ജിമെയിലിൽ വൻ സുരക്ഷാ വീഴ്ച, തെറ്റു കണ്ടെത്തിയ കോഴിക്കോട്ടുകാരന് ഗൂഗിൾ അംഗീകാരം

ലോകത്തെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നായ ഗൂഗിളിന്റെ തെറ്റുകണ്ടെത്തുന്നതിൽ മലയാളികൾ മൽസരിക്കുകയാണ്. കഴിഞ്ഞ ഒന്നു രണ്ടു വർഷത്തിനിടെ ഗൂഗിളിന്റെ നിരവധി പിഴവുകളാണ് മലയാളി എത്തിക്കൽ ഹാക്കർമാരും ടെക്കികളും കണ്ടെത്തിയിരിക്കുന്നത്. അവസാനം ഗൂഗിളിന്റെ ജനപ്രിയ, പ്രധാനപ്പെട്ട സര്‍വീസായ ജിമെയിലിലെ വൻ സുരക്ഷാ വീഴ്ചയും മലയാളി തന്നെ കണ്ടെത്തി തിരുത്തിയിരിക്കുന്നു. കോഴിക്കോട് ജില്ലയിലെ അക്ബർ കെ.പിയാണ് ജിമെയിലിലെ വൻ സുരക്ഷാ വീഴ്ച കണ്ടെത്തി റിപ്പോർട്ട് ചെയ്ത് ഗൂഗിളിനെ രക്ഷിച്ചിരിക്കുന്നത്.

ജിമെയിൽ ഹാക്കിങ്

ടെക് ലോകത്തെ കോടാനുകോടി പേർ ഉപയോഗിക്കുന്ന ഇമെയിൽ സർവീസാണ് ജിമെയിൽ. ജിമെയിലിലെ ചെറിയൊരു വീഴ്ച ടെക് ലോകത്തിന് തന്നെ വൻ ഭീഷണിയാണ്. എന്നാൽ അത്തരമൊരു ഭീഷണിയിൽ നിന്നാണ് കോഴിക്കോട് കൊടുവള്ളി സ്വദേശിയായ അക്ബർ രക്ഷിച്ചത്. ഏതൊരു വ്യക്തിയുടെയും ജിമെയിൽ അക്കൗണ്ട് ഹാക്ക് ചെയ്തു വിവരങ്ങൾ ചോർത്താൻ സാധിക്കുന്ന പിഴവാണ് (ബഗ്) കണ്ടെത്തിയത്. ജിമെയിൽ ഹാക്ക് ചെയ്താൽ ഈ ഐഡി ഉപയോഗിച്ചുള്ള സോഷ്യൽമീഡിയ അക്കൗണ്ടുകളും ഹാക്ക് ചെയ്യാൻ സാധിക്കും. ജിമെയിലിലെ RCE, XSPA ബഗ്ഗാണ് അക്ബർ റിപ്പോർട്ട് ചെയ്ത് തിരുത്തിച്ചത്.

ജിമെയിലില പിഴവ് കണ്ടെത്തിയ അക്ബറിന് ഗൂഗിൾ ഹാള്‍ ഓഫ് ഫെയിം അംഗീകാരം നൽകി. ഗൂഗിൾ ഹാള്‍ ഓഫ് ഫെയിം പട്ടികയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന മലയാളിയും അക്ബർ തന്നെയാണ്. ജിമെയിലിലെ വൻ സുരക്ഷാ പിഴവ് കണ്ടെത്തിയതിനാൽ തന്നെ പട്ടികയിൽ പതിനാറാം പേജിലാണ് അക്ബറിന്റെ സ്ഥാനം.

പ്രധാന ഡൊമെയിനുകളിലെയും ഡിവൈസുകളിലെയും പിഴവുകൾ കണ്ടെത്തുന്ന എത്തിക്കൽ ഹാക്കർമാർ‌ക്കും ടെക്കികൾക്കുമാണ് ഗൂഗിൾ ഹാൾ ഫെയിം അംഗീകാരം നൽകുന്നത്. ഗൂഗിളിലെ സാങ്കേതിക വിദഗ്ധരുടെ പിഴവുകൾ കണ്ടെത്തി ഈ അംഗീകാരം നേടാൻ ലക്ഷക്കണക്കിന് ടെക്കികളാണ് ദിവസവും ശ്രമിച്ചുക്കൊണ്ടിരിക്കുന്നത്. ഈ പട്ടികയിലാണ് അക്ബറും ഇടം നേടിയിരിക്കുന്നത്. 

