന്നാല്‍ ആ വെള്ളപ്പൊക്കം ഉണ്ടായിരുന്നെങ്കില്‍ പിന്നെങ്ങനെയാണ് ഈജിപ്ഷ്യന്‍, മെസപ്പൊട്ടോമിയന്‍ സംസ്‌കാരങ്ങളെല്ലാം യാതൊരു പ്രശ്‌നവുമില്ലാതെ നിലനിന്നതെന്നാണു ചോദ്യം. 

മറ്റൊരു ചോദ്യം മുന്നോട്ടു വച്ചത് ബ്രിട്ടിഷ് ആര്‍ക്കിയോളജിസ്റ്റായ മൈക്ക് പിറ്റ് ആണ്. ഇത്രയും ഭീകരമായ വെള്ളപ്പൊക്കം 4800 വര്‍ഷം മുന്‍പ് ഉണ്ടായിട്ടുണ്ടെങ്കില്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും അതിന്റേതായ ഭൂമിശാസ്ത്രപരമായ മാറ്റങ്ങളുണ്ടാകേണ്ടതാണ്. എന്നാല്‍ ഇന്നേവരെ അത്തരമൊരു മാറ്റം എവിടെ നിന്നും കണ്ടെത്താനായിട്ടില്ല. പഴയ പര്യവേഷണം തകര്‍ന്നയിടത്തു നിന്നായിരുന്നു പുതിയ കലിഫോര്‍ണിയന്‍ സംഘത്തിന്റെ ഗവേഷണം. പ്രളയത്തിന്റേതായ ലക്ഷണങ്ങള്‍ അറാറാത്ത് മലനിരകളിലുണ്ടോ എന്നാണ് സംഘം പ്രധാനമായും അന്വേഷിച്ചത്. എന്നാല്‍ നിര്‍ണായകമായ കണ്ടെത്തല്‍ തങ്ങള്‍ നടത്തിയെന്നാണ് ഗവേഷകരിപ്പോള്‍ പറയുന്നത്. 

ലോകമെമ്പാടുമുള്ള നൂറോളം ഗവേഷകരാണ് നോഹയുടെ പേടകം സംബന്ധിച്ച സിംപോസിയത്തില്‍ പങ്കെടുക്കാനായി അറാറത്തിലെത്തിയത്. പേടകം എവിടെയാണുറച്ചിരിക്കുന്നതെന്ന് കണ്ടെത്തുക മാത്രമല്ല ഇവരുടെ ലക്ഷ്യം. പ്രളയത്തെത്തുടര്‍ന്ന് പര്‍വതത്തില്‍ ഭൂമിശാസ്ത്രപരമായ എന്തെങ്കിലും മാറ്റങ്ങളുണ്ടായിട്ടുണ്ടോ എന്നുകൂടിയാണ്. ജിയോസയന്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിനാണ് ഗവേഷണച്ചുമതല. ദൈവം സൃഷ്ടിച്ചതെന്നു കരുതുന്ന വെള്ളപ്പൊക്കം പ്രകൃതിയിലുണ്ടാക്കിയ മാറ്റങ്ങള്‍ കണ്ടെത്തുകയെന്നതാണ് ഗവേഷണത്തിന്റെ പ്രധാന ലക്ഷ്യമെന്നും ഇന്‍സ്റ്റിറ്റിയൂട്ട് പ്രഫസര്‍ റോള്‍ എസ്പരാന്റെ പറയുന്നു. 

noha

പ്രഥമിക അന്വേഷണത്തില്‍ തങ്ങളുടെ ഗവേഷണത്തെ സാധൂകരിക്കുന്ന തെളിവുകളുടെ ചെറുസൂചനകള്‍ ലഭിച്ചിട്ടിണ്ടെന്നും ഇദ്ദേഹം പറയുന്നു. എന്നാല്‍ ഒരിക്കല്‍ തങ്ങളെ തറപറ്റിച്ച ശാസ്ത്രജ്ഞര്‍ക്ക് കൃത്യമായ തെളിവുകള്‍ നല്‍കുകയാണു ഗവേഷകരുടെ ലക്ഷ്യം. ഗവേഷണം പൂര്‍ത്തിയായാല്‍ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് ജനങ്ങളിലേക്കെത്തിക്കുമെന്നും അവരുടെ വാക്കുകള്‍.