ഓണ്‍ലൈന്‍ വിപണിയിൽ പുലിയിറങ്ങും? ഫ്‌ളിപ്കാര്‍ട്ടിനെ വാങ്ങാൻ ആമസോണും വാൾമാർട്ടും

ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ട് വാങ്ങാന്‍ ലോകത്തെ ഓണ്‍ലൈന്‍ വ്യവസായ ഭീമന്‍ ആമസോണ്‍ ചര്‍ച്ച നടത്തുന്ന കാര്യം കഴിഞ്ഞ ദിവസം കണ്ടിരുന്നല്ലോ. കുറച്ചു കാലമായി ഫ്‌ളിപ്കാര്‍ട്ട് വാങ്ങലുമായി ബന്ധപ്പെടുത്തി ആമസോണിന്റെ പേരു കേട്ടിരുന്നില്ല. പക്ഷേ, ഇപ്പോള്‍ എന്തിനാണ് അവര്‍ ചാടി വീണിരിക്കുന്നത്? ഇന്ത്യന്‍ ബിസിനസ് രംഗം കണ്ടതില്‍ വച്ച് ഏറ്റവും വലിയ വില്‍പന നടക്കുമെന്നതാണ് ഒരിക്കല്‍ കൂടി ഭാഗ്യം പരീക്ഷിക്കാന്‍ ആമസോണിനെ പ്രേരിപ്പിച്ചതെന്ന് വരികള്‍ക്കിടയില്‍ വായിച്ചാല്‍ തോന്നും.

ആമസോണിന്റെ പ്രമുഖ എതിരാളിയായ വോള്‍മാര്‍ട്ട് (Walmart) ഫ്‌ളിപ്കാര്‍ട്ടുമായി നടത്തിയ ഏറ്റെടുക്കല്‍ ചര്‍ച്ച ഏകദേശം വിജയത്തോട് അടുക്കുന്നു എന്നതാണ് ആമസോണിനെ ഒരിക്കല്‍ കൂടി ഭാഗ്യപരീക്ഷണത്തിനു പ്രേരിപ്പിക്കുന്നത്‍. ലോകത്തെ ഏറ്റവും വലിയ റീട്ടെയിൽ കോര്‍പറേഷനാണ് വോള്‍മാര്‍ട്ട്. പക്ഷേ അവര്‍ക്ക് ഓണ്‍ലൈന്‍ റീട്ടെയിൽ വിപണിയില്‍ കാര്യമായ സാന്നിധ്യമില്ല. അവര്‍ ഫ്‌ളിപ്കാര്‍ട്ടിന്റെ 40 മുതല്‍ 51 ശതമാനം വരെയോ അതില്‍ കൂടുതലോ ഓഹരി വാങ്ങാന്‍ തയാറാണെന്നാണ് പറയുന്നത്.
ഫ്‌ളിപ്കാര്‍ട്ടും വോള്‍മാര്‍ട്ടും തമ്മിലുള്ള ചര്‍ച്ചകള്‍ വളരെ പുരോഗമിച്ചിരിക്കുന്നുവത്രെ. അതിനിടയിലാണ് ആമസോണ്‍ കളത്തിലിറങ്ങുന്നത്. ആമസോണ്‍ എത്ര ശ്രമിച്ചിട്ടും ഇന്ത്യയില്‍ ഫ്‌ളിപ്കാര്‍ട്ടിനു മുന്നിലെത്താന്‍ കഴിഞ്ഞിട്ടില്ല. അപ്പോള്‍, ഫ്‌ളിപ്കാര്‍ട്ടും വോള്‍മാര്‍ട്ടും ഒരുമിച്ചാലുള്ള സ്ഥിതി എന്താകുമെന്നതാണ് ആമസോണിനെ അലട്ടുന്ന പ്രശ്‌നങ്ങളിലൊന്ന്.

