എയർടെല്ലിന് 95,228.5 കോടി കടം, വിപണി തകർന്നു, ജിയോ ഫ്രീ സൂനാമി ‘വില്ലൻ’

രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ എയർടെൽ വൻ പ്രതിസന്ധിയിൽ. മുകേഷ് അംബാനിയുടെ ജിയോ വന്നതോടെ ടെലികോം വിപണി ഒന്നടങ്കം പ്രതിസന്ധിയിലായി. ഇതിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടതും എയർടെലിന് തന്നെ. ജിയോയ്ക്ക് പുറമെ ട്രായിയുടെ ചില പരിഷ്കാരങ്ങളും എയർടെല്ലിന് തിരിച്ചടിയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിലെ കണക്കുകൾ എയർടെല്ലിനെ ഏറെ വേദനിപ്പിക്കുന്നതാണ്.

നാലാം പാദത്തിലെ കമ്പനിയുടെ അറ്റാദായം 77.79 ശതമാനം ഇടിഞ്ഞ് 82.90 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം ഇക്കാലയളവിൽ ഇത് 373.40 കോടി രൂപയായിരുന്നു. ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം 305.80 കോടി രൂപയുമായിരുന്നു. 

വിപണിയിലെ താരീഫ് യുദ്ധം തന്നെയാണ് എയർടെല്ലിന്റെ ലാഭം കുത്തനെ കുറച്ചത്. ഇതിനു പുറമെ ട്രായിയുടെ ചില പരിഷ്കാരങ്ങളും എയർടെല്ലിനെ പ്രതിസന്ധിയിലാക്കി. രാജ്യത്തിനകത്തും പുറത്തു നിന്നുമുള്ള ഇന്റർകണക്‌ഷൻ നിരക്കുകൾ വെട്ടിക്കുറച്ചതും താരിഫ് മൽസരവും എയർടെല്ലിന്റെ ലാഭം കുറച്ചു.

ജിയോ ഫ്രീ സൂനാമിയില്‍ തട്ടി എയർടെല്ലിന്റെ എല്ലാ മേഖലകളും തകർന്നു. 15 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ലാഭത്തിലേക്കാണ് എയർടെൽ കൂപ്പുകുത്തിയത്. 2003ന് ശേഷമുള്ള എയർെടല്ലിന്റെ ഏറ്റവും കുറഞ്ഞ നിരക്കാണിത്​. 2015-16 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ എയർടെല്ലിന് 1,290 കോടി രൂപ ലാഭമുണ്ടായിരുന്നു. ജിയോ വന്നതോടെ എയർടെൽ ലാഭം തകർന്ന് കേവലം 82.90 കോടി രൂപയിലെത്തി.

എയർടെല്ലിന്റെ മൊത്ത വരുമാനം 10.48 ശതമാനം ഇടിഞ്ഞ് 19,634.30 കോടിയായി. കഴിഞ്ഞ വർഷം ഇക്കാലയളവിൽ ഇത് 21,934.60 കോടി രൂപയായിരുന്നു. നാലാം പാദത്തിലെ കണക്കുകൾ പ്രകാരം കമ്പനിയുടെ കടം 95,228.5 കോടി രൂപയാണ്. മൂന്നാം പാദത്തിൽ ഇത് 91,713.9 കോടി രൂപയായിരുന്നു.

ഇന്റർ കണക്ട് യൂസേജ് ചാർജായും രാജ്യാന്തര ഇൻകമിങ് കോളുകൾക്ക് ലഭിച്ചിരുന്ന തുകയും വെട്ടിക്കുറച്ചതോടെ കമ്പനിക്ക് വൻ നഷ്ടമാണ് നേരിട്ടത്. ഇതുവഴി എയർടെല്ലിന് ലഭിച്ചത് 123.5 കോടി രൂപ മാത്രമാണ്.