അടഞ്ഞ കണ്ണുകളെ തുറപ്പിക്കാൻ... ഇനി ആ വിഷമം മറന്നേക്കൂ...

Representative Image

അയ്യോ, എന്റെ കണ്ണടഞ്ഞു പോയി, ഒന്നു കൂടെ എടുക്കണേ... എന്ന് ഫോട്ടോ എടുക്കുമ്പോള്‍ പലരും പറയുന്നതു കേട്ടിട്ടുണ്ടാകുമല്ലൊ. ഗ്രൂപ്പ് ഫോട്ടോയില്‍ ചിലരുടെ കണ്ണടഞ്ഞു പോയതായി പിന്നീടു കണ്ടെത്തിയാലുള്ള വിഷമവും പറഞ്ഞറിയിക്കാന്‍ വയ്യ. ഇതെല്ലാം പഴങ്കഥയാക്കാനാണ് ഫെയ്‌സ്ബുക്കിന്റെ ശ്രമം. എടുത്ത ഫോട്ടോയിലെ അടഞ്ഞു പോയ കണ്ണുകള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ തുറക്കാമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

ഫെയ്‌സബുക്കിന്റെ ശാസ്ത്രജ്ഞര്‍ നിര്‍മിത ബുദ്ധിയെ കണ്ണടഞ്ഞു പോയവരുടെ തുറന്ന കണ്ണുകളുള്ള ഫോട്ടോകള്‍ ഫീഡു ചെയ്തു പഠിപ്പിച്ച ശേഷമാണ് അടഞ്ഞ കണ്ണുള്ള ഫോട്ടോ തുറപ്പിക്കുന്നത്. സാധാരണഗതിയില്‍ അയാളുടെ കണ്ണുകളും മുഖത്തെ പേശികളും എങ്ങനെയാണ് ഇരിക്കുക എന്നു മനസിലാക്കിയ ശേഷമാണ് എഐ കണ്ണ് കൃത്രിമമായി നിര്‍മിച്ചു തുറന്ന കണ്‍പോളയ്ക്കുള്ളില്‍ നിക്ഷേപിക്കുന്നത്.

2018ലെ അഡോബി ഫോട്ടോഷോപ് എലമെന്റ്‌സിലും സമാനമായ ഒരു ഫീച്ചര്‍ ഉണ്ട്. അതില്‍ കണ്ണു തുറന്നിരിക്കുന്ന ഒരു ഫോട്ടോയില്‍ നിന്ന് കോപ്പി ചെയതു വയ്ക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, ഫെയ്‌സ്ബുക്കിന്റെതുമായി തട്ടിച്ചു നോക്കിയാല്‍ ഇതു വളരെ അസ്വാഭാവികവും യാന്ത്രികവുമാണെന്നു കാണാം. വളരെ സ്വാഭാവികമായി തന്നെയാണ് ഫെയ്‌സ്ബുക്കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടഞ്ഞ കണ്ണു തുറപ്പിക്കുന്നത്.

ചിലപ്പോള്‍ വളരെ സ്വാഭാവികമായിത്തന്നെ ഫെയ്‌സ്ബുക്കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് കണ്ണു തുറപ്പിക്കാനാകും. എന്നാല്‍, എല്ലായിപ്പോഴും പൂര്‍ണ്ണത കൈവരാറില്ലെന്നും കാണാം. പക്ഷേ, അഡോബിയുടെ രീതി വളരെ യാന്ത്രികമാണ്. അതിനെ അപേക്ഷിച്ച് ഫെയ്‌സ്ബുക്കിന്റെ ശാസ്ത്രജ്ഞരുടെ മികവ് എടുത്തു പറയണം. ധ്യാനിച്ചിരിക്കുന്ന ഗാന്ധിജിയുടെ കണ്ണു തുറപ്പിച്ചതും ഫെയ്‌സ്ബുക് നല്‍കിയിട്ടുണ്ട്. കണ്ണട വച്ച ഫോട്ടോകള്‍ ശരിയാക്കുന്ന കാര്യത്തില്‍ കാര്യമായി വിജയിച്ചിട്ടില്ല എന്നാണ് വിലയിരുത്തല്‍. ആദ്യ ഘട്ടത്തില്‍ മാത്രം എത്തിനില്‍ക്കുന്ന ഈ രീതിയെ ഒരുപാടു കുറ്റം പറയാനില്ലെന്നു തോന്നും. കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം പ്രതീക്ഷിക്കാം.

