ഓരോ വ്യക്തിക്കും 8.15 ലക്ഷം നല്‍കേണ്ടി വരും? ഫെയ്സ്ബുക്കിന് വൻ തിരിച്ചടി

യൂറോപ്പിലെ പുതിയ ഡേറ്റാ സംരക്ഷണ നിയമത്തിന്റെ ( GDPR) പിന്‍ബലത്തില്‍ ഡേറ്റ നഷ്ടപ്പെട്ട ഉപയോക്താക്കള്‍ക്ക് ഫെയ്‌സ്ബുക് 'ആയിരക്കണക്കിനു ഡോളര്‍' നഷ്ടപരിഹാരം നല്‍കേണ്ടിവന്നേക്കാമെന്ന് വാര്‍ത്തകള്‍ പറയുന്നു. കഴിഞ്ഞയാഴ്ച ഏകദേശം 5 കോടി ഉപയോക്താക്കളുടെ ഫെയ്‌സ്ബുക് അക്കൗണ്ടുകളാണ് ഹാക്ക് ചെയ്യപ്പെട്ടതായി കമ്പനി അറിയിച്ചത്. 

പ്രശ്‌ന ബാധിതരായ ഒരോരുത്തര്‍ക്കും ഫെയ്‌സ്ബുക് കാശു നല്‍കേണ്ടി വരുമെന്നാണ് ഒരു കൂട്ടം നിയമവിദഗ്ധര്‍ പറയുന്നത്. ഇത് 11,000 ഡോളര്‍ (ഏകദേശം 8.15 ലക്ഷം രൂപ) വരെയാകാമെന്നും അവര്‍ കണക്കു കൂട്ടുന്നു. ജിഡിപിആര്‍ വരുന്നതിനു മുൻപായിരുന്നുവെങ്കില്‍, എന്തെങ്കിലും ധനനഷ്ടമൊക്കെ കാണിക്കാന്‍ സാധിച്ചാലെ കമ്പനിക്കെതിരെ കേസിനു പോകാന്‍ സാധ്യമാകുമായിരുന്നുള്ളു. ഇപ്പോള്‍ തനിക്ക് തന്റെ അക്കൗണ്ടു ഹാക്കു ചെയ്യപ്പെട്ടതില്‍ മനഃക്ലേശം അനുഭവപ്പെട്ടുവെന്നു പറഞ്ഞു പോലും കേസു കൊടുക്കാമത്രെ.

അഞ്ചു കോടി ആളുകളുടെ ഫെയ്‌സ്ബുക് അക്കൗണ്ട് ഹാക്കു ചെയ്യപ്പെട്ട് സംഭവത്തെ വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത് 'ദുരന്തം' എന്നാണ്. പ്രശ്‌നബാധിതരായ ഫെയ്‌സ്ബുക് ഉപയോക്താക്കളുടെ അക്കൗണ്ടുകളില്‍ കയറി അവരുടെ പ്രൊഫൈല്‍ കാണുകയോ, ഫ്രണ്ട് ലിസ്റ്റ് കോപി ചെയ്യുകയോ, ചിത്രങ്ങളും വിഡിയോയും എടുക്കുകയോ, സ്വകാര്യ മെസേജുകള്‍ ചോർത്തുകയോ ചെയ്യാം. 2007 മുതല്‍ ഫെയ്‌സ്ബുക്കില്‍ ഉണ്ടായിരുന്ന ഒരു ബഗാണ് ഇതിനു കാരണമായതെന്നാണ് അറിയുന്നത്.

