Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫെയ്സ്ബുക്കിൽ സ്ത്രീകൾക്ക് പീഡനം; ഗര്‍ഭിണികൾക്കും രക്ഷയില്ല

Eliza-Khuner എലിസ ക്രൂനറും കുടുംബവും, സക്കർബർഗ്

ഗര്‍ഭിണിയാണെന്നറിഞ്ഞാല്‍ ജീവനക്കാര്‍ക്ക് 4,000 ഡോളര്‍ ബേബി ക്യാഷായി നല്‍കുന്ന സ്ഥാപനമാണ് ഫെയ്സ്ബുക്. അമ്മമാര്‍ക്ക് നാല് മാസത്തോളം ശമ്പളത്തോടെ അവധി നല്‍കുന്ന ഫെയ്സ്ബുക്കിന്റെ തീരുമാനവും വലിയ തോതില്‍ ആഘോഷിക്കപ്പെട്ടിരുന്നു. എന്നാല്‍ അത്രത്തോളം കുടുംബ സൗഹൃദമായ സ്ഥാപനമൊന്നുമല്ല ഫെയ്സ്ബുക്കെന്നാണ് ഉയരുന്ന ആരോപണം. ഫെയ്സ്ബുക്കിലെ മുന്‍ ജീവനക്കാരി തന്നെയാണ് പരസ്യമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ഒറ്റനോട്ടത്തില്‍ ഗംഭീരമെന്ന് തോന്നുന്ന ഈ അവധി നയങ്ങള്‍ പോലും അവരുടെ കുടുംബത്തിനും കുട്ടികള്‍ക്കും ആവശ്യമായ സമയത്ത് ചെലവഴിക്കുന്നതിന് പോലും തികയുന്നില്ലെന്നാണ് ഉയരുന്ന ആരോപണം. വീട്ടില്‍ നിന്നും ജോലി ചെയ്യുന്നതിനോ പാര്‍ട്ട് ടൈമായി ജോലിയെടുക്കുന്നതിനോ ഉള്ള അവസരം നല്‍കുന്നില്ലെന്നതും ഫെയ്സ്ബുക്കിനെതിരായ ആരോപണമായി ഉയര്‍ന്നിട്ടുണ്ട്. അമേരിക്കയിലെ പല കമ്പനികളും ഫെയ്സ്ബുക്കിനേക്കാള്‍ മികച്ച അവധി നയമുള്ളവരാണെന്നും വിമര്‍ശകര്‍ പറയുന്നു.

ഫെയ്സ്ബുക്കില്‍ നിന്നും കഴിഞ്ഞ ജൂലൈയില്‍ രാജിവെച്ച മുപ്പത്തിയെട്ടുകാരിയായ ഡേറ്റ സയന്റിസ്റ്റ് എലിസ ക്രൂനറാണ് ആരോപണം തുടങ്ങിവെച്ചത്. വീട്ടില്‍ നിന്നും ജോലി ചെയ്യാനോ പാര്‍ട്ട് ടെമായി ജോലിക്ക് വരാനോ ഉള്ള ആവശ്യം ഫെയ്സ്ബുക് തള്ളിയിരുന്നു. മകളെ പരിപാലിക്കുന്നതിന് കൂടുതല്‍ ശമ്പളമില്ലാത്ത അവധി നല്‍കണമെന്ന അപേക്ഷ പോലും നിരസിക്കപ്പെട്ടതോടെ ഇവര്‍ക്ക് മുന്നില്‍ രാജിയല്ലാതെ വേറെ വഴിയില്ലാതായി.

അമ്മമാര്‍ക്ക് എളുപ്പത്തില്‍ ജോലിയെടുക്കാവുന്ന സ്ഥാപനമല്ല ഫെയ്സ്ബുക്- എന്ന തലക്കെട്ടില്‍ കോളം ഫോര്‍ വിയേഡ് മാഗസിനില്‍ എഴുതിയ ലേഖനത്തിലാണ് എലിസ ഫെയ്സ്ബുക്കിനെതിരെ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. എലിസയുടെ വിമര്‍ശനങ്ങള്‍ക്ക് ഫെയ്സ്ബുക് മറുപടി നല്‍കിയില്ലെങ്കിലും സമാന അനുഭവങ്ങള്‍ പലരും പങ്കുവെക്കാന്‍ തയ്യാറായതോടെ വിവാദം വളരുകയായിരുന്നു.

