അവളോട് അയാൾ പറഞ്ഞു: ‘ഇനി ബ്ലേഡ് കൊണ്ട് നിന്റെ മാറിടം കീറി മുറിക്കുക, രക്തം ചിന്തുക...’

യുലിയ, ഫിലിപ്പ്

‘എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ, പതിയെപ്പതിയെ ഈ ലോകത്തിന് ഒരു ഉപകാരവും ഇല്ലാത്തവരായി നിങ്ങൾ മാറുമെന്ന് ?’ കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുന്നതിന് ഏതാനും ദിവസം മുൻപ് വെറോനിക്ക വോൾക്കോവ എന്ന പതിനാറുകാരി സമുഹമാധ്യമമായ ‘വികെ’യിലെ തന്റെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതാണീ വരികൾ. ഇക്കഴിഞ്ഞ മാർച്ചിലായിരുന്നു വെറോനിക്കയുടെ മരണം. സഹപാഠിയും സുഹൃത്തുമായ യുലിയയും സമാനമായ രീതിയിൽ ആത്മഹത്യ ചെയ്തതോടെ റഷ്യയിൽ സംഭവം വൻ വാർത്തയായി.  വെറോനിക്കയും യുലിയയും പലപ്പോഴായി ‘വികെ’യിൽ പോസ്റ്റ് ചെയ്ത വരികളെല്ലാം ഒരു വലിയ ചോദ്യചിഹ്നം പോലെ അന്വേഷകസംഘത്തിനു മുന്നിൽ ഉയർന്നു വന്നു. എല്ലാം ജീവിതത്തോട് കലഹിച്ചെഴുതിയവ. തികച്ചും നിരാശാജനകമായവ. ജീവിക്കാൻ യാതൊരു തരത്തിലും ആഗ്രഹമില്ലാത്ത ഒരാളുടെ ആ അഭിപ്രായ പ്രകടനങ്ങൾ മാസങ്ങളോളം അവർ കുറിയ്ക്കുന്നുണ്ടായിരുന്നു. ആരും ശ്രദ്ധിച്ചില്ല. പക്ഷേ ഒരാൾ അതെല്ലാം ശ്രദ്ധയോടെ കാണുന്നുണ്ടായിരുന്നു. അയാൾ അവരെ ‘വികെ’യിലെ ഒരു ഗ്രൂപ്പിലേക്കു ക്ഷണിച്ചു. 

Vkontacte എന്നതിന്റെ ചുരുക്കപ്പേരിൽ അറിയപ്പെടുന്ന vk.com ആണ് റഷ്യയിലെ ഏറ്റവും വലിയ സോഷ്യൽ മീഡിയ വെബ്സൈറ്റ്. അർഥം InContact എന്നും. റഷ്യനിലും ഇംഗ്ലിഷിലും ഈ സൈറ്റ് ലഭ്യമാണ്. ഫെയ്സ്ബുക്കിലേതു പോലെത്തന്നെ പോസ്റ്റ് ചെയ്യാനും ചാറ്റിങ്ങിനും ഗ്രൂപ്പുണ്ടാക്കാനും ഫോട്ടോ–വിഡിയോ അപ്‌ലോഡ് ചെയ്യാനുമെല്ലാം സൗകര്യമുള്ള വെബ്സൈറ്റ്. ആരുടെയും നഗ്നചിത്രങ്ങൾ അപ്‌‍ലോഡ് ചെയ്യാം എന്നതിന്റെ പേരിൽ കൗമാരക്കാരെ വഴിതെറ്റിക്കുന്നെന്ന ചീത്തപ്പേരു കൂടി കേട്ട സൈറ്റാണിത്. ഇത്തരത്തിൽ ആര്, എന്ത് പോസ്റ്റ് ചെയ്യുന്നുവെന്ന് മോണിറ്റർ ചെയ്യാൻ സാധിക്കാത്ത വെബ്സൈറ്റിൽ ഒരു ‘മാനസിക രോഗി’ ആരംഭിച്ച വൃത്തികെട്ട ‘കളി’യാണ് പിന്നീട് ലോകമെമ്പാടും അഞ്ഞൂറിലേറെ കൗമാരക്കാരുടെ ജീവനെടുത്തത്. ഏറ്റവുമൊടുവിൽ മുംബൈയിലെ അന്ധേരിയിൽ നിന്നും വാർത്തയെത്തി–പതിനനാലുകാരൻ കെട്ടിടത്തിനു മുകളിൽ നിന്നു ചാടി ആത്മഹത്യ ചെയ്തത് ഈ ഗെയിമിന്റെ സ്വാധീനം കാരണമാണെന്ന്. സത്യത്തിൽ ചെറുപ്പക്കാരെ ആത്മഹത്യയിലേക്കു നയിക്കുന്ന ഈ ശ്രമങ്ങൾ ഒരു ‘ഗെയിം’ ആണോ?