പുതിയ ജിഡിപിആറന്റെ പരിധിയില്‍ വരുന്ന ഉപയോക്താക്കള്‍ക്ക് ഫെയ്‌സ്ബുക്കിനെതിരെ സിവില്‍ കേസ് നല്‍കാമെന്നാണ് നിയമ വിദഗ്ധന്‍ ഗാരെത് പോപ് പറയുന്നത്. ഓരോരുത്തരായി കോടതിയില്‍ പോകുന്നതിനു പകരം ഒറ്റക്കെട്ടായി കേസു ഫയലു ചെയ്യണമെന്നും അദ്ദേഹം പറയുന്നു. ഉപയോക്താവിന്റെ ഡേറ്റ സുരക്ഷിതമായി സൂക്ഷിക്കാന്‍ ഫെയ്‌സ്ബുക്കിനും മറ്റു കമ്പനികള്‍ക്കും ബാധ്യതയുണ്ട്. ഫെയ്‌സ്ബുക്കില്‍ നിന്നു കുറച്ചു കാശു പിഴിഞ്ഞെടുക്കാനുള്ള ഒരു അവസരമാണിതെന്നും അദ്ദേഹം പറയുന്നു.

ഗാരെത് പറയുന്നത് ജിഡിപിആറിന്റെ ആര്‍ട്ടിക്കിള്‍ 82 ( Article 82) പ്രകാരം എന്തെങ്കിലും തരം ക്ഷതമേറ്റാല്‍ പരാതിപ്പെടാന്‍ അവകാശമുണ്ട്. എന്നാല്‍ പ്രശ്‌നബാധിതര്‍ ഒത്തു ചേര്‍ന്ന് കോടതിയെ സമീപിക്കുന്നതാണ് ബുദ്ധിയെന്നും പറയുന്നു. 'ആയിരക്കണക്കിനു ഡോളര്‍' നഷ്ടപരിഹാരമായി കിട്ടാമെങ്കിലും ദശലക്ഷക്കണക്കിനു പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം പറയുന്നു. നിങ്ങളുടെ അക്കൗണ്ട് ഹാക്കു ചെയ്യപ്പെട്ടതുകൊണ്ട് എന്തെങ്കിലും നഷ്ടം നേരിട്ടിട്ടുണ്ടെങ്കില്‍ കൂടുതല്‍  പണം കിട്ടുകയും ചെയ്യാം.

'ആരോ നിങ്ങളുടെ ഡേറ്റ മോഷ്ടിച്ചു. അതാരാണെന്നു നിങ്ങള്‍ക്കറിയില്ല. ആ ഡേറ്റ എന്തു ചെയ്യപ്പെടുമെന്നും അറിയില്ല. അതുകൊണ്ട് എനിക്ക് വിഷമം തോന്നുന്നു,' എന്നു പറഞ്ഞും പരാതി കൊടുക്കാമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. ഇത് ബിസിനസ് വിശദാംശങ്ങളും മറ്റുമാണെങ്കില്‍ കൂടുതല്‍ പണം ചോദിക്കാനാകും.

എന്നാല്‍, ഫെയ്‌സ്ബുക് കോടതിയില്‍ പോകാതെ ഉപയോക്താക്കള്‍ക്ക് കാശു കൊടുക്കാനുള്ള സാധ്യതയുമുണ്ട്. 658 ബില്യന്‍ ഡോളറാണ് ഫെയ്‌സ്ബുക്കിന്റെ ഇപ്പോഴത്തെ ആസ്തി. അവര്‍ക്ക് ലോകത്തെ ഏറ്റവും ബുദ്ധിശാലികളായ ഉദ്യോഗസ്ഥരുടെയും നിയമജ്ഞരുടെയും സേവനവും ലഭ്യമാണ്. പരിധിയില്ലാത്ത ധനവും ശേഷിയും കൈയ്യിലുള്ളതുകൊണ്ട് അവര്‍ ഏതു രീതിയിലും കേസു തീര്‍ക്കാന്‍ ശ്രമിച്ചേക്കാമെന്നും പറയുന്നു.

ഇന്ത്യയിൽ പ്രശ്‌നബാധിതരുണ്ടെങ്കിലും ജിഡിപിആര്‍ പോലെയൊരു നിയമമില്ലാത്തതിനാല്‍ കേസിനു പോയാല്‍ എന്തും സംഭവിക്കും എന്നറിയില്ല. പക്ഷേ, അതൊരു സാധ്യതയാണ്.