കടുത്ത വിമര്‍ശനങ്ങളെ തുടര്‍ന്ന് അടുത്തിടെയാണ് അമേരിക്കയിലെ വന്‍കിട സ്വകാര്യ കമ്പനികളില്‍ പലതും ഗര്‍ഭകാല അവധിയുള്‍പ്പടെ കൂടുതലായി അനുവദിച്ചു തുടങ്ങിയത്. ഇത്തരത്തിലുള്ള കമ്പനികളില്‍ മുന്നിലാണ് ഫെയ്സ്ബുക്. എന്നാല്‍ യൂറോപ്പിലേയും കാനഡയിലേയും കമ്പനികളുടെ നയം താരതമ്യം ചെയ്താല്‍ ഇപ്പോഴും അമേരിക്കന്‍ കമ്പനികളില്‍ അമ്മമാര്‍ക്ക് ജോലിയെടുക്കാവുന്ന സാഹചര്യമല്ല ഉള്ളതെന്ന് എലിസ പറയുന്നു. ഗര്‍ഭകാലത്തെ അവസാന ദിവസങ്ങളില്‍ പോലും ഓഫിസിലേക്ക് പോകുന്ന, പ്രസവശേഷം പത്തു ദിവസത്തിനുള്ളില്‍ ജോലിക്ക് കയറുന്ന അമ്മമാര്‍ ഏറെയാണ്.

ഫെയ്സ്ബുക്കിലെ ലിംഗസമത്വത്തിനായി പോരാടുന്നവരെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചീഫ് ഓപറേറ്റിംങ് ഓഫീസര്‍ ഷെറില്‍ സാന്‍ഡ്ബര്‍ഗും ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷമാണ് ഫെയ്സ്ബുക്കിന്റെ പുതുക്കിയ അവധി നയം സാന്‍ഡ്ബര്‍ഗ് പ്രഖ്യാപിച്ചത്. കുടുംബത്തിലെ അംഗങ്ങളുടെ മരണത്തെ തുടര്‍ന്ന് 20 ദിവസം അവധി, കുടുംബാംഗങ്ങളെ പരിചരിക്കാന്‍ ആറ് ആഴ്ച ശമ്പളത്തോടെ അവധി, കുടുംബാംഗങ്ങള്‍ അസുഖബാധിതരായാല്‍ മൂന്നുദിവസത്തെ അവധി എന്നിങ്ങനെ നിരവധി ആകര്‍ഷണങ്ങള്‍ ആ നയത്തിലുണ്ടായിരുന്നു. അപ്പോഴും അമ്മമാര്‍ക്ക് നാല് മാസത്തെ അവധിയില്‍ കവിഞ്ഞ ഒന്നും ഫെസ്ബുക് പ്രഖ്യാപിച്ചിരുന്നില്ല.

കുഞ്ഞുങ്ങള്‍ ജനിക്കുകയോ ദത്തെടുക്കുകയോ ചെയ്താല്‍ ഏത് ലിംഗത്തില്‍ പെട്ടവര്‍ക്കും ഒരു വര്‍ഷത്തെ ശമ്പളത്തോടെയുള്ള അവധിയാണ് നെറ്റ്ഫ്ലിക്‌സ് നല്‍കുന്നത്. ദമ്പതികളില്‍ കുഞ്ഞുങ്ങളെ നോക്കുന്നവര്‍ക്ക് 26 ആഴ്ചത്തെ ശമ്പളത്തോടെയുള്ള അവധി സെയില്‍സ് ഫോഴ്‌സ് നല്‍കുന്നുണ്ട്. ദത്തെടുക്കുന്നവര്‍ക്ക് 12 ആഴ്ചയാണ് അവധി. അമേരിക്കയിലെ അമ്മമാര്‍ക്ക് 22-24 ആഴ്ചത്തെ ശമ്പളത്തോടെയുള്ള അവധിയും ജീവിതപങ്കാളിക്ക് 12 ആഴ്ചത്തെ ശമ്പളത്തോടെയുള്ള അവധിയുമാണ് ഗൂഗിള്‍ നല്‍കുന്നത്. യുകെയില്‍ ഗൂഗിള്‍ ജീവനക്കാരായ അമ്മമാര്‍ക്ക് 52 ആഴ്ചത്തെ അവധി നല്‍കുന്നുണ്ട്. രക്ഷകര്‍ത്താവിന് 12 ആഴ്ചയും അവധിയുണ്ട്. ഇത്തരത്തില്‍ ഒറ്റനോട്ടത്തില്‍ ഗംഭീരമെന്ന് തോന്നുന്ന ഫെയ്സ്ബുക്കിന്റെ അവധിനയം അമ്മമാര്‍ക്ക് അത്ര ഗുണമുള്ളതൊന്നുമല്ലെന്നാണ് എലിസയുടെ വിമര്‍ശനത്തിലൂടെ വ്യക്തമാകുന്നത്.

related stories