ഗൂഗിളിന്റെ സാങ്കേതിക സംവിധാനങ്ങളിലെ തെറ്റുകൾ കണ്ടെത്തുന്നവർക്ക് അതിന്റെ നിലവാരത്തിന് അനുസരിച്ച് നല്‍കുന്ന അംഗീകാരമാണ് ഹാൾ ഓഫ് ഫെയിം. ഈ ലിസ്റ്റിൽ വരുന്നവരെല്ലാം ഗൂഗിളിന്റെ ഹാൾ ഓഫ് ഫെയിം പ്രത്യേക പേജിൽ എന്നും നിലനിർത്തും. ഗൂഗിള്‍ വള്‍നറബിലിറ്റി റിവാര്‍ഡ് പ്രോഗ്രാം (Google Vulnerability Reward Program) എന്നാണ് ഇതിനെ വിളിക്കുന്നത്.   

തെറ്റു കണ്ടെത്തുന്നവർക്ക് ഗൂഗിൾ പ്രതിഫലവും നൽകുന്നുണ്ട്. പിഴവുകളുടെ ഗൗരവം കണക്കിലെടുത്ത് നൽകുന്ന തുകയിലും മാറ്റമുണ്ടാകും. ചൂണ്ടിക്കാണിച്ച പിഴവുകളുടെ എണ്ണവും ഗൗരവവും കണക്കിലെടുത്താണ് പട്ടികയിലെ സ്ഥാനം നിർണ്ണയിക്കുന്നത്. പിഴവ് ചൂണ്ടിക്കാണിച്ചതിന് പ്രതിഫലം നൽകും മുൻപെ ഹാൾ ഓഫ് ഫെയിം പട്ടികയിൽ ഉൾപ്പെടുത്തുന്നതാണ് ഗൂഗിൾ രീതി.   

മാംഗളൂരു ശ്രീനിവാസ് ഇന്‍സ്റ്റിട്യൂറ്റ് ഓഫ് ടെക്നോളജിയിൽ നിന്ന് കംപ്യൂട്ടർ സയന്‍സിൽ ബിടെക് സ്വന്തമാക്കിയ അക്ബർ വർഷങ്ങളായി എത്തിക്കൽ ഹാക്കിങ് മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. മൈക്രോസോഫ്റ്റ്, എടിആൻഡ്ടി തുടങ്ങി കമ്പനികളുടെ അംഗീകാരം ലഭിച്ചിട്ടുള്ള അക്ബർ (23) ഇപ്പോൾ കോൻസിം ഇൻഫോ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ചെറുപ്പത്തിലെ കംപ്യൂട്ടർ വിഷയങ്ങളിൽ താൽപര്യമുള്ള അക്ബർ അഞ്ചു വർഷം മുൻപാണ് എത്തിക്കൽ ഹാക്കിങ് രംഗത്തേക്ക് എത്തുന്നത്. എസ്ഐടിയിൽ എൻജിനീയറിങ് ഒന്നാം വർഷം പഠിക്കുമ്പോഴാണ് എത്തിക്കൽ ഹാക്കിങ്ങിന്റെ ബേസിക്സ് പഠിക്കുന്നത്. കംപ്യൂട്ടർ നെറ്റ്‌വർക്കിങ് പഠിച്ചിട്ടുള്ള അക്ബറിന് ഒട്ടുമിക്ക കംപ്യൂട്ടർ ഭാഷകളും അറിയാം.

നിരവധി സുഹൃത്തുക്കളും അധ്യാപകരും സഹായിച്ചിട്ടുണ്ടെന്ന് അക്ബർ പറഞ്ഞു. സംശയങ്ങൾക്കെല്ലാം അവർ മറുപടി നൽകി സഹായിക്കാറുണ്ട്. ഏറെ ഇഷ്ടപ്പെട്ട വിഷയമായതിനാൽ എത്തിക്കൽ ഹാക്കിങ്ങിൽ ലഭിക്കാവുന്ന വിവരങ്ങളെല്ലാം ഇപ്പോഴും പഠിക്കുന്നുണ്ട്. ഗൾഫിൽ ജോലി ചെയ്യുന്ന പിതാവ് അസൈനും മാതാവ് സൗദയും അക്ബറിനു എല്ലാ പിന്തുണയും നൽകുന്നു. നല്ലൊരു മൾട്ടിനാഷണൽ സെക്യൂരിറ്റി കമ്പനിയിൽ ജോലി ചെയ്യണമെന്നതാണ് അക്ബറിന്റെ സ്വപ്നം.

ഗൂഗിൾ ഹാൾ ഓഫ് നിരവധി മലയാളികൾ ഇതിനകം തന്നെ ഇടം നേടിയിട്ടുണ്ട്. കണ്ണൂരിൽ നിന്നുള്ള ശ്രീദീപ് സി.കെ അലവിൽ രണ്ടു തവണ ഗൂഗിളിന്റെ ഹാൾ ഓഫ് ഫെയിം അംഗീകാരം നേടിയിട്ടുണ്ട്. പ്ലസ്ടു വിദ്യാർഥികളായ ആറ്റിങ്ങലിലെ അഭിഷേക്, ഇടുക്കിയിലെ ജൂബിറ്റ് ജോൺ എന്നിവരും ഗൂഗിള്‍ ഹാൾ ഓഫ് ഫെയിം പട്ടികയിലുണ്ട്.