നിങ്ങളുടെ ഡേറ്റ ചോർന്നോ, നാളെ അറിയാം; ഞങ്ങൾ അത്തരക്കാരല്ലെന്ന് വാട്സാപ്പ്

ഉപയോക്താക്കൾ ഏതൊക്കെ ആപ്ലിക്കേഷനുകളാണ് ഫെയ്സ്ബുക്കിൽ ഉപയോഗിക്കുന്നതെന്നും എന്തൊക്കെ വിവരങ്ങളാണ് അവയുമായി പങ്കുവയ്ക്കുന്നതെന്നും അറിയിച്ചുള്ള നോട്ടിഫിക്കേഷൻ, ഫെയ്സ്ബുക് തിങ്കളാഴ്ച എല്ലാവർക്കും അയയ്ക്കും. കേംബ്രിജ് അനലിറ്റിക്ക വിവരങ്ങൾ ചോർത്തിയ, 8.7 കോടി ഉപയോക്താക്കൾക്ക് അതു സംബന്ധിച്ച വിശദമായ സന്ദേശവും നൽകും.

ഇല്ല, ഞങ്ങൾ അത്തരക്കാരല്ല: വാട്സാപ് 

ഉപയോക്താക്കളുടെ നാമമാത്ര വിവരങ്ങൾ മാത്രമേ ശേഖരിക്കാറുള്ളൂവെന്നും രണ്ടുപേർ തമ്മിൽ കൈമാറുന്ന സന്ദേശങ്ങൾ മൂന്നാമതൊരാൾക്ക്, കമ്പനിക്കുപോലും ലഭ്യമാകില്ലെന്നും വാട്സാപ്. ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങൾ ചോർന്നതിന്റെ പേരിൽ പ്രതിക്കൂട്ടിലുള്ള ഫെയ്സ്ബുക്കിനു പിന്നാലെ, ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ്പിനെതിരെയും ആരോപണമുയർന്നിരുന്നു. 

ഈ സാഹചര്യത്തിലാണ് അധികൃതരുടെ വിശദീകരണം. ‘നിങ്ങളെയോ നിങ്ങളുടെ സന്ദേശങ്ങളെയോ ഞങ്ങൾ പിന്തുടരുന്നില്ല. ഉപയോക്താക്കളുടെ സ്വകാര്യതയും സുരക്ഷിതത്വവുമാണു ഞങ്ങൾക്കു പ്രധാനം’– വാട്സാപ് വക്താവ് പറഞ്ഞു.