‘പതിനേഴുകാരി ഭീഷണിപ്പെടുത്തി, ‘മരണഗെയിം’ ടാസ്കുകൾ ചെയ്തില്ലെങ്കിൽ കൊല്ലും’

ഓൺലൈൻ കില്ലർ ഗെയിം ഭീതി വിട്ടുമാറുന്നില്ല. രാജ്യത്തിനകത്തും പുറത്തും ദിവസവും നിരവധി കുട്ടികളാണ് ജീവനൊടുക്കുന്നത്. ഇന്ത്യയിൽ തന്നെ കില്ലർ ഗെയിമുമായി ബന്ധപ്പെട്ടുള്ള ഒരു ദുരന്ത വാർത്തയെങ്കിലും ദിവസവും പുറത്തുവരുന്നുണ്ട്. ഏറ്റവും അവസാനമായി തമിഴ്നാട്ടിൽ ഒരു വിദ്യാർഥി കൂടി ജീവനൊടുക്കിയിരിക്കുന്നു. ഇതിനിടെ ബ്ലൂവെയ്‌ൽ ഗെയിമിന് പിന്നിൽ പ്രവർത്തിച്ചിരുന്ന പതിനേഴുകാരി കഴിഞ്ഞ ദിവസം അറസ്റ്റിലായി.

ജീവനൊടുക്കാനുള്ള ടാസ്കുകൾ നൽകിയിരുന്ന അഡ്മിനിസ്ട്രേറ്ററാണ് അറസ്റ്റിലായിരിക്കുന്നത്. ലോകം ഒന്നടങ്കമുള്ള ബ്ലൂവെയ്‍‌ൽ കളിക്കാരെ നിയന്ത്രിച്ചിരുന്നത് റഷ്യയിൽ അറസ്റ്റിലായ പതിനേഴുകാരിയാണെന്നും സൂചനയുണ്ട്. ഗെയിം നിർമാതാവ് നേരത്തെ തന്നെ അറസ്റ്റിലായിരുന്നു. ഇതിനു ശേഷം ഗെയിം നിയന്ത്രിച്ചിരുന്നത് പതിനേഴുകാരി ആയിരുന്നുവെന്നും സൂചനയുണ്ട്.

ടാസ്കുകൾ പൂർത്തിയാക്കിയില്ലെങ്കിൽ ഗെയിം കളിക്കുന്നവരുടെ ജീവനെടുക്കുമെന്ന വരെ പതിനേഴുകാരി ഭീഷണിപ്പെടുത്തിയിരുന്നു. ബ്ലൂവെയ്‌ൽ ചാലഞ്ചിന്റെ അഡ്മിൻ സ്ഥാനത്ത് ഇതാദ്യമായാണ് ഒരു പെൺകുട്ടി പിടിയിലാകുന്നത്.

കിഴക്കൻ റഷ്യയിലെ ഹബാറോസ്കി ക്രയ്‌യിലുള്ള പെൺകുട്ടിയുടെ വീട്ടിൽ നടത്തിയ റെയ്ഡിനു ശേഷമായിരുന്നു അറസ്റ്റ്. ഗെയിം നിർമാതാവിന്റെ ഫോട്ടോയും ഗെയിം കളിച്ചിരുന്നവർ അയച്ചുകൊടുത്ത ചിത്രങ്ങളും ഇവരുടെ റൂമിൽ നിന്ന് കണ്ടെത്തി.