ഫെയ്‌സ്ബുക്കില്‍ വെട്ടിനിരത്തൽ, 150 കോടി ‘യൂസർ’ പുറത്ത്, വ്യാജൻ വേണ്ടെന്ന് സക്കർബർഗ്

ന്യൂയോര്‍ക് ടൈംസ് നടത്തിയ സുദീര്‍ഘമായ പഠനത്തിനൊടുവില്‍ അതിഗുരുതരമായ ആരോപണങ്ങളാണ് സമൂഹമാധ്യമ ഭീമൻ ഫെയ്‌സ്ബുക്കിനെതിരെ ഉയര്‍ത്തിയത്. അവർക്കെതിരെ ഉയര്‍ന്ന ഇത്തരം ആരോപണങ്ങളെ കമ്പനി രാഷ്ട്രീയമായി വഴിതിരിച്ചുവിട്ടാണ് ഇപ്പോള്‍ പിടിച്ചുനില്‍ക്കുന്നതെന്നും അവര്‍ പറഞ്ഞിരുന്നു. ട്രംപ് വിജയിയായ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ റഷ്യക്കാരുടെ ഇടപെടലിനെക്കുറിച്ച് ഫെയ്‌സ്ബുക്കിന് വ്യക്തമായ അറിവുണ്ടായരുന്നുവെന്നും ഇക്കാര്യം നിവര്‍ത്തിയില്ലാതെ പരസ്യമായി അംഗീകരിക്കുന്നതിനു മുൻപ് തന്നെ അവര്‍ക്ക് അതേക്കുറിച്ച് അറിയാമായിരുന്നുവെന്നും റിപ്പോര്‍ട്ട് സ്ഥാപിക്കുന്നു. (മറ്റു രാജ്യങ്ങളുടെ തിരഞ്ഞെടുപ്പുകളിലും ഫെയ്‌സബുക്കും വാട്‌സാപ്പും കാര്യമായ ഇടപെടല്‍ നടത്തിയിട്ടുണ്ടാകാമെന്നും ചേര്‍ത്തു വായിക്കാവുന്നതാണ്.) 

വ്യാജ വാര്‍ത്ത പരത്തുന്നതില്‍ മുമ്പന്മാരാണ് ഫെയ്‌സ്ബുക്കിന്റെ ചില പ്ലാറ്റ്‌ഫോമുകള്‍. ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പും ഇന്ത്യാ ഗവണ്‍മെന്റും തമ്മിലുള്ള പോരു തന്നെ ഇതിനുദാഹരണമാണ്. എന്നാല്‍, ഫെയ്‌സ്ബുക് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നുവെന്ന പേരല്‍ മറ്റു കമ്പനികളുടെ പേര് വലിച്ചിഴയ്ക്കുകയും ചെയ്തിരുന്നു. പക്ഷേ, ന്യൂയോര്‍ക്ക് ടൈംസ് ഉന്നയിച്ച ആരോപണങ്ങളില്‍ മിക്കതും ഫെയ്‌സ്ബുക് നിഷേധിക്കുകയാണ് ഉണ്ടായത്.

കമ്പനിയുടെ നിലനില്‍പ്പിനെ തന്നെ ബാധിച്ചേക്കാവുന്ന ഈ ആരോപണങ്ങള്‍ക്കു മറുപടി നല്‍കിക്കഴിഞ്ഞ് കമ്പനി ഇപ്പോള്‍ അവകാശപ്പെടുന്നത് ഒരു കാര്യം കഴിഞ്ഞ ആറുമാസത്തിനിടെ അവരുടെ അധീനതയിലുള്ള വിവിധ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് 1.5 ബില്ല്യന്‍ വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്തുവെന്നാണ്. കണ്ടെന്റ് നിയന്ത്രിക്കാനും നടപ്പിലാക്കാനുമുള്ള രൂപരേഖ എന്ന നിലയിലാണ് ഈ അവകാശവാദം കമ്പനി മേധാവി മാര്‍ക് സക്കര്‍ബര്‍ഗ് ഉയര്‍ത്തിയിരിക്കുന്നത്.

ഫെയ്ക് അക്കൗണ്ടുകള്‍ ഡിലീറ്റു ചെയ്തു എന്നു പറയുന്നത് ശരിയാണെങ്കില്‍ ഇത് വളരെ താത്പര്യജനകമായ വാര്‍ത്തയാണ്. കാരണം, ആറു മാസത്തിനുള്ളില്‍ 1.5 ബില്ല്യന്‍ അക്കൗണ്ടുകള്‍ എന്നു പറയുന്നത് ചെറിയൊരു സംഖ്യയല്ല എന്നതു തന്നെ. ഫെയ്‌സ്ബുക് തന്നെ അവകാശപ്പെടുന്നത് അവരുടെ ഒരു മാസത്തെ നിത്യ സന്ദര്‍ശകരുടെ എണ്ണം ഏകദേശം 2.5 ബില്ല്യന്‍ ആണെന്നാണ്.

