നിങ്ങളുടെ അക്കൗണ്ടുകളിലെ വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ടോ? അറിയാന്‍ വഴിയുണ്ട്

ഏതൊരാളും ആദ്യം അടിച്ചു നോക്കുന്ന പാസ്‌വേഡ് ഒരു പക്ഷേ 123456 ആയിരിക്കും. അത്രയേറെ എളുപ്പമുള്ളതായിട്ടും 2016ല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെട്ട പാസ്‌വേഡ് 123456 ആണെന്നാണ് സൈബര്‍ സുരക്ഷാ സ്ഥാപനമായ കീപ്പര്‍ സെക്യൂരിറ്റി. ഇത്ര ലാഘവത്തോടെ കൈകാര്യം ചെയ്യേണ്ടതല്ല പാസ്‌വേഡുകളെന്ന് ഓര്‍മിപ്പിക്കുന്ന ഇവര്‍ നിങ്ങളുടെ അക്കൗണ്ടുകളിലെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടോ എന്നറിയാനുള്ള മാര്‍ഗ്ഗവും വ്യക്തമാക്കുന്നുണ്ട്. 

നമ്പറുകളായാലും അക്ഷരങ്ങളായാലും അവ ഓര്‍ത്തുവെക്കാനുള്ള ബുദ്ധിമുട്ടാണ് പലരേയും എളുപ്പമുള്ള പാസ്‌വേഡുകളിലേക്ക് ആകര്‍ഷിക്കുന്നത്. ഒരേ പാസ്‌വേഡ് വ്യത്യസ്ഥ അക്കൗണ്ടുകള്‍ക്ക് നല്‍കുന്നതും പൊതുവെ കണ്ടുവരുന്ന രീതിയാണ്. എന്നാല്‍ സാങ്കേതികവിദ്യക്ക് ജീവിതത്തില്‍ ഓരോ ഘട്ടത്തിലും അതീവ സ്വാധീനമുള്ള ആധുനിക കാലത്ത് ഇത്തരം എളുപ്പപ്പണികള്‍ ഗുണത്തേക്കാള്‍ ദോഷമേ ചെയ്യൂ എന്നാണ് സൈബര്‍ സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്. 

നമ്മുടെ അക്കൗണ്ടിലെ വിവരങ്ങള്‍ മറ്റാരെങ്കിലും മോഷ്്ടിച്ചാല്‍ തന്നെ നമുക്ക് അക്കാര്യം അറിയണമെന്നില്ല. നിങ്ങളുടെ ഇമെയില്‍ എത്രത്തോളം സുരക്ഷിതമാണെന്ന് മനസിലാക്കാന്‍ സഹായിക്കുന്ന വെബ് സൈറ്റാണ് haveibeenpwned.com മുന്‍ വര്‍ഷങ്ങളില്‍ 300 ദശലക്ഷത്തിലേറെ പാസ്‌വേഡുകള്‍ ഹാക്കര്‍മാര്‍ തകര്‍ത്തിട്ടുണ്ടെന്നാണ് സൈബര്‍ സുരക്ഷാ വിദഗ്ധനായ ട്രോയ് ഹണ്ടിന്റെ വെളിപ്പെടുത്തല്‍. 391 കോടിയിലേറെ ഓണ്‍ലൈന്‍ അക്കൗണ്ടുകളിലെ വിവരങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഹാക്കര്‍മാരുടെ കൈകളിലെത്തിയിട്ടുണ്ടെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നു. 

നിങ്ങളുടെ ഇമെയില്‍ അക്കൗണ്ട് ഇത്തരത്തില്‍ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ട പട്ടികയിലാണോ എന്നറിയാന്‍ ഈ വെബ് സൈറ്റിന്റെ (haveibeenpwned.com) സഹായം തേടാവുന്നതാണ്. ഇമെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെങ്കില്‍ അക്കാര്യം സന്ദേശമായി കാണിച്ചു തരും. എത്ര തവണ നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന വിവരമാണ് ലഭിക്കുക. കൂടുതല്‍ ആഴത്തിലുള്ള വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ വെബ് സൈറ്റ് സബ്‌സ്‌ക്രൈബ് ചെയ്യണം.