Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറിഞ്ഞിരിക്കണം, ഫെയ്സ്ബുക് ലോഗിൻ സുരക്ഷിതമാക്കാനുള്ള എളുപ്പവഴികൾ

facebook-01

കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സുരക്ഷാ വീഴ്ച നടന്നിരിക്കുന്നതായും അഞ്ചു കോടി ഉപയോക്താക്കളുടെ ഡേറ്റ ചോര്‍ന്നിരിക്കാമെന്നും ഫെയ്‌സ്ബുക് സമ്മതിച്ചു കഴിഞ്ഞല്ലോ. ഒൻപതു കോടി ഉപയോക്താക്കളെ ഫെയ്‌സ്ബുക് തന്നെ ലോഗ്-ഔട്ട് ചെയ്ത് റീസെറ്റു ചെയ്യുകയും ചെയ്തു. 

നടന്ന സുരാക്ഷാ ലംഘനത്തില്‍ ഹാക്കര്‍ക്ക് ഉപയോക്താവെന്ന ഭാവേന ഉപയോക്താവിന്റെ അക്കൗണ്ടിൽ നിന്ന് വേണ്ട വിവരങ്ങള്‍ ചോര്‍ത്താം. ഉപയോക്താവ് സൈന്‍-ഇന്‍ ചെയ്തിട്ടുള്ള ഫെയ്‌സ്ബുക് ആപ്പുകളുടെ കാര്യത്തിലും ഇതു ബാധകമാണെന്നും കമ്പനി പറയുന്നു. പ്രശ്‌നം തങ്ങള്‍ പരിഹരിച്ചതായി കമ്പനി അവകാശപ്പെട്ടെങ്കിലും എന്താണ് സംഭവിച്ചതെന്നോ, ഉപയോക്താവിന് എന്തൊക്കെ നഷ്ടപ്പെട്ടെന്നോ പറയാന്‍ അവര്‍ തയാറായില്ല.

പ്രശ്‌നബാധിതരായ എല്ലാ ഉപയോക്താക്കളോടും അവരുടെ പാസ്‌വേഡ് റീസെറ്റ് ചെയ്യാന്‍ കമ്പനി ആവശ്യപ്പെട്ടു കഴിഞ്ഞു. എന്നാല്‍, നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ സംഭവിച്ചിട്ടില്ലെങ്കിലും, നിങ്ങളെ കമ്പനി ലോഗ്-ഔട്ട് ചെയ്യിച്ചിട്ടില്ലെങ്കിലും ചില കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് പറയുന്നത്.

ഏതെല്ലാം ഡിവൈസുകളിലാണ് നിങ്ങള്‍ ലോഗ്-ഇന്‍ ചെയ്തിരിക്കുന്നതെന്നും പരിശോധിക്കുക. അക്കൗണ്ട് ഉപയോഗിച്ച് ഏതെല്ലാം ഡിവൈസുകളിലാണ് ഫെയ്‌സ്ബുക്കില്‍ ലോഗ്-ഇന്‍ ചെയ്തിരിക്കുന്നതെന്നു പരിശോധിക്കലാണ് ആദ്യ പടി. ഡെസ്‌ക്ടോപ് ബ്രൗസറില്‍ ഫെയ്‌സ്ബുക്കില്‍ ലോഗ്ഇന്‍ ചെയ്യുക. സൈറ്റിങ്ങിലെത്തി സെക്യുരിറ്റി ലോഗിന്‍ ടാബ്‌സില്‍ (Security Login tabs) 'Where you are logged in' പരിശോധിക്കുക. (ഈ സെറ്റിങ്‌സ് ഐഒഎസിലെയും, ആന്‍ഡ്രോയിഡിലെയും ഫെയ്‌സ്ബുക് ആപ്പുകളിലും കിട്ടും.) അവിടെ നിങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കാത്ത ഏതെങ്കിലും ഉപകരണത്തിന്റെ പേരു കാണിക്കുന്നുണ്ടെങ്കിൽ അതെല്ലാം നീക്കം ചെയ്യുക. വര്‍ഷാവര്‍ഷം ഫോണും മറ്റും മാറുന്നവരാണെങ്കില്‍ ഉപയോഗിക്കാത്ത ഡിവൈസുകളില്‍ സൈന്‍-ഇന്‍ ചെയ്തിട്ടുണ്ടാവാനാണു വഴി. ഇനി, നിങ്ങളുടേതല്ലാത്ത ഏതെങ്കിലും ഒരു ഉപകരണം അവിടെ ലിസ്റ്റു ചെയ്തിട്ടുണ്ടെങ്കില്‍ 'Not You' ഓപ്ഷന്‍ സിലക്ടു ചെയ്യുക.

അടുത്തതായി സെക്യൂരിറ്റി ആന്‍ഡ് ലോഗിന്‍ (Security and Login) സെറ്റിങ്‌സില്‍ അലര്‍ട് ഫോര്‍ ഓള്‍ ലോഗിന്‍സ് (alerts for all logisn) ഓണ്‍ ചെയ്യുക. പിന്നീട് ആരെങ്കിലും നിങ്ങളുടെ അക്കൗണ്ടില്‍ ലോഗ്-ഇന്‍ ചെയ്താല്‍ അലര്‍ട്ട് ലഭിക്കും. 

ഫെയ്‌സ്ബുക്ക് തുടര്‍ന്നും ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കല്‍ റ്റു-ഫാക്ടര്‍ ഒതന്റിക്കേഷന്‍ സെറ്റ്-അപ് ചെയ്യുക. (ഇപ്പോഴെ ചെയ്തിട്ടുണ്ടെങ്കില്‍ ഒന്നും ചെയ്യേണ്ട.) ഇതും സെക്യൂരിറ്റി ആന്‍ഡ് ലേഗിന്‍ സെറ്റിങ്‌സില്‍ തന്നെ ചെയ്യാം. ഇതു ചെയ്യുമ്പോള്‍ റിക്കവറി കോഡുകള്‍ (recovery codes) സൂക്ഷിക്കുക. ഏതെങ്കിലും കാരണവശാല്‍ നിങ്ങളുടെ മൊബൈല്‍ ഫോണ്‍ കൈവശമില്ലാതെയാണ് ഇതു ചെയ്യുന്നതെങ്കില്‍ കോഡ്‌സ് ഉപകരിക്കും. ഓര്‍ക്കുക, കോഡ്‌സ് ഒറ്റത്തവണ മാത്രമെ ഉപയോഗിക്കാനാകൂ.