സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാൻ 'വ്യക്തതയില്ലാത്ത' നിയമവുമായി വാട്സാപ്

ജനപ്രിയ സോഷ്യൽമീഡിയ ആപ്ലിക്കേഷനായ വാട്സാപ്പിലെ സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാനുള്ള ഫീച്ചർ പരിഷ്കരിച്ചു. അയച്ച സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാനുള്ള സമയപരിധി നിലവിൽ ഒരു മണിക്കൂർ 8 മിനുറ്റ് 16 സെക്കന്റ് ആയിരുന്നു. ഇത് മാറ്റമില്ലാതെ തുടരും. എന്നാൽ നിങ്ങളയച്ച്, ഡിലീറ്റ് ചെയ്ത സന്ദേശം 13 മണിക്കൂർ, 8 മിനിറ്റ്, 16 സെക്കന്റ് കഴിഞ്ഞ് സ്വീകരിക്കുന്ന ഒരാൾക്ക് ലഭിക്കുകയും ചെയ്യും. പുതിയ ഫീച്ചറിനെക്കുറിച്ച് വ്യക്തതയില്ലാത്തത് ടെക് ലോകത്തെ മുഴുവൻ കുഴച്ചിരിക്കുകയാണ്.

കഴിഞ്ഞ ഡിസംബറിലാണ് ‘ഡിലീറ്റ് ഫോർ എവ്‍‌രിവൺ’ ഫീച്ചർ വാട്സാപ്പ് പരീക്ഷിക്കുന്നത്. തുടക്കത്തിൽ ഇത് കേവലം 7 മിനിറ്റ് മാത്രമായിരുന്നു. പിന്നീടാണ് സമയപരിധി ഒരു മണിക്കൂറിലധികമാക്കി കൂട്ടിയത്. എന്നാൽ ഇപ്പോഴത്തെ പരിഷ്കരണം എല്ലാവരിലും ആശങ്കയുണ്ടാക്കുന്നതാണ്. നിങ്ങൾ അയച്ച്, ഡിലീറ്റ് ചെയ്ത സന്ദേശം ഏതെങ്കിലുംവിധത്തിൽ സ്വീകർത്താവിന് ലഭിക്കുന്നത് 13 മണിക്കൂർ, 8 മിനിറ്റ്, 16 സെക്കന്റ് കഴിഞ്ഞാണെങ്കിൽ (ഉദാഹരണത്തിന് സ്വീകർത്താവിന്റെ ഫോൺ അത്രയും മണിക്കൂർ എന്തെങ്കിലും കാരണത്താൽ ഓഫായിരുന്നാൽ/നെറ്റ്‌വർക്ക് ഇല്ലാതിരുന്നാൽ) ആ സന്ദേശം അയാൾക്ക് ലഭ്യമാകും.

ഫലത്തിൽ ‘ഡിലീറ്റ് ഫോർ എവ്‍‌രിവൺ’ എന്ന ഫീച്ചറിൽ വാട്സാപ് നിയന്ത്രണങ്ങളേർപ്പെടുത്തിയെന്നു വേണം കരുതാൻ. ഗ്രൂപ്പുകളിൽ ഒരു സന്ദേശം നിരവധി പേർക്ക് കിട്ടും. ചിലര്‍ മെസേജ് കണ്ടിരിക്കാം, ചിലർ വാട്സാപിൽ സജീവമായിരിക്കില്ല. അവർ കാണുന്നത് ഒരു ദിവസം കഴിഞ്ഞാണെങ്കിൽ നിങ്ങൾ ഡിലീറ്റ് ചെയ്ത സന്ദേശവും അവർക്ക് ലഭിക്കും. പുതിയ ഫീച്ചർ എല്ലാ വാട്സാപ് ഉപയോക്താക്കൾക്കും ലഭ്യമാക്കിയിട്ടുണ്ടോയെന്നത് വ്യക്തമല്ല. അവ്യക്തതകൾ നിലനിൽക്കുന്നതിൽ വാട്സാപ് തന്നെ ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തുമെന്ന പ്രതീക്ഷയിലാണ് ടെക് വിദഗ്ധർ പോലും.

‘ഡിലീറ്റ് ഫോർ എവ്‍‌രിവൺ’ ഫീച്ചർ പ്രകാരം മെസേജുകൾ നീക്കം ചെയ്യാനുള്ള സമയപരിധി ഒരു മണിക്കൂർ എട്ട് മിനുറ്റ് 16 സെക്കന്റ് തന്നെയാണ്.

എങ്ങനെ പ്രവർത്തിക്കും?

∙വാട്സാപ്പിൽനിന്നു മായ്ച്ചുകളയേണ്ട സന്ദേശം തിരഞ്ഞെടുക്കുക

∙ചാറ്റിൽ അമർത്തുക, മെനുവിൽനിന്നു ഡിലീറ്റ് തിരഞ്ഞെടുക്കുക

∙‘ഡിലീറ്റ് ഫോർ എവരിവൺ’ അമർത്തുക. ഇതോടെ സന്ദേശം മാഞ്ഞുപോകും.