ഇതാദ്യമല്ല വോള്‍മാര്‍ട്ട് ഫ്‌ളിപ്കാര്‍ട്ടുമായി ചര്‍ച്ച നടത്തുന്നത്. 2016ല്‍ ഇരു കമ്പനികളും ഒരു മേശയ്ക്ക് ഇരുപുറവുമിരുന്ന് ചര്‍ച്ച നടത്തിയിട്ടുണ്ട്. എന്നാല്‍, അതൊന്നും എങ്ങുെമത്തിയില്ല. അതിനു ശേഷവും ഫ്‌ളിപ്കാര്‍ട്ട് വോള്‍മാര്‍ട്ടിന്റെ 'നോട്ടപ്പുള്ളിയായിരുന്നു' എന്നാണ് ഇപ്പോള്‍ മനസ്സിലാകുന്നത്. ഫ്‌ളിപ്കാര്‍ട്ടില്‍ 51 ശതമാനം പങ്കാളിത്തത്തിനും ഉടമസ്ഥതാ അവകാശത്തിനുമായി വോള്‍മാര്‍ട്ട് 10 മുതല്‍ 12 വരെ ബില്ല്യന്‍ ഡോളറാണ് ഇറക്കുന്നതെന്നാണ് വാര്‍ത്തകള്‍. ആമസോണ്‍ ഇത്രയും വലിയ തുക ഫ്‌ളിപ്കാര്‍ട്ടിനായി മുടക്കാന്‍ ശ്രമിച്ചാല്‍ കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ സമ്മതിക്കണമെന്നില്ല എന്നതാണ് ആമസോണിന്റെ പ്രശ്‌നമത്രേ.

വികസിത രാജ്യങ്ങളില്‍ ഓണ്‍ലൈന്‍ വ്യാപാരം ഏതാണ്ട് പൂര്‍ണ വളര്‍ച്ചയെത്തിക്കഴിഞ്ഞു. എന്നാല്‍ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ വന്‍ വളര്‍ച്ചാ സാധ്യതയാണ് അതിനുള്ളത്. ഇന്ത്യയിലെ ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ കോംപൗണ്ട് ആന്യുവല്‍ ഗ്രോത് റേറ്റ് (Compound Annual Growth Rate (CAGR) ഏകദേശം 30 ശതമാനമാണത്രെ. 2026 ല്‍ എത്തമ്പോള്‍ ഇന്ത്യയില്‍ 200 ബില്ല്യന്‍ ഡോളറിന്റെ ഓണ്‍ലൈന്‍ കച്ചവടം നടന്നേക്കുമെന്നാണ് വിലയിരുത്തല്‍. അതാണ് ഫ്‌ളിപ്കാര്‍ട്ട് പോലെയൊരു പേരെടുത്ത വ്യാപാരസ്ഥാപനത്തിനു വേണ്ടി ആഗോള ബിസിനസ് ഭീമന്മാര്‍ രംഗത്തിറങ്ങാന്‍ കാരണം. ഫ്‌ളിപ്കാര്‍ട്ടാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമെന്നു പറയുന്നുണ്ടെങ്കിലും അങ്ങനെയല്ല, ആമസോണ്‍ ആണ് ഏറ്റവുമധികം കച്ചവടം നടത്തുന്നതെന്ന് വാദിക്കുന്നവരും ഉണ്ട്. എന്തായാലും ഇരു കമ്പനികളും ഇപ്പോള്‍ ഒപ്പത്തിനൊപ്പം ആണെന്നു കരുതാം. ചെറിയൊരു ലീഡ് ചിലപ്പോള്‍ ഫ്‌ളിപ്കാര്‍ട്ടിനു കണ്ടേക്കുമെന്നു മാത്രം.

