Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫെയ്സ്ബുക്കിന് ധിക്കാരമോ? ‘നിങ്ങളെ വിറ്റ് കാശുണ്ടാക്കും, വേണ്ടതെല്ലാം ചോർത്തും’

zuckerberg

ഫെയ്‌സ്ബുക്ക് പോലെയുള്ള ടെക് കമ്പനികള്‍ ഉപയോക്താവിനെ കുറിച്ചുള്ള കാര്യങ്ങള്‍ അയാളറിയാതെ എക്കാലത്തേക്കുമായി രേഖപ്പെടുത്തുന്നുണ്ടെന്ന ഗുരുതരമായ ആരോപണം പല വര്‍ഷങ്ങളായി സ്വകാര്യതയെ മാനിക്കുന്നവര്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍, അതിനൊരു ഔദ്യോഗിക സ്ഥിരീകരണം ലഭിക്കുന്നത് ഇപ്പോള്‍ മാത്രമാണ്. പുതിയ വിവാദങ്ങളുടെ വെളിച്ചത്തില്‍ ഫെയ്‌സ്ബുക്ക് അവരുടെ പുതിയ ഡേറ്റ പോളിസി വെളിപ്പെടുത്തിയിരിക്കുകയാണ്. ഫെയ്‌സ്ബുക്ക് എന്നെക്കുറിച്ച് അറിയുന്നത് എങ്ങനെയാണ്, എന്നെ ഉപയോഗിച്ച് പൈസയുണ്ടാക്കുന്നത് എങ്ങനെയാണ് തുടങ്ങിയ ചോദ്യങ്ങള്‍ക്കാണ് കമ്പനി ഉത്തരം നല്‍കിയിരിക്കുന്നത്.

ഏറ്റവും സുപ്രധാനമായ ഒരു ചോദ്യം ആദ്യം പരിശോധിക്കാം: എന്റെ ഡേറ്റ എങ്ങനെയാണ് ഫെയ്‌സ്ബുക്ക് സൂക്ഷിക്കുന്നത്?

നിങ്ങള്‍ ഫെയ്‌സ്ബുക്ക് ഡിലീറ്റ് ചെയ്യുകയാണെങ്കില്‍ - ഡീആക്ടിവേറ്റ് ചെയ്യുകയല്ല- നിങ്ങളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളും ഫോട്ടോകളും സ്റ്റാറ്റസ് അപ്ഡേറ്റുകളും ഡിലീറ്റ് ചെയ്യപ്പെടും. (എന്നാല്‍, ഇത് ഉപയോക്താവിനും മറ്റുള്ളവര്‍ക്കും കാണാത്ത വിധത്തില്‍ ആക്കുകയെ ഉള്ളൂ. ഫെയ്‌സ്ബുക്കിന്റെ ആര്‍ക്കൈവുകളില്‍ അവ സുരക്ഷിതമായി എക്കാലത്തേക്കുമായി പൂട്ടി വയ്ക്കപ്പെട്ടിരിക്കുമെന്നാണ് സ്വകാര്യതയെ മാനിക്കണമെന്നു പറയുന്നവര്‍ വാദിക്കുന്നത്). എന്നാൽ, ഇനി ഫെയ്സ്ബുക്ക് പറയുന്ന കാര്യമാണ് ഏറ്റവും പ്രാധാന്യമുള്ളത്- നിങ്ങളുടെ പോസ്റ്റുകളും മറ്റും ഡിലീറ്റ് ചെയ്യപ്പെടുമെങ്കിലും നിങ്ങളെക്കുറിച്ച് ഫെയ്‌സ്ബുക്ക് മറ്റു കേന്ദ്രങ്ങളില്‍ നിന്ന് (ഉദാഹരണം നിങ്ങളുടെ കൂട്ടുകാര്‍, ഫെയ്‌സ്ബുക്ക് ഒളിഞ്ഞു നോക്കിയ നിങ്ങളുടെ ബ്രൗസിങ്, ഒളിഞ്ഞു കേട്ട നിങ്ങളുടെ ഫോണ്‍ കോളുകള്‍) പഠിച്ച കാര്യങ്ങള്‍ ഫെയ്‌സ്ബുക്കിന് സൗകര്യമുള്ളിടത്തോളം കാലം സൂക്ഷിച്ചു വച്ചിരിക്കുമെന്ന് വളരെ ധാര്‍ഷ്ട്യത്തോടെ തന്നെ കമ്പനി ആദ്യമായി തുറന്നു സമ്മതിച്ചിരിക്കുന്നു.