ഡൗൺലോഡ് ചെയ്യാനാകില്ല!!

ഗെയിം എന്നാണു പേരെങ്കിലും പൊലീസ് പറയുന്നതു പോലെ ഇതൊരു ആപ്പോ, ഗെയിമോ വൈറസോ അല്ല. പ്ലേ സ്റ്റോറിലോ മറ്റ് ആപ് സ്റ്റോറുകളിലോ ഇത് കിട്ടില്ല. ഇന്റർനെറ്റിലും ഏതെങ്കിലും വെബ് അഡ്രസ് ടൈപ് ചെയ്ത് കണ്ടെത്താനാകില്ല. മൊബൈലിലോ ടാബ്‌ലറ്റിലോ ഡൗൺലോഡ് ചെയ്യാനുമാകില്ല. മറിച്ച് സോഷ്യൽ മീഡിയയാണ് ഇതിന്റെ പ്രധാന വിളനിലം. 

നേരത്തേ വൈറലായ ഐസ് ബക്കറ്റ് ചാലഞ്ച് പോലെ ഒരു ‘വെല്ലുവിളിക്കളി’യാണിത്. ഈ ചാലഞ്ചിനും പ്രത്യേക ആപ്പോ വെബ്സൈറ്റോ ഒന്നുമില്ലായിരുന്നു. സോഷ്യൽ മീഡിയയിലൂടെ ഓരോരുത്തർക്കും ഓരോ ബക്കറ്റ് ഐസ് കട്ടകൾ തലയിലേക്കിടാൻ അവരുടെ കൂട്ടുകാരെ ചാലഞ്ച് ചെയ്യാം എന്നതായിരുന്നു പ്രത്യേകത. അതിനു തെളിവായി വിഡിയോയോ ഫോട്ടോയോ പോസ്റ്റ് ചെയ്യണം. സമാനമാണ് ആത്മഹത്യാഗെയിമിന്റെ കാര്യവും. ആരും തടുക്കാനില്ലാത്ത സോഷ്യൽ മീഡിയയുടെ സ്വഭാവം തന്നെയാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവരുടെ ധൈര്യവും.

അൻപതിൽ അന്ത്യം

‘ബ്ലൂ വെയിൽ ഗെയിം’ എന്ന ഗ്രൂപ്പിൽ വെറോനിക്ക പെട്ടതു പോലെ ‘വികെ’ വെബ്സൈറ്റിലെ ഒരു ചാറ്റ് ഗ്രൂപ്പിൽ നിന്നായിരുന്നു എല്ലാറ്റിന്റെയും തുടക്കം. ജീവിതത്തിൽ ആകെ നിരാശപ്പെട്ട് ഇനി മരണം മാത്രമേ മുന്നിലുള്ളൂ എന്ന മട്ടിൽ പലപ്പോഴും പോസ്റ്റിടുന്നവരുടെ അക്കൗണ്ടിലേക്കാണ് ആദ്യമായി ഈ ഗ്രൂപ്പിലേക്കുള്ള ക്ഷണം എത്തുന്നത്. അത്തരക്കാരെ, പ്രത്യേകിച്ചും കൗമാരക്കാരെ, ലക്ഷ്യം വച്ചായിരുന്നു ഇൻവിറ്റേഷനുകളിൽ ഏറെയും. ഗ്രൂപ്പിലെത്തുന്നവർക്കു മുന്നിലേക്ക് ഗെയിമിന്റെ സൂചനകളും, എങ്ങനെയാണ് ‘കളിക്കേണ്ടത്’ എന്നും ചാറ്റ് വഴി നിർദേശങ്ങൾ ലഭിക്കും. മൊത്തം 50 ടാസ്കുകളുണ്ട്, ഓരോ വെല്ലുവിളികള്‍. അൻപതാമത്തേത് ആത്മഹത്യ ചെയ്യുക എന്നതാണ്. 