ഫെയ്ക് അക്കൗണ്ടുകളിലൂടെയാണ് പ്രധാനമായും വ്യജവാര്‍ത്തയും സ്പാമുകളും ഒത്തൊരുമിച്ചുള്ള വന്‍ പ്രചാരണങ്ങളും മറ്റും അഴിച്ചുവിടുന്നതെന്നും സക്കര്‍ബര്‍ഗ് അവകാശപ്പെടുന്നു. വാട്‌സാപ് അടക്കമുള്ള അവരുടെ പ്ലാറ്റ്‌ഫോമുകളില്‍ വ്യാജ അക്കൗണ്ടുകള്‍ പൂട്ടിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറയുന്നുണ്ട്. അക്കൗണ്ടുകളുടെ പ്രവര്‍ത്തനരീതി നിരീക്ഷിച്ചാണ്, അല്ലാതെ അതിലൂടെ വരുന്ന കണ്ടെന്റ് പരിശോധിച്ചല്ല ഇതൊരു ഫെയ്ക്ക് അക്കൗണ്ടാണോ എന്നു തീരുമാനിക്കുന്നതെന്നും സക്കര്‍ബര്‍ഗ് പറയുന്നത്. ഫെയ്‌സ്ബുക്, വാട്‌സാപ്, ഫെയ്‌സ്ബുക് മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ മുഴുവന്‍ ശുചീകരണം നടത്തുന്നുണ്ടെന്നാന്നാണ് അദ്ദേഹം പറയുന്നത്.

കണ്ടാല്‍ ക്ലിക്കു ചെയ്യാന്‍ തോന്നുന്ന ചല പ്രചരാണ തന്ത്രങ്ങളെ നിയന്ത്രിക്കാനായിരിക്കും അടുത്ത ശ്രമമെന്നും സക്കര്‍ബര്‍ഗ് പറയുന്നു. ഇവയാണ് പലപ്പോഴും വൈറലായി തീരുന്നത്. വ്യാജ വാര്‍ത്ത നിയന്ത്രിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം അവ പുറപ്പെടുന്ന വ്യജ അക്കൗണ്ടുകള്‍ പൂട്ടുക എന്നതാണ്. അതു കഴിഞ്ഞു ചെയ്യാവുന്നത് ഇത്തരം കണ്ടെന്റിന്റെ വിതരണവും അതു വൈറലായി തീരുന്നതും നിയന്ത്രിക്കുക എന്നതാണെന്നും അദ്ദേഹം പറയുന്നു.

ഇന്ത്യ ആവശ്യപ്പെട്ടത് 16,580 ഡേറ്റ

അതേസമയം, ഈ വര്‍ഷം ജൂണ്‍ വരെയുള്ള കാലയളവില്‍ ഇന്ത്യ ആവശ്യപ്പെട്ടത് 16,580 ഡേറ്റയാണെന്ന് ഫെയ്‌സ്ബുക് അറിയിച്ചു. 2017ന്റെ രണ്ടാം പകുതിയില്‍ ഇത്തരം 12,171 അപേക്ഷകള്‍ നടത്തി. ഇവയില്‍ 617 എണ്ണം അടിയന്തരമായി ഡേറ്റ നല്‍കണമെന്നു പറഞ്ഞായിരുന്നുവെന്നും കമ്പനി പുറത്തുവിട്ട ട്രാന്‍സ്പരന്‍സി റിപ്പോര്‍ട്ട് പറയുന്നു. ഡേറ്റ നല്‍കാന്‍ ലഭിച്ച അഭ്യര്‍ഥനകളാല്‍ 53 ശതമാനം തങ്ങള്‍ മാനിച്ചതായും കമ്പനി പറയുന്നു. ആഗോളതലത്തിലും ഡേറ്റാ അവശ്യപ്പെട്ടു കൊണ്ടുള്ള അഭ്യര്‍ഥനകള്‍ 26 ശതമാനം വര്‍ധിച്ചതായും കമ്പനി വെളിപ്പെടുത്തി. ഇന്ത്യ ആവശ്യപ്പെട്ടത് 23,047 യൂസര്‍ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങളാണെന്നും കമ്പനി പറയുന്നു.