ഫെയ്സ്ബുക്ക് ഫോട്ടോയിൽ നിങ്ങളുടെ സ്വഭാവമുണ്ട്!

സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ പ്രൊഫൈല്‍ പിക്ചര്‍ നോക്കി വ്യക്തിയുടെ സ്വഭാവം നിര്‍ണയിക്കാമെന്ന് പഠനം. അല്ലെങ്കില്‍ തന്നെ നമ്മുടെ നാട്ടില്‍ കല്യാണാലോചന എല്ലാം തകൃതിയായി നടക്കുമ്പോള്‍ ആദ്യം പോയി നോക്കുന്നത് 'എതിര്‍കക്ഷി'യുടെ ഫെയ്സ്ബുക്ക് പ്രൊഫൈല്‍ ആണല്ലോ! ഇനി ഇതിനൊരു ശാസ്ത്രീയ വിശദീകരണം കൂടിയായി എന്ന് ചുരുക്കം!

ചെറിയൊരു ചിത്രം കൊണ്ട് എന്ത് മനസിലാക്കാന്‍ എന്നായിരിക്കും എല്ലാവരും ആലോചിക്കുന്നത്. എന്നാല്‍ കേട്ടോളൂ, താമസസ്ഥലം, വ്യക്തിത്വം, എല്ലാം ഇങ്ങനെ അറിയാമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

പതിനായിരക്കണക്കിനു ട്വിറ്റര്‍, ഫെയ്സ്ബുക്ക് പ്രൊഫൈലുകള്‍ പഠനവിധേയമാക്കിയാണ് ശാസ്ത്രജ്ഞര്‍ ഈ കണ്ടെത്തല്‍ നടത്തിയതത്രേ. ഇവരുടെയെല്ലാം വ്യക്തിത്വം ശാസ്ത്രജ്ഞര്‍ കൃത്യമായി കണ്ടുപിടിച്ചു. വ്യക്തികളെ അറിയാതെ തന്നെ അവരുടെ വ്യക്തിത്വത്തിന്റെ ഒരു കയ്യൊപ്പ് ചിത്രങ്ങളില്‍ എവിടെയെങ്കിലുമൊക്കെ കാണുമെന്നാണു പറയുന്നത്. ഉദാഹരണമായി വളരെ ഓപ്പണ്‍ ആയ വ്യക്തിത്വമുള്ള ആള്‍ ആണെന്നിരിക്കട്ടെ, അവരുടെ പ്രൊഫൈല്‍ പിക്ചര്‍ കൂടുതല്‍ വ്യക്തവും കളര്‍ഫുളും ആയിരിക്കും.

സോഷ്യൽമീഡിയയിലെ ‘ഞരമ്പുരോഗികള്‍’ എന്ന് വിളിക്കുന്ന വിഭാഗമില്ലേ, അവരുടെ പ്രൊഫൈല്‍ കണ്ടാല്‍ അറിയാനൊരു വിദ്യയുണ്ട്; ഇക്കൂട്ടരില്‍ അധികവും സ്വന്തം മുഖം പുറത്തു കാണിക്കില്ല! ഇനി അഥവാ കാണിച്ചാലോ, വലിയ കൂളിങ് ഗ്ലാസൊക്കെ വച്ച് മുഖം പകുതി മറയത്തക്ക വിധത്തില്‍ ആയിരിക്കും ഫോട്ടോ!

ഈ പഠനം ഏറെക്കുറെ വിജയകരം തന്നെയായിരുന്നു. ഓണ്‍ലൈന്‍ ചോദ്യാവലികള്‍ പരീക്ഷിക്കുന്ന രീതിയ്ക്ക് പകരം ഇനി ഇതൊന്നു പരീക്ഷിച്ചാല്‍ എന്താ എന്നാണു ശാസ്ത്രജ്ഞരുടെ പുതിയ ആലോചന.