ഡ്രൈവറില്ലാ കാറിലെ യാത്ര നേട്ടമായി, പിന്നാലെ ‘പണിയും’; കുടുങ്ങിയത് ബെയ്ദു സിഇഒ

ചൈനയുടെ ഏറ്റവും വലിയ സെര്‍ച്ച് എൻജിന്റെ സിഇഒ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് സ്വയം ഓടുന്ന കാര്‍ പരീക്ഷിച്ചു. ഇതോടെ അടുത്ത ആഴ്ച ബീജിംഗില്‍ നടക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡവലപ്പര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ബെയ്ദു സിഇഒ റോബിന്‍ ലീയ്ക്ക് അര്‍ഹതയും ലഭിച്ചു. ബെയ്ദു സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഓടിച്ച കാറിലിരുന്ന് തന്നെ റോബിന്‍ വിഡിയോ കോള്‍ വഴി കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ടായിരുന്നു. 

നഗരത്തിൽ ട്രാഫിക് ഉണ്ടായിരുന്നെങ്കില്‍ പോലും യാത്ര വളരെ സുഖകരമായിരുന്നു എന്നാണ് റോബിന്‍ പറയുന്നത്. കൂടെ കമ്പനിയുടെ ഒരു എക്‌സിക്യുട്ടീവും ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുന്നുമുണ്ടായിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ കൈകള്‍ ചലിക്കുന്നുണ്ടായിരുന്നില്ല.

അതേസമയം, ഡ്രൈവറില്ലാ കാർ യാത്ര വൈറല്‍ ആയതോടെ പൊലീസ് അന്വേഷിച്ച് രംഗത്തെത്തി. റോഡില്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിന് മുന്‍പേ ഇത്തരം വാഹനങ്ങള്‍ ഓടിക്കരുതെന്ന് നിയമമുണ്ട്. അതുകൊണ്ടുതന്നെ റോബിന് നിയമനടപടികള്‍ നേരിടേണ്ടി വരുമെന്ന് ബീജിംഗിലെ ട്രാഫിക് മാനേജ്‌മെന്റ് ബ്യൂറോ അറിയിച്ചു. എന്നാല്‍ കമ്പനിക്ക് മുപ്പതു ഡോളര്‍ പിഴയായിരിക്കും അടയ്‌ക്കേണ്ടി വരികയെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. പക്ഷേ, കാര്‍ കണ്ടുകെട്ടും.

സെല്‍ഫ് ഡ്രൈവിംഗ് കാര്‍ ടെക്‌നോളജിയില്‍ യൂബര്‍, ഗൂഗിള്‍, ടെസ്‌ല, ഫോര്‍ഡ്, ഡെയ്മലർ തുടങ്ങിയ കമ്പനികള്‍ നടത്തുന്ന പോലെതന്നെ ബെയ്ദുവും പരീക്ഷണങ്ങളിലാണ്. 2018 ആവുന്നതോടെ ഡ്രൈവര്‍ ഇല്ലാതെ പൂര്‍ണമായും ഓടിക്കാവുന്ന കാര്‍ നിര്‍മിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. 2021ല്‍ വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കാന്‍ തുടങ്ങുകയും ചെയ്യും.

തുടർന്നുള്ള പരീക്ഷണങ്ങള്‍ക്കായി അന്‍പതു കമ്പനികളുമായി ബെയ്ദു വിവിധ പങ്കാളിത്ത പദ്ധതികള്‍ ആസൂത്രണം ചെയ്യും. ഫോര്‍ഡ്, ഡെയ്മലർ‍, മാപ്പിംഗ് കമ്പനിയായ ടോം ടോം, ഇന്റല്‍, എൻവിദിയ എന്നിവയെ കൂടാതെ അഞ്ചു ചൈനീസ് കാര്‍ കമ്പനികളും ഇതില്‍ ചേരും. ഡ്രൈവറില്ലാ കാറുകള്‍ പരീക്ഷിക്കുന്ന ആദ്യത്തെ കമ്പനിയല്ല ബെയ്ദു. കഴിഞ്ഞ വര്‍ഷം യൂബറും ഇത്തരത്തില്‍ പരീക്ഷണം നടത്തിയിരുന്നു.

More Technology News