അവരുടെ കോൾ ചോർത്തിയോ? ‘ഇല്ല’, പിന്നിൽ ഗൂഢാലോചനയെന്ന് സക്കർബർഗ്

സ്വകാര്യ വിവര ചോര്‍ച്ചാ വിവാദം പുറത്തുവന്നതില്‍ പിന്നെ ഫെയ്സ്ബുക്കിന് നല്ല കാലമല്ല. നിരവധി ആരോപണങ്ങള്‍ ഫെയ്സ്ബുക്കിനും സ്വകാര്യതാ നയത്തിനുമെതിരെ ഉയര്‍ന്നു. ഫെയ്സ്ബുക്കില്‍ നല്‍കുന്ന കാര്യങ്ങള്‍ മാത്രമല്ല സംസാരം പോലും മൈക്രോഫോണ്‍ വഴി പിടിച്ചെടുത്ത് ഉപയോഗിക്കുന്നു എന്നതായിരുന്നു ഇത്തരത്തിലുള്ള വിവാദങ്ങളിലൊന്ന്. 

ഫെയ്സ്ബുക്കിലെ വിവര ചോര്‍ച്ചയെ തുടര്‍ന്ന് അമേരിക്കന്‍ സെനറ്റ് സമിതിക്ക് മുൻപാകെ ഹാജരായപ്പോൾ മാര്‍ക്ക് സക്കര്‍ബര്‍ഗിന് ഇങ്ങനെ ഒരു ചോദ്യം നേരിടേണ്ടി വന്നിരുന്നു. സെനറ്റര്‍ ഗാരി പീറ്റേഴ്‌സായിരുന്നു ഇക്കാര്യം ചോദിച്ചത്. 'മൊബൈല്‍ ഫോണുകളിലെ മൈക്രോഫോണ്‍ വഴി ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നവരുടെ കോളുകൾ ചോര്‍ത്തുന്നുണ്ടോ? ഉണ്ടോ, ഇല്ലയോ എന്ന് മാത്രം മറുപടി നല്‍കുക' എന്നായിരുന്നു ഗാരി പീറ്റേഴ്‌സ് ചോദിച്ചത്. ഉറക്കെയും ഉറച്ചതുമായ 'ഇല്ല' എന്നായിരുന്നു സക്കര്‍ബര്‍ഗ് നല്‍കിയ ഉത്തരം. 

സെനറ്റര്‍ അടുത്ത ചോദ്യത്തിലേക്ക് പോകാന്‍ ശ്രമിച്ചെങ്കിലും വിഷയം വിശദീകരിക്കാതെ സക്കര്‍ബര്‍ഗ് വിട്ടില്ല. 'സെനറ്റര്‍ ഇക്കാര്യത്തിലെ അവ്യക്തതകള്‍ നീക്കാന്‍ എന്നെ സഹായിക്കണം. മൈക്രോഫോണ്‍ വഴി വിവരങ്ങള്‍ ചോര്‍ത്തി അതിനനുസരിച്ചുള്ള പരസ്യങ്ങള്‍ കാണിക്കുന്നുവെന്നത് ആരുടേയോ ഗൂഢാലോചനാ നീക്കമാണ്. ഇത്തരം തിയറികൾ പ്രചരിപ്പിക്കാൻ ചിലര്‍ ശ്രമിക്കുന്നുണ്ട്. ഇതിന് യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ല'

'അതേസമയം മറ്റൊരു കാര്യം കൂടി വ്യക്തമാക്കാനുണ്ട്. സ്മാര്‍ട് ഫോണുകള്‍ ഉപയോഗിച്ച് വിഡിയോകള്‍ എടുക്കാനും പോസ്റ്റു ചെയ്യാനുമുള്ള സൗകര്യം ഫെയ്സ്ബുക്കിലുണ്ട്. അത്തരത്തില്‍ വിഡിയോ എടുക്കുമ്പോള്‍ ശബ്ദം ഉണ്ടെന്ന് ഉറപ്പുവരുത്താറുണ്ട്. അത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുന്നതിന് വേണ്ടി മാത്രമാണ്'–സക്കര്‍ബര്‍ഗ് വ്യക്തമാക്കി. 

രണ്ട് വര്‍ഷത്തോളമായി ഫെയ്സ്ബുക്ക് മൈക്രോഫോണ്‍ ഉപയോഗിച്ച് സംഭാഷണങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആരോപണം നിലവിലുണ്ട്. സുഹൃത്തുക്കളുമായി സംസാരിക്കുക മാത്രം ചെയ്ത വിഷയവുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ തങ്ങളുടെ ഫെയ്സ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടെന്ന ആരോപണവുമായി പലരും രംഗത്തെത്തുകയും ചെയ്തിരുന്നു. പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് മൈക്രോഫോണ്‍ വിവാദം വീണ്ടും ഉയര്‍ന്നുവന്നത്. നേരത്തെയും ഫെയ്സ്ബുക്ക് ഈ ആരോപണം തള്ളിക്കളഞ്ഞിട്ടുണ്ട്. ഒടുവില്‍ സക്കര്‍ബര്‍ഗ് തന്നെ നേരിട്ടെത്തി വ്യക്തമാക്കുന്നു ഞങ്ങള്‍ നിങ്ങളുടെ ശബ്ദം ഒളിച്ചിരുന്നു കേള്‍ക്കാറില്ലെന്ന്.