ഇക്കാര്യത്തില്‍ എനിക്ക് എന്തെങ്കിലും ഫെയ്‌സ്ബുക്കിനോട് പറയാനാകുമോ?

പരമാവധി ചെയ്യാവുന്നത് സെറ്റിങ്‌സിൽ വരുത്താവുന്ന മാറ്റങ്ങളാണ്. എന്നാല്‍ ഡേറ്റാ ഖനനത്തിന്റെ കാര്യത്തില്‍ ഫെയ്‌സ്ബുക്കിന്റെ നയം ഏകപക്ഷീയമാണ്. നിങ്ങള്‍ക്കു വേണമെങ്കില്‍ ഫെയ്‌സ്ബുക്കില്‍ തുടരാം. ഞങ്ങള്‍ ഞങ്ങളുടെ പണി തുടരും. അല്ലെങ്കില്‍ പോകാം, എക്കാലത്തേക്കുമായി പ്രോഫൈല്‍ ഡിലീറ്റു ചെയ്ത്. ഫെയ്‌സ്ബുക്കില്‍ തുടരുന്ന ആരെയും നിരീക്ഷണ പരിധിയ്ക്കു വെളിയില്‍ നിറുത്തില്ല.

facebook-lite

എന്നെക്കുറിച്ച് എങ്ങനെയാണ് ഫെയ്‌സ്ബുക്ക് അറിയുന്നത്?

ഫെയ്‌സ്ബുക്ക് ഒരാളെക്കുറിച്ച് അറിഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഞെട്ടിപ്പിക്കുന്ന അളവിലാണെന്നാണ് പറയുന്നത്. ഒരാളുടെ രാഷ്ടീയ നിലപാടുകള്‍ മുതല്‍ പല വ്യക്തിഗത ഇഷ്ടാനിഷ്ടങ്ങള്‍ വരെ ഫെയ്‌സ്ബുക്കിന് അറിയാം. നിങ്ങളുടെ ഒരു സുഹൃത്തിനു മാത്രം അറിയാവുന്ന കാര്യം മറ്റുള്ളവര്‍ക്ക് അറിയണമെന്നില്ല. എന്നാല്‍, നിങ്ങള്‍ മറ്റുള്ളവരില്‍ നിന്ന് ഒളിച്ചുപിടിച്ച ആ ഒരു കാര്യം പോലും ഫെയ്‌സ്ബുക്കിന് അറിയാന്‍ സാധിക്കും. എല്ലാം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ശേഷിയില്‍ വിശകലന വിധേയമാക്കുകയാണ് കമ്പനി ചെയ്യുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റുകളും ചിത്രങ്ങളും വിഡിയോയും എല്ലാം ഒറ്റും. ഫെയ്‌സ്ബുക്കിലൂടെ നടത്തുന്ന നീക്കങ്ങളെല്ലാം കൃത്യമായി ട്രാക്കു ചെയ്യും. നിങ്ങള്‍ ലൈക്കു ചെയ്ത പോസ്റ്റു വരെ നിങ്ങളെക്കുറിച്ച് സംസാരിക്കും.

മറ്റ് ഏതുതരം ഡേറ്റയും ഫെയ്‌സ്ബുക്ക് റെക്കോർഡു ചെയ്യുന്നുണ്ട്. ഇവ ഒരാളുടെ ഫോൺ, കംപ്യൂട്ടർ, ടാബ് എന്നിവയിൽ നിന്നാണ് ശേഖരിക്കുന്നത്. നിങ്ങള്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ വേര്‍ഷന്‍ അടക്കമുള്ള കാര്യങ്ങള്‍ പഠനവിധേയമാണ്. നിങ്ങളുടെ ഡിവൈസില്‍ എത്ര ബാറ്ററി ബാക്കിയുണ്ട്, എത്ര സ്റ്റോറേജ് ബാക്കിയുണ്ടെന്നും. നിങ്ങള്‍ ഉപയോഗിക്കുന്ന നെറ്റ്‌വര്‍ക്കിലേക്കു കണക്ടു ചെയ്തിരിക്കുന്ന മറ്റ് ഉപകരണങ്ങളെക്കുറിച്ചു പോലും അവര്‍ പഠിക്കുമെന്ന് സമ്മതിച്ചിരിക്കുന്നു. (ഇതിനെയാണ് 'ഫിങ്ഗര്‍പ്രിന്റിങ്' എന്ന് കംപ്യൂട്ടര്‍ വിദഗ്ധര്‍ വിളിക്കുന്നത്. 

