Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെഡ് അലർട്ട്: വാട്സാപ്പിലെ ശല്യക്കാരെ ഉടൻ പിടികൂടും

INDIA-WHATSAPP/

ജനപ്രിയ സോഷ്യൽമീഡിയ ആപ്ലിക്കേഷൻ വാട്സാപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. ഉപയോക്താക്കളുടെ എണ്ണം കൂടിയതോടെ പ്രചരിക്കുന്ന സന്ദേശങ്ങളുടെയും വിഡിയോ–ചിത്രങ്ങളുടെയും എണ്ണവും കുത്തനെ കൂടി. ഇന്റർനെറ്റ് ഓൺ ചെയ്താൽ നിരവധി സന്ദേശങ്ങളാണ് വാട്സാപ്പ് വഴി മൊബൈലിൽ എത്തുന്നത്. എന്നാൽ ഇതിൽ മിക്കതും നേരത്തെ വായിച്ചതോ കണ്ടതോ ആയിരിക്കും. ഇത്തരം ഫോർവേഡ് മെസേജുകളുടെ തള്ളിക്കയറ്റമാണ് വാട്സാപ്പിന്റെ ഏറ്റവും വലിയ ദുരന്തവും. എന്നാൽ ഇതിനു പരിഹാരം വരികയാണ്.

വ്യാജവാർത്തകളുടെ പ്രചരണവും ദുരുപയോഗവും തടയാൻ പുതിയ ഫീച്ചറുകളുമായി വാട്സാപ് രംഗത്ത്. സംശയകരമെന്ന് തോന്നുന്ന ലിങ്കുകൾ പരിശോധിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പു നൽകുന്ന സംവിധാനമാണ് വാട്സാപ്പിന്റെ 2.18.204 ബീറ്റ പതിപ്പിൽ പരീക്ഷിച്ചിട്ടുള്ളത്. പരീക്ഷണത്തിലുള്ള ഈ ഫീച്ചർ ഉടൻ തന്നെ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകും.

ഏതെങ്കിലും വെബ് സൈറ്റിലേക്കുള്ള ലിങ്ക് ഉപയോക്താവിലേക്ക് എത്തുമ്പോൾ അതിന്‍റെ ആധികാരികത വാട്സാപ് സ്വയം പരിശോധിക്കും. സംശയാസ്പദകരമായി എന്തെങ്കിലും കണ്ടെത്തുകയാണെങ്കിൽ അത് ഉപയോക്താവിന് കൈമാറും. ചുവന്ന ലേബല്‍ നൽകിയാണ് അപായ സൂചന ഉപയോക്താക്കളിലേക്ക് എത്തിക്കുക. വ്യാജ വെബ്സൈറ്റിലേക്കുള്ള ലിങ്കോ സ്പാമോ ആണെന്നാണ് ചുവന്ന ലേബൽ സൂചിപ്പിക്കുന്നത്. ഇത് അവഗണിച്ച് ഉപയോക്താവ് ലിങ്കിൽ ക്ലിക്ക് ചെയ്യുകയാണെങ്കിൽ ലിങ്കിന്‍റെ ആധികാരികതയില്‍ സംശയം പ്രകടമാക്കുന്ന സന്ദേശം ഒരിക്കൽ കൂടി ഉപയോക്താവിനെ തേടിയെത്തും.

വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നത് തടയാൻ മറ്റു ചില നടപടികളും വാട്സാപ് കൈകൊണ്ടിരുന്നു. ഫോർവേഡ് ചെയ്യുന്ന സന്ദേശങ്ങൾക്ക് ഫോർവേഡഡ് എന്ന ലേബൽ നൽകല്‍, സന്ദേശം അയക്കുന്നവരെ ബ്ലോക് ചെയ്യാൻ ഉപയോക്കൾക്ക് അവസരം നൽകൽ, ഒരു ഗ്രൂപ്പിനകത്ത് സന്ദേശം അയക്കുന്നതിൽ മറ്റ് അംഗങ്ങൾക്ക് മേൽ നിയന്ത്രണം ഏർപ്പെടുത്താൻ അഡ്മിനുള്ള അധികാരം തുടങ്ങിയ നീക്കങ്ങളുടെ തുടർച്ചയായാണ് പുതിയ ഫീച്ചറിന്റെ പരീക്ഷണം.