'ജിഹാദി ലണ്ടന്‍' വൈഫൈ: തോംസണ്‍ എയര്‍വേയ്‌സ് വിമാനം നിലത്തിറക്കി

വൈഫൈ ഹോട്ട് സ്‌പോട്ടിന്റെ പേരുകാരണം തോംസണ്‍ എയര്‍വേയ്‌സിന്റെ വിമാനം നിലത്തിറക്കി. ചൊവ്വാഴ്ച കാണ്‍കൂണില്‍ നിന്നും ലണ്ടന്‍ ഗാട്ട്വിക്കിലേയ്ക്ക് പോവുകയായിരുന്ന വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്. വിമാനത്തിനുള്ളില്‍ 'ജിഹാദി ലണ്ടന്‍' എന്ന് പേരുള്ള  വൈഫൈ നെറ്റ്‌വര്‍ക്ക് പ്രവർകത്തിക്കുന്നതായി യാത്രക്കാരാണ് കണ്ടെത്തിയത്. ഉടന്‍ തന്നെ ഇക്കാര്യം അധികൃതരെ അറിയിക്കുകയായിരുന്നു.

വിമാനത്തിന്റെ യാത്ര മാറ്റി വയ്ക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരെയും പൊലീസിനെയും വിളിച്ചു ഉടന്‍ പരിശോധന നടത്തുകയും ചെയ്തു. തിങ്കളാഴ്ച രാത്രി ഉണ്ടായ മാഞ്ചസ്റ്റര്‍ ബോംബ് അപകടത്തെത്തുടര്‍ന്ന് രാജ്യാന്തര വ്യാപകമായി ഭീകരപ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ഭീതി വ്യാപകമായിരുന്നു.

അടുത്ത അരമണിക്കൂറിൽ തന്നെ യാത്രക്കാരെ എല്ലാവരെയും പരിശോധനാവിധേയമാക്കി. എന്നാൽ അപകടകരമായി ഒന്നും കണ്ടെത്താനായില്ല. ഈ പേരിലുള്ള ഹോട്ട്‌സ്‌പോട്ട് ഉപയോഗിച്ച ആള്‍ മുന്നോട്ടു വരികയും ചെയ്തില്ല. അടുത്ത പറക്കലിനായി വിമാനം വീണ്ടും ഇന്ധനം നിറയ്‌ക്കേണ്ടി വന്നു. 

നൂറു ശതമാനം സുരക്ഷിതമാണെന്ന് ഉറപ്പു വരുത്താതെ വിമാനം എടുക്കില്ലെന്ന് ക്യാപ്റ്റന്‍ പറഞ്ഞെങ്കിലും സുരക്ഷാ പരിശോധനയ്ക്ക് ശേഷം വിമാനം യാത്രാസജ്ജമായി. കുറച്ചു യാത്രക്കാര്‍ തങ്ങളുടെ ബാഗുകള്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടതോടെ വിമാനം വീണ്ടും വൈകിയത്. 

ഈ വിമാനം വൈകിയതിലും യാത്രക്കാര്‍ക്കുണ്ടായ മറ്റു ബുദ്ധിമുട്ടുകളിലും തങ്ങള്‍ യാത്രക്കാരോട് ക്ഷമ ചോദിക്കുന്നതായി തോംസണ്‍ എയര്‍വേയ്‌സ് അറിയിച്ചു.