ഇതിലൂടെ ഒരിക്കലും ആളു മാറിപ്പോകാത്ത രീതിയില്‍ വീക്ഷിച്ചു കൊണ്ടിരിക്കാം. ഈ രീതി ഗൂഗിള്‍ അടക്കമുള്ള പല വെബ്‌സൈറ്റുകളും ഉപയോഗിക്കുന്നുണ്ട്.) ഈ ഫിങ്ഗര്‍പ്രിന്റ് നിങ്ങളുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലുമായി ബന്ധിപ്പിച്ചു കഴിയുമ്പോള്‍ അതിശക്തമായ ഒരു നീരീക്ഷണവലയം നിങ്ങള്‍ക്കു ചുറ്റും രൂപം കൊള്ളുന്നു. നിങ്ങള്‍ ഓരോ തവണയും ഇന്റര്‍നെറ്റില്‍ കടക്കുന്നതും അവിടെ ചെയ്യുന്ന മുഴുവന്‍ കാര്യങ്ങളും ഫെയ്‌സ്ബുക്കിനും മറ്റു കമ്പനികള്‍ക്കും ഈ വിധത്തില്‍ അറിയാനാകുന്നു എന്നതാണ് അറിഞ്ഞിരിക്കേണ്ട കാര്യം.

Facebook logo

ഫെയ്‌സ്ബുക്ക് എന്നെവച്ച് എങ്ങനെയാണ് പണമുണ്ടാക്കുന്നത്?

ഫെയ്‌സ്ബുക്കിന്റെ അപ്‌ഡേറ്റു ചെയത് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന 4,200 വാക്കുകളുള്ള പോളിസിയിലും അവര്‍ ആവര്‍ത്തിക്കുന്നത് നിങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഞങ്ങള്‍ ആര്‍ക്കും വില്‍ക്കുകയില്ല എന്നാണ്. പിന്നെയെങ്ങനെയാണ് 2017ല്‍ മാത്രം ഫെയ്‌സ്ബുക്ക് 40 ബില്ല്യന്‍ ഡോളര്‍ വരുമാനമുണ്ടാക്കിയത്? നിങ്ങളിലേക്ക് ഒരു പ്രവേശനമാര്‍ഗ്ഗം (access) തുറന്നിട്ടാണ് കമ്പനി കാശുണ്ടാക്കുന്നത്.

നിങ്ങളെക്കുറിച്ച് ശേഖരിച്ചിരിക്കുന്ന വിവരങ്ങള്‍- നിങ്ങളുടെ താത്പര്യങ്ങള്‍, പ്രവര്‍ത്തനം, കൂട്ടുകെട്ട് തുടങ്ങിയവ അടക്കമുള്ള കാര്യങ്ങള്‍ പഠിച്ച ശേഷം അവയിലൂടെ താത്പര്യത്തിന് അനുസരിച്ചുള്ള പരസ്യം നല്‍കുക വഴിയാണ് ലാഭം കൊയ്യുന്നതെന്നാണ് കമ്പനി പറയുന്നത്. ഫെയ്സ്ബുക്ക് നിങ്ങളെയും പരസ്യക്കാരെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു മധ്യവര്‍ത്തിയായി പ്രവര്‍ത്തിക്കുന്നു. (ഇത് അംഗീകരിക്കാമെങ്കില്‍ പോലും ഒരാള്‍ അറിയാതെ അയാളുടെ നീക്കങ്ങള്‍ എല്ലാം അറിയുന്നുവെന്ന കാര്യം പലരെ സംബന്ധിച്ചും അസ്വസ്ഥതയുളവാക്കുന്ന കാര്യമാണ്. കാരണം നാളെ ഫെയ്‌സ്ബുക്ക് സംഭരിച്ചു വച്ചിരിക്കുന്ന ഈ ഡേറ്റയ്ക്ക് എന്തും സംഭവിക്കാം.)

facebook-zuckerberg

ഇതു കൂടാതെയാണ് ഒരാളെയും അയാളുടെ സൗഹൃദങ്ങളെയും എല്ലാം പറ്റി മറ്റു കമ്പനികള്‍ക്ക് എളുപ്പം മനസ്സിലാക്കാന്‍ ഫെയ്‌സ്ബുക്ക് അനുവദിക്കുന്നത്. ഒരു പക്ഷേ, ഫെയ്‌സ്ബുക്ക് ഡേറ്റ വില്‍ക്കുന്നില്ലെന്നു വാദിക്കാമെങ്കിലും മറ്റു കമ്പനികള്‍ക്ക് വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തുന്നത് ഫെയ്‌സ്ബുക്ക് തടയുന്നില്ല. പന്ത് ഇപ്പോള്‍ ഉപയോക്താവിന്റെ കോര്‍ട്ടിലാണ്.

related stories