ഫെയ്സ്ബുക് തലപ്പത്ത് മുൻ ബ്രിട്ടിഷ് ഉപപ്രധാനമന്ത്രി, ലക്ഷ്യമെന്ത്?

വ്യാജ വാർത്തകളും തിരഞ്ഞെടുപ്പ് അട്ടിമറി ശ്രമങ്ങളും തുടങ്ങി ആരോപണങ്ങളുടെ പിടിയിൽ വലയുന്ന ഫെയ്സ്ബുക്കിന്‍റെ നേതൃനിരയിലേക്ക് രാഷ്ട്രീയക്കാരനും. മുൻ ബ്രിട്ടിഷ് ഉപപ്രധാനമന്ത്രി നിക് ക്ലെഗാണ് ഫെയ്സ്ബുക്കിന്‍റെ നേതൃനിരയിലേക്ക് നിയമിതനായത്. രാജ്യാന്തര കാര്യങ്ങളുടെയും ആശയവിനിമയ സംഘത്തിന്‍റെ തലവനായാണ് നിയമനം. 2010–15 കാലയളവിൽ ഡേവിഡ് കാമറൂൺ മന്ത്രിസഭയിൽ ഉപപ്രധാനമന്ത്രി പദം വഹിച്ചിരുന്ന ക്ലെഗ്, സിലിക്കൺ വാലിയിൽ നേതൃപദവിയിലെത്തുന്ന ഏറ്റവും ഉയർന്ന യൂറോപ്യൻ രാഷ്ട്രീയ നേതാവാണ്. സിഇഒ മാർക്ക് സക്കർബർഗും സിഒഒ ഷെറിൽ സാൻഡ്ബെർഗും നേരിട്ടാണ് നിയമനത്തിന് മേൽനോട്ടം വഹിച്ചതെന്ന് ഫെയ്സ്ബുക് അറിയിച്ചു. തിങ്കളാഴ്ച മുതൽ ചുമതല ഏറ്റെടുക്കുന്ന ക്ലെഗ് സാൻഡ്ബെർഗിനാകും നേരിട്ട് റിപ്പോർട്ടു ചെയ്യുക.

2015ലെ തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടി ഭൂരിപക്ഷം നേടിയതോടെയാണ് ക്ലെഗ് ഉപപ്രധാനമന്ത്രി പദത്തിൽ നിന്നും നീക്കം ചെയ്യപ്പെട്ടത്. വിദ്യാര്‍ഥികളുടെ പഠന ഫീസ് വർധിപ്പിക്കില്ലെന്ന വാഗ്ദാനം നടപ്പിലാക്കാൻ കഴിയാഞ്ഞതോടെ കഴിഞ്ഞ വർഷം നടന്ന തിരഞ്ഞെടുപ്പിൽ ക്ലെഗ് പരാജയപ്പെട്ടിരുന്നു. വിവാദപരവും ബുദ്ധിമുട്ടേറിയതുമായ സന്ദർഭങ്ങൾ നേരിടുന്നതും ഇതുസംബന്ധിച്ചു ആശയവിനിമയം നടത്തുന്നതും ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് താനെന്നും പുതിയ ഉത്തരവാദിത്തത്തിൽ ഇതു സഹായകരമാകുമെന്നാണ് പ്രതീക്ഷയെന്നും ക്ലെഗ് ഫെയ്സ്ബുക് പോസ്റ്റിൽ വ്യക്തമാക്കി. 

2016ലെ യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ റഷ്യൻ ഏജന്‍റുമാർ തങ്ങളുടെ പ്ലാറ്റ്ഫോം ഉപയോഗിച്ചതായി തുറന്നു സമ്മതിച്ചതു മുതൽ കടുത്ത വിമർശനമാണ് ഫെയ്സ്ബുക് നേരിട്ടുവരുന്നത്. 87 ദശലക്ഷം ഉപയോക്താക്കളുടെ ഡേറ്റ കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന കമ്പനി ചോർത്തിയതായി കണ്ടെത്തിയതായിരുന്നു മറ്റൊരു വെല്ലുവിളി.