ആദ്യം അഡ്മിൻ അയച്ചു കൊടുക്കുന്ന പ്രത്യേകതരം പാട്ടുകളും ശബ്ദങ്ങളും തുടർച്ചയായി കേൾക്കുക, പുലർച്ചെ എഴുന്നേറ്റ് പ്രേതസിനിമ കാണുക, ദിവസം മുഴുവന്‍ പ്രേതസിനിമ കാണുക തുടങ്ങിയ ടാസ്കുകളായിരിക്കും. പിന്നാലെയാണ് ചുണ്ടിൽ മുറിവുണ്ടാക്കുക, വീടിന്റെ ടെറസിൽ കയറുക, സൂചിമുന വിരലിൽ കുത്തിയിറക്കുക, ശരീരത്തിൽ മുറിവുകളുണ്ടാക്കുക തുടങ്ങിയ നിർദേശങ്ങൾ വരിക. ഇടയ്ക്ക് കടലാസിൽ ഒരു നീലത്തിമിംഗലത്തിന്റെ ചിത്രം വരച്ച് ഗെയിമിന്റെ ‘ഇര’ ആകാൻ താത്പര്യമുണ്ടെങ്കിൽ ‘യെസ്’ എന്ന് കടലാസിലോ കൈത്തണ്ടയിലോ എഴുതാൻ ആവശ്യപ്പെടും. പിന്നീട് കടലാസിലെ തിമിംഗലത്തെ കയ്യിലും കോറി വരയ്ക്കാൻ പറയും. തിമിംഗലങ്ങൾ കൂട്ടത്തോടെ കരയിലേക്കു വന്ന് ചാകുന്നതിനു സമാനമായി മരണത്തിലേക്കു പോകാന്‍ പൂർണസമ്മതത്തോടെ മുന്നോട്ടു വരുന്നതു കൊണ്ട് ഈ ഗെയിമിന്റെ ഇരകൾക്കെല്ലാം ‘വെയ്ൽ’ അഥവാ തിമിംഗലം എന്നു തന്നെയാണു വിശേഷണം. ടാസ്കുകൾ പൂർത്തിയാക്കിയതിനു തെളിവായി ചിത്രങ്ങളും വിഡിയോകളും കൃത്യമായി അഡ്മിന് എത്തിച്ചു കൊടുക്കണം. എന്നാൽ മാത്രമേ അടുത്ത ഘട്ടത്തിലേക്ക് കടക്കാനാകൂ. 

ചാറ്റിനിടെ സീക്രട്ട് മിഷൻ, അഡ്മിനുമൊത്ത് ‘വെയ്‌ലി’ന്റെ കൂടിക്കാഴ്ച, സീക്രട്ട് ചാറ്റിങ് തുടങ്ങിയ ടാസ്കുകളുമുണ്ട്. തങ്ങളുടെ ഇരകളെ മരണത്തിലേക്കു നയിക്കാനുള്ള ‘പിടി’ വേട്ടക്കാർ മുറുക്കുന്നത് ഈ രഹസ്യ കൂടിക്കാഴ്ചകളിലൂടെയാണ്. ചാറ്റിങ്ങിനിടെ അഡ്മിൻ ആവശ്യപ്പെടുന്നത് നഗ്നചിത്രങ്ങളും വിഡിയോകളുമായിരിക്കും. കൂടാതെ രഹസ്യഭാഗങ്ങളിൽ ചില പ്രത്യേക വാക്കുകൾ കോറി വരയ്ക്കാനും ആവശ്യപ്പെടും. ഗെയിമിന്റെ പിടിയിൽ നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട ഒരു റഷ്യൻ പെൺകുട്ടി പൊലീസിനോട് പറഞ്ഞത് തന്റെ മാറിടത്തിൽ ബ്ലേഡ് കൊണ്ട് F666 എന്ന് കീറി വരച്ച് ചോരയിറ്റു വീഴുന്ന ആ ചിത്രം അയച്ചു തരാനാണ് അഡ്മിൻ ആവശ്യപ്പെട്ടതെന്നാണ്. ഇത്തരം ചിത്രങ്ങളാണ് പിന്നീട് ഗെയിമിൽ നിന്ന് പിന്മാറാൻ ശ്രമിക്കുമ്പോൾ ഇരകൾക്കു നേരെ അഡ്മിൻ പ്രയോഗിക്കുന്നത്. 

