പരസ്യം വേണ്ടെങ്കിൽ ഫെയ്സ്ബുക്ക് പണം വാങ്ങും, വേറെ വഴിയില്ലെന്ന് ഷെറില്‍

സൗജന്യമായി ഉപയോഗിക്കാവുന്ന സോഷ്യല്‍മീഡിയ സൈറ്റാണ് ഫെയ്സ്ബുക്ക് എന്ന ധാരണ തെറ്റാണെന്ന് തെളിയുന്നു. ഉപഭോക്താക്കളുടെ ചെറുതും വലുതുമായ സ്വകാര്യ വിവരങ്ങള്‍ വില്‍പ്പനയ്ക്ക് വെച്ചാണ് ഫെയ്സ്ബുക്ക് 'സൗജന്യ സേവനം' നടത്തുന്നതെന്ന് കേംബ്രിജ് അനലിറ്റിക്ക വിവാദത്തോടെ തെളിഞ്ഞതാണ്. അക്കാര്യത്തിന് അടിവരയിടുന്ന പ്രസ്താവനയാണ് ഫെയ്സ്ബുക്ക് സിഒഒ ഷെറില്‍ സാന്‍ഡ്ബര്‍ഗ് നടത്തിയിരിക്കുന്നത്. 

എന്‍ബിസിയുടെ ടുഡേ ഷോയിലാണ് ഫെയ്സ്ബുക്ക് സിഒഒ ഷെറില്‍ സാന്‍ഡ്ബര്‍ഗിന്റെ വെളിപ്പെടുത്തലുകള്‍. ഉപഭോക്താക്കളുടെ ഫോണ്‍ നമ്പറുകളും വിലാസവും സന്ദേശങ്ങളും അടക്കമുള്ള നിരവധി സ്വകാര്യ വിവരങ്ങള്‍ ഫെയ്സ്ബുക്ക് ശേഖരിക്കുന്നുണ്ട്. ഇത്തരത്തില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ലോകമെങ്ങുമുള്ള വിവിധ കമ്പനികള്‍ക്ക് ഫെയ്സ്ബുക്ക് കൈമാറുകയും ചെയ്യുന്നുണ്ട്. അത്തരത്തില്‍ കൈമാറ്റം ചെയ്യപ്പെടുന്ന വിവരങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനമാണ് സൗജന്യ സേവനമായി ഫെയ്സ്ബുക്കിനെ നിലനിര്‍ത്തുന്നതെന്നും ഇതല്ലാതെ വെറെ വഴിയില്ലെന്നുമാണ് ഷെറില്‍ സാന്‍ഡ്ബര്‍ഗ് വ്യക്തമാക്കുന്നത്. 

ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്ക് പ്രൈവസി സെറ്റിംങ്‌സില്‍ മാറ്റം വരുത്തി എന്തൊക്കെ വിവരങ്ങള്‍ മറ്റുള്ളവര്‍ കാണാമെന്ന് തീരുമാനിക്കാവുന്നതാണ്. എന്നാല്‍ ഇതിനര്‍ഥം നമ്മുടെ വിവരങ്ങള്‍ ഫെയ്സ്ബുക്കിന് അറിയില്ലെന്നോ ഫെയ്സ്ബുക്ക് മറ്റാരുമായോ പങ്കുവെക്കില്ലെന്നോ അല്ല. ഫെയ്സ്ബുക്കിലെ പരസ്യം പൂര്‍ണ്ണമായും ഒഴിവാക്കണമെങ്കില്‍ നിശ്ചിത തുക ഫീസായി നല്‍കേണ്ടി വരുമെന്നാണ് സാന്‍ഡ്ബര്‍ഗ് അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. 

എന്നാല്‍ ഇതിനര്‍ഥം നിങ്ങളുടെ വിവരങ്ങള്‍ ഫെയ്സ്ബുക്ക് വില്‍ക്കുന്നു എന്നല്ലെന്ന് അവകാശപ്പെടുന്ന ഷെറില്‍ ഫെയ്സ്ബുക്കിന്റെ സൗജന്യ സേവനം ഉപഭോക്താക്കളുടെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണെന്ന് സമ്മതിക്കുകയും ചെയ്യുന്നുണ്ട്. കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തില്‍ മാത്രം ഫെയ്സ്ബുക്ക് ഉപയോഗിക്കുന്ന 8.7 കോടി പേരുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടുവെന്നാണ് വെളിപ്പെട്ടത്. ഇതില്‍ 5.62 ലക്ഷം പേര്‍ ഇന്ത്യക്കാരാണ്. 

തങ്ങളുടെ സ്വകാര്യതാ നയം പരിഷ്‌കരിച്ചു കൊണ്ടിരിക്കുകയാണെന്ന ഫെയ്സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ വാക്കുകള്‍ ഷെറിലും ആവര്‍ത്തിക്കുന്നുണ്ട്. അതിനിടെ ഇപ്പോള്‍ വന്നതിനേക്കാള്‍ കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരാന്‍ പോലും സാധ്യതയുണ്ടെന്നും ഷെറില്‍ സാന്‍ഡ്ബര്‍ഗ് സമ്മതിക്കുന്നു.