Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലക്ഷ്മണരേഖ വരച്ച്, ഫെയ്‌സ്ബുക്കിന്റെ കണ്ണുകെട്ടി ഫയര്‍ഫോക്‌സ് കണ്ടെയ്‌നര്‍

firefox

പലരും ഫെയ്‌സ്ബുക്ക് വിട്ടു, ചിലര്‍ക്ക് ഫെയ്‌സ്ബുക്ക് പ്രേമം കുറഞ്ഞു. ചിലരെങ്കിലും സുരക്ഷിതമായ രീതിയില്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കാന്‍ സാധിക്കുമോ എന്ന് അന്വേഷിക്കുന്നു. അത്തരക്കാര്‍ക്കായി ഫയര്‍ഫോക്‌സ് ബ്രൗസര്‍, ഫെയ്‌സ്ബുക്കിനു ചുറ്റും ലക്ഷ്മണരേഖ വരച്ച് ഒതുക്കുന്നു. 

നിങ്ങള്‍ ആപ്പിലാണ് ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നതെങ്കില്‍ എപ്പോഴും ഫെയ്‌സബുക്കിന്റെ 'നോട്ടപ്പുള്ളി' ആയിരിക്കും. അത്തരക്കാര്‍ക്ക് പുതിയ എക്സ്റ്റന്‍ഷന്‍ കൊണ്ട് ഒരു ഉപയോഗവും ഇല്ല. എന്നാല്‍ കംപ്യൂട്ടറില്‍ ഫയര്‍ഫോക്‌സ് ബ്രൗസറിലൂടെ ഫെയ്‌സ്ബുക്കില്‍ ലോഗ്-ഇന്‍ ചെയ്യുന്നവര്‍ക്കായിരിക്കും സുരക്ഷ ലഭിക്കുക. സ്വകാര്യതയ്ക്കു പേരുകേട്ട ലോകത്തെ ഏറ്റവും മികച്ച ബ്രൗസറുകളില്‍ ഒന്നായ മോസിലയാണ് സുരക്ഷയുമായി എത്തിയിരിക്കുന്നത്. 

കേംബ്രിജ് അനലിറ്റിക്ക വെളിപ്പെടുത്തലുകള്‍ നടന്ന ഉടനെ പ്രതികരിച്ച ഏതാനും കമ്പനികളില്‍ ഒന്നാണ് മോസില. ഫെയ്സ്ബുക്കുമായുള്ള ബന്ധം വിച്ഛേദിച്ചു എന്നതു കൂടാതെ, ഒരാഴ്ചയ്ക്കുള്ളില്‍ ഫെയ്‌സ്ബുക്കിനെ ബന്ധിക്കാനുള്ള വഴിയുമായാണ് അവര്‍ എത്തിയത്.

ഉപയോക്താവ് ഫെയ്‌സ്ബുക്കില്‍ ലോഗ്-ഇന്‍ ചെയ്ത ശേഷം നടത്തുന്ന ബ്രൗസിങ് മുഴുവന്‍ ഫെയ്‌സ്ബുക്ക് കാണുകയും ഉപയോക്താവിന്റെ സ്വഭാവം പഠിക്കാനായി രേഖപ്പെടുത്തുകയും ചെയ്യുന്നു എന്നാണല്ലോ കമ്പനിക്കെതിരെയുള്ള ആരോപണം. ഫയര്‍ഫോക്‌സ് കണ്ടെയ്‌നര്‍ ഇന്‍സ്‌റ്റോള്‍ ചെയ്തിട്ട്, ഫെയ്‌സ്ബുക്കില്‍ ലോഗിന്‍ ചെയ്ത ശേഷം നടത്തുന്ന ബ്രൗസിങ് ഒന്നും ഫെയ്‌സ്ബുക്കിനു കാണാനാവില്ല. ഇതാണ് കണ്ടെയ്‌നര്‍ കൊണ്ടുള്ള ഗുണം. ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴെ ഫെയ്‌സ്ബുക്കിന്റെ കുക്കികളും മറ്റും തുടച്ചു വൃത്തിയാക്കുകയും ചെയ്യും. ഇതിലൂടെ ഒരാളുടെ ഫെയ്‌സ്ബുക്ക് ആക്ടിവിറ്റി മാത്രമെ ഫെയ്‌സ്ബുക്കിനു രേഖപ്പെടുത്താനാകൂ എന്നാണ് മോസില പറയുന്നത്. എക്‌സ്‌റ്റെന്‍ഷന്‍ എങ്ങനെ ഇന്‍സ്‌റ്റാള്‍ ചെയ്യണമെന്നു കാണിക്കുന്ന വിഡിയോ കാണ്ടു നോക്കൂ.

കണ്ടെയ്‌നര്‍ സുരക്ഷ വേണമെന്നുള്ള ഫെയ്സ്ബുക്ക് പ്രേമികള്‍, ഫയര്‍ഫോക്‌സ് ഉപയോഗിക്കുന്നവരാണെങ്കില്‍ ഈ ലിങ്കില്‍ കയറി  ഫെയ്‌സ്ബുക്ക് കണ്ടെയ്‌നര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ഇതിലൂടെ ഫെയ്‌സ്ബുക്കിനെ ഫയര്‍ഫോക്‌സ് ഒറ്റപ്പെടുത്തും. ഫയര്‍ഫോക്‌സ് ബ്രൗസര്‍ ഉപയോഗിക്കാത്തവരാണെങ്കില്‍ ആദ്യം ബ്രൗസര്‍ ഇന്‍സ്‌റ്റാള്‍ ചെയ്ത ശേഷം കണ്ടെയ്‌നര്‍ ഇന്‍സ്‌റ്റാള്‍ ചെയ്യുക. നിലവില്‍ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലെ ഫയര്‍ഫോക്‌സില്‍ ഇതു ലഭ്യമല്ല. ഇതു കൂടാതെ മോസിലയ്ക്ക് മള്‍ട്ടി-അക്കൗണ്ട് കണ്ടെയ്‌നറുകളും ഉണ്ട്. ഓരോ സൈറ്റിന്റെയും കുക്കികള്‍ കണ്ടെയ്‌നറിലാക്കും. അതിലൂടെ ഉപയോക്താവ് എവിടെയെല്ലാം പോയി എന്നതിന്റെ രൂപരേഖ തയാറാക്കന്‍ മറ്റു വെബ്‌സൈറ്റുകള്‍ക്ക് ആകില്ല.

തങ്ങളുടെ ഉപയോക്താക്കളുടെ സുരക്ഷയെക്കുറിച്ച് ഇനിയും ധാരാളം പഠിക്കാനുണ്ടെന്നാണ് ഫയര്‍ഫോക്‌സ് പറയുന്നത്. എന്നാലും ഡീഫോള്‍ട്ട് സെറ്റിങ്‌സില്‍ വെബ്‌സൈറ്റുകള്‍ക്ക് കിട്ടിയിരുന്ന ഡേറ്റാ ചാകര കുറയ്ക്കാനാകും തങ്ങളുടെ കണ്ടെയ്‌നറുകള്‍ക്ക് എന്നാണ് ഫയര്‍ഫോക്‌സ് പറയുന്നത്.

related stories