ജിയോഫോണിൽ വാട്സാപ് എത്തി; കിട്ടാൻ എന്തു ചെയ്യണം?

ജിയോഫോണിൽ വാട്സാപ് കിട്ടിതുടങ്ങി. സെപ്റ്റംബര്‍ 10 മുതലാണ് ജിയോ ഫോണുകളിൽ വാട്സാപ് ലഭിച്ചു തുടങ്ങിയത്. ജിയോ ഫോൺ വഴിയുള്ള സ്വകാര്യ മെസേജിങ്ങിനായി ജിയോ-kaiOS പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന വാട്സാപ്പിന്റെ പുതിയൊരു വേർഷനാണ് തയാറാക്കിയിരിക്കുന്നത്. വാട്സാപ് പൊതുവെ ഉറപ്പുവരുത്തുന്ന സ്വകാര്യത ജിയോ ഫോണിലും ലഭിക്കും. പുതിയ വേർഷൻ വാട്സാപ് വഴി ഫോട്ടോ, വിഡിയോ, വോയിസ് സന്ദേശങ്ങൾ അയക്കാം.

വാട്സാപ്പിന്റെ പുതിയ വേർഷൻ ജിയോ ഫോണിന്‍റെ ആപ്പ് സ്റ്റോറിൽ ലഭ്യമാണ്. ജിയോ ഫോൺ, ജിയോ ഫോൺ-2 ഉപഭോക്താക്കൾക്ക് ആപ്പ് സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാം. സെപ്റ്റംബര്‍ 20 ഓടെ രാജ്യത്തെ എല്ലാ ജിയോ ഫോണിലും വാട്സാപ് ലഭ്യമാക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

‘ജിയോ ഫോണിനെ ഉപഭോക്താക്കളുമായി മികച്ച രീതിയിൽ ബന്ധപ്പെടുത്താൻ തുടക്കം മുതൽ പിന്തുണ നൽകിയത് ഫെയ്സ്ബുക്കും അനുബന്ധ സേവനങ്ങളുമാണ്.’ റിലയൻസ് ജിയോ ഇൻഫോകോം ഡയറക്ടർ ആകാശ് അംബാനി ചൂണ്ടിക്കാട്ടി. ‘ആ ബന്ധത്തിന്‍റെ ഗുണഫലം ഇന്ന് ലോകത്തു വളരെ പ്രകടമാണ്. ഇതിനു തങ്ങൾ ഫെയ്സ്ബുക്കിനോടും വാട്സാപ്പിനോടും നന്ദി പറയുന്നു.’ ആകാശ് അംബാനി കൂട്ടിച്ചേർത്തു.

‘രാജ്യത്തെ ലക്ഷകണക്കിന് ജിയോ ഫോൺ ഉപഭോക്താക്കൾക്ക് ഇനി അഭിമാനപൂർവം വാട്സാപ്പ് പ്രൈവറ്റ് മെസേജിങ് സംവിധാനം ഉപയോഗിക്കാം. KaiOS പ്ലാറ്റഫോമിലുള്ള വാട്സാപ്പിലൂടെ രാജ്യത്തെ ഏതു തരം ജിയോഫോൺ ഉപഭോക്താക്കൾക്കും മികച്ച മെസേജിങ് അടക്കം സംവിധാനങ്ങൾ അനുഭവിച്ചറിയാനാകും.’ വാട്സാപ്പ് വൈസ് പ്രസിഡന്റ് ക്രിസ് ഡാനിയേൽസ് പറഞ്ഞു. ജിയോഫോണ്‍ അനുബന്ധമായ സംശയങ്ങള്‍ക്ക് ‘1991’ എന്ന ഹെല്‍പ് ലൈനില്‍ വിളിക്കാവുന്നതാണ്.

സേവനമാരംഭിച്ചു രണ്ടു വർഷത്തിനിടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന മൊബൈൽ സേവനമെന്ന റെക്കോഡ് ജിയോക്ക് സ്വന്തമാണ്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ജിയോ ഉപയോഗിക്കുന്നവരുടെ എണ്ണം 21.5 കോടിയിലെത്തി. രാജ്യത്തു 4ജി സേവനങ്ങൾ ഉപയോഗിക്കുന്ന മൂന്നിൽ രണ്ടു ഭാഗം പേരും കുറഞ്ഞ ചിലവിൽ രാജ്യാന്തര തലത്തിലുള്ള സംവിധാനങ്ങളുള്ള ജിയോ സേവനമാണ് ഉപയോഗിക്കുന്നത്.