രാത്രി താമസിച്ച ഹോട്ടലിന്റെ പേര് വെളിപ്പെടുത്തില്ല, ആർക്കൊക്കെ മെസേജ് അയച്ചുവെന്നും

അമേരിക്കൻ കോൺഗ്രസ് കമ്മിറ്റിയെ നേരിട്ട ഫെയ്സ്ബുക്ക് മേധാവി മാർക്ക് സക്കർബർഗ് നിസ്സാര ചോദ്യങ്ങളിൽ നിന്നു പോലും ഒഴിഞ്ഞമാറി. കോടാനുകോടി ജനങ്ങളുടെ സ്വകാര്യത സൂക്ഷിക്കുകയും വേണ്ടപ്പെട്ടവർക്ക് വില്‍ക്കുകയും ചെയ്യുന്ന ഫെയ്സ്ബുക്ക് മുതലാളി തന്റെ സ്വകാര്യതയെ ബാധിക്കുന്ന ചെറിയ വിവരങ്ങൾ പോലും വെളിപ്പെടുത്തിയില്ല. 

എല്ലവാരുടെയും ചെയ്തികള്‍ നിരന്തരം നിരീക്ഷിക്കുന്നുവെന്ന ആരോപണം കേള്‍ക്കുന്ന സക്കര്‍ബര്‍ഗിനോട് കഴിഞ്ഞ ദിവസം ചോദിച്ച രണ്ടു ചോദ്യങ്ങളും അവയ്ക്ക് അദ്ദേഹം നല്‍കിയ മറുപടിയും ഇപ്പോള്‍ നടക്കുന്നതെന്തു വിരോധാഭാസമാണെന്ന കാര്യം അടിവരയിടുന്നു. ഫെയ്സ്ബുക്ക് മുതലാളിയുടെ സ്വകാര്യതയ്ക്ക് വിലയുണ്ട്, എന്നാൽ പാവം ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് ഒരു വിലയുമില്ലെന്നാണ് ഇതിൽ നിന്ന് വ്യക്തമായത്.

സെനറ്റര്‍ ഡിക് ഡേബിൻ ചോദിച്ചു, ഇന്നലെ രാത്രി താമസിച്ച ഹോട്ടലിന്റെ പേരു പറയുന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് വിമുഖതയുണ്ടോ? എന്നാൽ ഉണ്ട് എന്നാണ് സക്കർബർഗ് പറഞ്ഞത്. താന്‍ തലേദിവസം താമസിച്ച ഹോട്ടലിന്റെ പേരു വെളിപ്പെടുത്താന്‍ പോലും സക്കർബർഗ് എന്തു കൊണ്ടാണ് വിസമ്മതിച്ചത്. 

ഡേബിന്റെ അടുത്ത ചോദ്യം ഇതായിരുന്നു, കഴിഞ്ഞയാഴ്ച താങ്കള്‍ ആര്‍ക്കൊക്കെ മെസേജുകള്‍ അയച്ചു എന്നു വെളിപ്പെടുത്താമോ? ഞാന്‍ അതു പറയാതിരിക്കാന്‍ ആഗ്രഹിക്കുന്നു എന്നാണ് സക്കർബർഗ് പറഞ്ഞത്. സ്വകാര്യതയെ ഇത്രയും ഭയക്കുന്ന സക്കർബർഗ് ഉപയോക്താക്കളുടെ കാര്യത്തിൽ ഇനിയെങ്കിലും മികച്ച തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്.

ഫെയ്‌സ്ബുക്കിന് ഏതെങ്കിലും സർക്കാരില്‍ നിന്ന് എന്തെങ്കിലും സമണ്‍സ് (subpena) കിട്ടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്ന മറുപടിയാണ് സക്കർബർഗ് നല്‍കിയത്. എന്നാല്‍, വിശദാംശങ്ങള്‍ വെളിവാക്കാനും അദ്ദേഹം തയാറായില്ല.