ബോയിങ്ങിന്റെ രഹസ്യ വിമാനം, റണ്‍വേയുടെ ആവശ്യമില്ല, കുത്തനെ പറന്നുയരും

പ്രതിരോധ രംഗത്തെ വിമാനങ്ങളുടെ ഭാവി മാറ്റുമറിക്കുമെന്ന വിശേഷണമുള്ള രഹസ്യവിമാനം അമേരിക്കന്‍ വിമാന കമ്പനിയായ ബോയിംങ് നിര്‍മിക്കുന്നു. ബോയിങ്ങിന്റെ പ്രതിരോധ വിഭാഗമാണ് പുതിയ വിമാനത്തിന്റെ നിര്‍മാണത്തിന് പിന്നില്‍. കറുത്ത തുണികൊണ്ട് മൂടിക്കെട്ടിയ ഈ വിമാനം പ്രദര്‍ശിപ്പിച്ചത് ദുരൂഹത ഒന്നുകൂടി വര്‍ധിപ്പിച്ചിരിക്കുകയാണ് ബോയിങ്. 

റണ്‍വേയുടെ ആവശ്യമില്ലാത്ത കുത്തനെ പറന്നുയരാനും ഇറങ്ങാനും കഴിയുന്ന വിമാനമായിരിക്കും ബോയിംങ് നിര്‍മ്മിക്കുന്നതെന്ന സൂചനകള്‍ പുറത്തുവന്നു കഴിഞ്ഞു. ഈ വിമാനത്തിന്റെ വിശദാംശങ്ങള്‍ അധികം വൈകാതെ പുറത്തുവിടുമെന്നും ബോയിങ് അറിയിച്ചിട്ടുണ്ട്. ബോയിങ് ഔദ്യോഗികമായി വിശദാംശങ്ങള്‍ പുറത്തുവിടും മുൻപെ നിരവധി അഭ്യൂഹങ്ങളാണ് പരക്കുന്നത്. ബഹിരാകാശ വിമാനം മുതല്‍ വൈദ്യുതി പോര്‍വിമാനം വരെയുള്ള സാധ്യതകളാണ് പ്രചരിക്കുന്നത്. 

ഈവര്‍ഷമാദ്യം ഓറ ഫ്‌ളൈറ്റ് സയന്‍സസ് കോര്‍പറേഷനെ ബോയിങ് വാങ്ങിയിരുന്നു. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന പൈലറ്റില്ലാ വിമാനങ്ങളുടെ മേഖലയില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ സ്വന്തമാക്കിയ കമ്പനിയാണിത്. വൈദ്യുതി ഉപയോഗിച്ച് പ്രതിരോധ- വ്യാവസായിക ആവശ്യങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള വിമാനങ്ങള്‍ നിര്‍മിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. കഴിഞ്ഞ വര്‍ഷം കുത്തനെ പറന്നുയരാനും ഇറങ്ങാനും ശേഷിയുള്ള വിമാനങ്ങള്‍ നിര്‍മിക്കാനുള്ള ഒരു കരാര്‍ 89 ദശലക്ഷം ഡോളറിന് ഓറ സ്വന്തമാക്കിയിരുന്നു. ബോയിങ്ങിനെ പരാജയപ്പെടുത്തിയാണ് ഈ കരാര്‍ ഓറ നേടിയിരുന്നത്. 

ഒരേസമയം ഹെലിക്കോപ്റ്ററിലേയും വിമാനങ്ങളിലേയും സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് ഓറ വിമാനങ്ങള്‍ നിര്‍മിച്ചത്. കുത്തനെ പറന്നുയരുന്നതിനും ഇറങ്ങുന്നതിനും ഹെലിക്കോപ്റ്റര്‍ മാതൃകയിലുള്ള കറങ്ങുന്ന ഭാഗങ്ങളും ദിശാ, വേഗതാ നിയന്ത്രണത്തിന് വിമാനത്തിന്റേതുപോലുള്ള ചിറകുകളുമായിരുന്നു ഇവരുടെ വിമാനങ്ങള്‍ക്ക്. ബോയിങ്ങുമായി കരാറിലെത്തിയ ശേഷം മുപ്പതോളം പൈലറ്റില്ലാ വിമാനങ്ങള്‍ ഓറ നിര്‍മിക്കുകയും വിജയകരമായി പരീക്ഷിക്കുകയും ചെയ്തിരുന്നു. 

പൈലറ്റില്ലാ വിമാനങ്ങളില്‍ ലേസര്‍ ആയുധങ്ങള്‍ പിടിപ്പിക്കുന്നതിലുള്ള താത്പര്യം നേരത്തെ തന്നെ ഓറ പ്രകടിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ലേസര്‍ ഡ്രോണായിരിക്കുമോ ബോയിങ് നിര്‍മിക്കുന്നതെന്ന പ്രചരണവും ശക്തമാണ്.