സച്ചിനും ബിന്നിയും

സച്ചിന്‍ ബന്‍സാലും ബിന്നി ബന്‍സാലും 2007 ല്‍ ഓണ്‍ലൈൻ പുസ്തക വിൽപനയുമായി ചെറിയ രീതിയില്‍ തുടങ്ങിയതാണ് ഫ്‌ളിപ്കാര്‍ട്ട്. 'പരമ്പരാഗത' വ്യാപാരികളെ നാണിപ്പിക്കുന്ന വിജയമാണ് അവര്‍ നേടിയത്. ആമസോണില്‍നിന്ന് ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചെത്തിയ അവര്‍ ഇന്ത്യയില്‍ കണ്ണഞ്ചിപ്പിക്കുന്ന രീതിയിലാണ് ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കിയത്; അതും നിസ്സാരസമയം കൊണ്ട്. ഇത്രകാലം വില്‍ക്കാതെ പിടിച്ചു നിന്ന അവരുടെ മനസ്സില്‍ മറ്റെന്തെങ്കിലും പുതിയ ചിന്ത കടന്നുകൂടിയിട്ടുണ്ടാകുമോ? ഫ്‌ളിപ്കാര്‍ട്ട് ഇപ്പോള്‍ വില്‍ക്കുന്നെങ്കില്‍ ബന്‍സാല്‍മാരുടെ ബിസിനസ് കൂര്‍മബുദ്ധിയില്‍ എന്തെങ്കിലും അപകടം കണ്ടു തുടങ്ങിയോ?

ഇന്ത്യന്‍ ഓണ്‍ലൈന്‍ വ്യാപാര മേഖലയില്‍ പുലിയിറങ്ങുമോ?

ഏകദേശം ഒന്നരക്കൊല്ലം മുൻപ് കേവലം 1GB ഡേറ്റയ്ക്ക് ഒരു നാണവുമില്ലാതെ 249 രൂപ ഈടാക്കിയിരുന്ന സര്‍വീസ് പ്രൊവൈഡര്‍മാര്‍ ഇന്ത്യയില്‍ ഉണ്ടായിരുണ്ടായിരുന്നല്ലോ. ഇതു വാങ്ങി, ‘ഒരു ഗ്ലാസ് വെള്ളത്തില്‍ കുളിച്ചു’ എന്നു പറയുന്നതു പോലെ ഒരു മാസം എത്തിച്ചിരുന്നവരാണ് ഇന്ത്യന്‍ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കൾ. അവരുടെ ഇടയിലേക്കാണ് ഡേറ്റാ പെരുമഴ പെയ്യിച്ച് ജിയോ ഇറങ്ങിയത്. 249 രൂപയ്ക്കു ഡേറ്റ വിറ്റു കൊഴുത്തവര്‍ പോയ വഴി കണ്ടില്ല. അതുപോലെ റിലയന്‍സ് 2020 ഓടെ ഓണ്‍ലൈന്‍ വില്‍പനയിലേക്കും ഇറങ്ങിയേക്കുമെ‌ന്ന് അഭ്യൂഹങ്ങളുണ്ട്. അവര്‍ നല്‍കിയേക്കാവുന്ന അപ്രതീക്ഷിത ഓഫറുകളുടെ കുത്തൊഴുക്കില്‍ ഫ്‌ളിപ്കാര്‍ട്ടിന് ഭീഷണി നേരിട്ടേക്കാമെന്ന തോന്നലാകുമോ കമ്പനിയുടെ മുതലാളിമാര്‍ ഇപ്പോള്‍ വിറ്റ് കുറച്ചു കാശ് ഊരിയെടുക്കാമെന്നു കരുതാന്‍ കാരണം? നഷ്ടമൊക്കെ സായിപ്പിനിരിക്കട്ടെ എന്നവര്‍ കരുതിയോ?

മറ്റൊരു കാര്യം കൂടിയുണ്ട്. ഫ്‌ളിപ്കാര്‍ട്ട് ഏറ്റെടുക്കല്‍ അഭ്യൂഹങ്ങള്‍ ഇങ്ങനെ പലപ്പോഴും ഉയര്‍ന്നു വരാറുണ്ട്. അത് ഒരിക്കലും നടന്നിട്ടില്ല. ഇത്തവണയും അതു നടക്കാതിരിക്കാനും സാധ്യതയുണ്ട്. അങ്ങനെയാണെങ്കില്‍ ഒരുപക്ഷേ, മുകേഷ് അംബാനിയും ഫ്‌ളിപ്കാര്‍ട്ടില്‍ കണ്ണു വച്ചേക്കാം.