‘നിന്റെ വേണ്ടപ്പെട്ടവരുടെ പുറകെ ഞങ്ങളുണ്ട്...‌’

ഓരോ ടാസ്കുകൾക്കൊപ്പവും ഇരകളുടെ സ്വകാര്യവിവരങ്ങളും അഡ്മിൻ ശേഖരിച്ചിട്ടുണ്ടാകും. ഇതുപയോഗിച്ചുള്ള ബ്ലാക്ക് മെയിലിങ്ങും ഉണ്ട്. തങ്ങൾ പറഞ്ഞത് ചെയ്തില്ലെങ്കിൽ മാതാപിതാക്കളെയും വേണ്ടപ്പെട്ടവരെയും കൊന്നൊടുക്കുമെന്നാണ് പ്രധാന ഭീഷണി. സ്വതവേ മാനസികമായി ദുർബലരായവരെ കൃത്യമായി തളർത്തുന്നതായിരിക്കും അത്തരം നീക്കങ്ങള്‍. മാത്രമല്ല, വ്യക്തിപരമായ വിവരങ്ങൾ ഹാക്ക് ചെയ്യുന്നതിലും മിടുക്കരായിരിക്കും ഇതിനു പിന്നിലുള്ളത്. ഇരകളുടെ ഫോൺ ഹാക്ക് ചെയ്ത് അതിൽ നിന്നു ലഭിക്കുന്ന വിവരങ്ങളനുസരിച്ച് ചാറ്റിനിടെ ‘എനിക്കറിയാം ഇപ്പോൾ നിന്റെ അച്ഛൻ എവിടെയാണെന്ന്...’ എന്ന പോലുള്ള ഭീഷണികളും ഇടയ്ക്കുണ്ടാകും. അതെല്ലാം തങ്ങൾ ഒരു ‘അസാധാരണ’ ശക്തിയുള്ള ആളുടെ നിയന്ത്രണത്തിലാണെന്ന തോന്നൽ ഇരകളിലുണ്ടാക്കുന്നു. എന്നാല്‍ ഈ ചാലഞ്ചിന്റെ പേരിൽ ആത്മഹത്യകളല്ലാതെ മറ്റ് കൊലപാതക കേസുകളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നതാണു സത്യം. 

വെറോനിക്ക, യുലിയ

ഈ ചാലഞ്ചിന്റെ ആശയത്തിനു പിന്നിൽ പ്രവർത്തിച്ച ഫിലിപ് ബുഡെയ്കിൻ എന്ന ചെറുപ്പക്കാരൻ പിടിയിലായെങ്കിലും വെറും മൂന്നു വർഷത്തെ തടവുശിക്ഷയേയുള്ളൂ. ഒരു പ്രാദേശിക മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ 17 പേരുടെ മരണത്തിന് താൻ നേരിട്ട് ഉത്തരവാദിയായിട്ടുണ്ടെന്ന് ബുഡെയ്കിൻ സമ്മതിച്ചതുമാണ്. വെറുതെ കരഞ്ഞും സങ്കടപ്പെട്ടും നടന്ന് ലോകത്തിന് ഭാരമാകുന്ന ‘ബയോളജിക്കൽ വേസ്റ്റുകളെ’ കൊന്നൊടുക്കാനാണ് താനിതു ചെയ്തതെന്നും അയാളുടെ വാക്കുകൾ. പക്ഷേ 2015 നവംബറിനും 2016 ഏപ്രിലിനും ഇടയിൽ മാത്രം ഈ ചാലഞ്ചിന്റെ സ്വാധീനശക്തിയാലെന്നു സംശയിക്കുന്ന 130 ആത്മഹത്യകൾ റഷ്യയിൽ മാത്രം നടന്നു. പിന്നീട് യുകെയിലേക്ക് ഉൾപ്പെടെ പടർന്ന ഗെയിം കൊന്നൊടുക്കിയത് 530ലേറെപ്പേരെ. അതിനിടെ ദുബായിൽ ഈ ചാലഞ്ച് നിരോധിച്ചു.  ഇന്ത്യയിലെ ആത്മഹത്യ നടക്കുമ്പോൾ ബുഡെയ്കിൻ ജയിലിലാണ്. പിന്നെ ആരാണ് ഈ ഗെയിമിനു പിന്നിൽ പ്രവർത്തിക്കുന്നത്...?

നാളെ: ആത്മഹത്യ ചെയ്യിപ്പിക്കുന്ന ‘ഗെയിം’ നിങ്ങളെ തേടി വരും!