എന്നാല്‍, ഫെയ്‌സ്ബുക്കിനെ പഴയതു പോലെ വിശ്വസിക്കാന്‍ പലരും തയാറല്ല. നിങ്ങളെക്കൊണ്ട് കണ്ടന്റ് ഷെയറു ചെയ്യിപ്പിക്കാന്‍ ഫെയ്‌സ്ബുക് എല്ലാ പ്രോത്സാഹനവും നടത്തുമെന്നാണ് ഇതേപ്പറ്റി റിപ്പോര്‍ട്ടു ചെയ്ത ദി വേര്‍ജ് പറയുന്നത്. ഈ ഫിച്ചര്‍ അവര്‍ വെബ്‌സൈറ്റിലോ ആപ്പിലൊ കൊണ്ടുവരാനുള്ള സാധ്യതയുണ്ടെന്നാണ് ദി വേര്‍ജ് പറയുന്നത്. 

ജെനറേറ്റീവ് അഡ്വേര്‍സറിയല്‍ നെറ്റ്‌വര്‍ക്ക് (generative adversarial network, GAN) എന്ന രീതിയാണ് ഫെയ്‌സ്ബുക്കിന്റെ ഗവേഷകര്‍ ഇവിടെ അനുവര്‍ത്തിച്ചിരിക്കുന്നത്. അഡോബിയും തങ്ങളുടെ സാമാഗ്രികള്‍ക്കു മൂര്‍ച്ച കൂട്ടുന്നു എന്നാണ് വാര്‍ത്തകള്‍ പറയുന്നത്. അതുപോലെ തന്നെ മറ്റൊരു സോഫ്റ്റ്‌വെയര്‍ കമ്പനിയായ പിക്‌സല്‍മേറ്ററും (Pixelmator) മെഷീന്‍ ലേണിങിലൂടെ ഫോട്ടൊ എഡിറ്റിങ് ആര്‍ക്കും പ്രാപ്യമായ ഒരു കലയാക്കാന്‍ ശ്രമിക്കുകയാണ്. വിഡിയോ എഡിറ്റിങും വളരെ എളുപ്പമാക്കാന്‍ കമ്പനികള്‍ മത്സരിക്കുകയാണ്. 

എന്നാല്‍ ഇതെല്ലാം സമൂഹത്തിന് വളരെ തലവേദനയുണ്ടാക്കിയേക്കാം. ഇതിലൂടെ എളുപ്പത്തില്‍ തെളിവുകള്‍ സൃഷ്ടിക്കകയോ മായിക്കുകയോ ഒക്കെ ചെയ്യാന്‍ സാധിച്ചേക്കും. കണ്ണു തുറപ്പിക്കുന്നത് താരതമ്യേന നിര്‍ദ്ദോഷമായ പ്രവര്‍ത്തിയാണ്. പക്ഷേ, കുഴപ്പിക്കുന്ന പ്രശ്‌നങ്ങള്‍ പിന്നാലെയുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കളി തുടങ്ങുന്നേയുള്ളു.

ഫൊട്ടോഗ്രഫിയും, ഫോട്ടോ എഡിറ്റിങും ആയിരിക്കും ഏറ്റവും ആദ്യം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനു വഴങ്ങുക എന്നും പറയുന്നു. ഭാവിയില്‍ പാടുപെട്ടു ഫൊട്ടോഗ്രഫി പഠിക്കേണ്ടിവരില്ല. എല്ലാം മനുഷ്യരെക്കാള്‍ നന്നായി എഐ ചെയ്‌തേക്കും! കൂടുതല്‍ അറിയാന്‍ ഫെയ്‌സ്ബുക്കിന്റെ പേജ് സന്ദര്‍ശിക്കാം.