Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവാക്കൾ രാത്രി മുഴുവൻ ടിക്ടോക്കിൽ, മുന്നിൽ കേരളം, കണക്കുകൾ പുറത്ത്

tiktok

കേവലം ഒരു വർഷം കൊണ്ട് ലോകം പിടിച്ചടക്കിയ സോഷ്യൽമീഡിയ വിഡിയോ ആപ്് ടിക് ടോക്കിന്റെ 2018 വിലയിരുത്തൽ റിപ്പോർട്ട് പുറത്തുവന്നു. ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ സന്ദർശകരുളളത് കേരളത്തിൽ നിന്നാണ്. ടിക് ടോക് വിഡിയോ നിർമാണത്തിലും കാണുന്നതിലും കേരളീയർ തന്നെയാണ് മുന്നിൽ. കഴിഞ്ഞ ഒരു വർഷത്തെ ഗൂഗിൾ സേർച്ചിങ് കണക്കുകളിലും ഇക്കാര്യം വ്യക്തമാണ്.

ടിക് ടോക് 2018 ഡേറ്റ പ്രകാരം രാത്രി 11 മുതല്‍ ഒരു മണി വരെയാണ് ഇന്ത്യയ്ക്കാർ വിഡിയോ കാണാനും പുതിയ വിഡിയോ പോസ്റ്റു ചെയ്യാനും സമയം കണ്ടെത്തുന്നത്. ടിക് ടോക് വിഡിയോ ആസ്വദിച്ച് ഉറങ്ങാൻ പോകുന്നത് യുവതീയുവാക്കളുടെ ഹോബിയായി മാറിയിരിക്കുകയാണ്. വാട്സാപ്, ഫെയ്സ്ബുക് ആപ്പുകളിൽ കുറഞ്ഞ സമയം ചിലവിട്ട് ടിക് ടോക് വിഡിയോ ആസ്വദിക്കാൻ കൂടുതൽ സമയം കണ്ടെത്തുന്നവരിൽ മുന്നിൽ ഇന്ത്യക്കാരാണ്. ഫിലിപ്പെയിൻസ്, തായ്‌ലൻഡ് ഉപയോക്താക്കൾ രാത്രി 8 മണിക്കാണ് വിഡിയോ കാണുന്നത്. സന്ദർശകർ കൂടുതലെത്തുന്നത് ശനി, ഞായർ ദിവസങ്ങളിലാണ്.

ഓരോ മാസവും ടിക് ടോകിലെത്തുന്നത് 50 കോടി പേരാണ്. ഇതിൽ 30 കോടിയും ചൈനയിൽ നിന്നാണ്. ശേഷിക്കുന്ന 20 കോടി അമേരിക്ക, ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നാണ്. 2018ൽ ഏറ്റവും കൂടുതൽ പേർ കണ്ടത് അമേരിക്കൻ ഗായികയായ ബേബി ഏരിയലിന്റെ ചാനലാണ്. ബേബി ഏരിയലിന് 2.9 കോടി ആരാധകരാണുള്ളത്. ഇതുവരെ 1760 വിഡിയോ പോസ്റ്റു ചെയ്തിട്ടുള്ള ബേബി ഏരിയലിന്റെ വിഡിയോകൾ ലൈക്ക് ചെയ്തിരിക്കുന്നത് 159.3 കോടി തവണയാണ്.

ടിക് ടോക് റിപ്പോർട്ട് പ്രകാരം ഇന്ത്യക്കാര്‍ കൂടുതൽ സന്ദർശനം നടത്തിയത് ശനി, ഞായർ ദിവസങ്ങളിലാണ്. 2018ൽ ഏറ്റവും കൂടുതല്‍ സമയം വിഡിയോ കാണാൻ സമയം കണ്ടെത്തിയതും ഇന്ത്യക്കാരാണ്. ഇന്ത്യയിൽ മലയാളികളാണ് മുന്നിട്ടു നിൽക്കുന്നത്. #1MillionAudition, #IndependenceDay എന്നിവയാണ് ഇന്ത്യയിൽ നിന്ന് ഹിറ്റായ ടിക് ടോക് ചലഞ്ചുകൾ.

ടിക് ടോക് സെർവറുകൾ ഏറ്റവും കൂടുതൽ പ്രവർത്തിക്കേണ്ടി വരുന്നത് ശനി, ഞായർ, അവധി ദിവസങ്ങളിലുമാണ്. മറ്റു സോഷ്യല്‍മീഡിയ ആപ്പുകളിൽ നിന്ന് വ്യത്യസ്തമാണിത്. ലോകത്തിലെ ഒട്ടുമിക്ക സെലിബ്രിറ്റികളും ടിക് ടോക്കിലും അക്കൗണ്ട് തുടങ്ങി കഴിഞ്ഞു. ഇന്ത്യയില്‍ നിന്ന് ഷാഹിദ് കപൂർ, ജാക്വിലിൻ ഫെർണാണ്ടസ്, ടൈഗർ ഷോറോഫ് തുടങ്ങി താരങ്ങൾ ടിക് ടോക്കിൽ ഇടംപിടിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ നിന്നുള്ള ടോപ് ക്രിയേറ്റേർസ് വാച്ച് ലിസ്റ്റിൽ നഗ്മ മിരാജ്ക്കർ, ഉന്നതി മൽഖാർകർ, പരാസ് തോമർ എന്നിവരാണ് ആദ്യ സ്ഥാനങ്ങളിലുള്ളത്. #DameTuCosita എന്ന ഹാഷ്ടാഗാണ് ഇന്ത്യയിൽ നിന്ന് ഒന്നാമതെത്തിയത്. മലയാളികളുടെ സ്വന്തം ഹാഷ്ടാഗ് #Oruadaarlove ആദ്യ അഞ്ചിൽ ഇടംപിടിച്ചു.

related stories