അഞ്ചു വർഷത്തേക്ക് ഫ്രീ, 500 എച്ച്ഡി ചാനലുകൾ; വൻ ഓഫറുമായി റിലയൻസ് ബിഗ്ടിവി

ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി റിലയൻസ് ബിഗ്ടിവി വൻ ഓഫറുമായി രംഗത്ത്. അഞ്ഞൂറോളം ചാനലുകളാണ് ബിഗ്ടിവി വഴി നൽകുന്നത്. ഓഫർ പ്രകാരം HVEC സെറ്റ് ടോപ് ബോക്സ് വാങ്ങുന്ന ഉപഭോക്താക്കൾക്കെല്ലാം പേ ചാനലുകൾ ഉൾപ്പടെ അഞ്ഞൂറോളം എച്ച്ഡി ചാനലുകൾ ഒരു വർഷം ഫ്രീയായി ലഭിക്കും.

ഇതിനു പുറമെ അഞ്ചു വർഷത്തേക്ക് ഫ്രീ ടു എയർ ചാനലുകളും റീചാർജ് ചെയ്യാതെ ലഭിക്കും. ബിഗ്ടിവി സെറ്റ് ടോപ് ബോക്സിന്റെ ബുക്കിങ് മാർച്ച് ഒന്നിന് തുടങ്ങി. ബിഗ് ടിവിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് ബുക്കിങ്. റെക്കോർഡിങ്, യുഎസ്ബി പോർട്ടുകൾ, യുട്യൂബ് അസ്സസ്, ടെലിവിഷൻ ഷോ റെക്കോർഡിങ് തുടങ്ങി ഫീച്ചറുകൾ ലഭ്യമാണ്. 

499 രൂപയാണ് സെറ്റ്ടോപ് ബോക്സിന്റെ വില. എന്നാൽ കണക്‌ഷൻ ആക്ടിവേറ്റ് ചെയ്യാൻ 1500 രൂപ റീചാർജ് ചെയ്യണം. കൂടാതെ ഇൻസ്റ്റാളേഷൻ ചാർജായി 250 രൂപയും നല്‍കണം. പേ ചാനലുകൾ ഒരു വർഷം മാത്രമേ കിട്ടൂ. തുടർന്നും പേ ചാനലുകൾ ലഭിക്കാൻ മാസം 300 രൂപയ്ക്ക് റീചാർജ് ചെയ്യണം. രണ്ടു വർഷം തുടർച്ചയായി റീചാർജ് ചെയ്താൽ 2000 രൂപ തിരിച്ചുകിട്ടും. ഈ തുക പിന്നീട് റീചാർജിങ്ങിന് ഉപയോഗിക്കാം.