കേന്ദ്ര സർക്കാർ ആധാർ കൈവിട്ടു, മൊബൈൽ ലിങ്കിങ് നിശ്ചലം? ലക്ഷ്യമെന്ത്?

രാജ്യസുരക്ഷ മുൻനിർത്തി ടെലികോം സേവനദാതാക്കളുടെ സിം ലഭിക്കാൻ ആധാർ വേണമെന്ന് നിർബന്ധം പിടിച്ചിരുന്ന കേന്ദ്ര ടെലികോം മന്ത്രാലയം നയം മാറ്റിയിരിക്കുന്നു. ആധാർ ഇല്ലെങ്കിലും സിം നിഷേധിക്കരുതെന്നാണ് കേന്ദ്രസർക്കാർ നിർദേശം നൽകിയിരിക്കുന്നത്. ആധാർ നയങ്ങളെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്തതോടെ ഒന്നും പറയാനാകാത്ത അവസ്ഥയാണ് സർക്കാരിന്.

ആധാർ ഇല്ലാത്തവർ എടുത്തിട്ട് സിമ്മെടുത്താൽ മതിയെന്ന് വാദിച്ചിരുന്ന കേന്ദ്ര സർക്കാർ ഇപ്പോൾ പറയുന്നത് ഡ്രൈവിങ് ലൈസൻസ്, പാസ്പോര്‍ട്ട്, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് എന്നിങ്ങനെ ഏതെങ്കിലും രേഖ ആധാറിനു പകരമായി സ്വീകരിച്ച് സിംകാർഡ് വിതരണം ചെയ്യാനാണ്. ആധാറിന്റെ പേരിൽ ഉപഭോക്താക്കളെ ബുദ്ധിമുട്ടിപ്പിക്കരുതെന്നാണ് ടെലികോം കമ്പനികളെ അറിയിച്ചിരിക്കുന്നത്.

എന്നാൽ ചില ടെലികോം കമ്പനികളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് കേന്ദ്ര സര്‍ക്കാർ നയം മാറ്റിയതെന്നും സൂചനയുണ്ട്. മിക്ക ടെലികോം കമ്പനികളും ടാർഗറ്റ് തികയ്ക്കാൻ പാടുപെടുകയാണ്. ഇതിനാൽ തന്നെ കൂടുതൽ വരിക്കാരെ സ്വന്തമാക്കാൻ ആധാറിന് പകരം മറ്റു രേഖകൾ സ്വീകരിച്ചേ മതിയാകൂ.

മൊബൈൽ– ആധാർ ലിങ്കിങ് നിശ്ചലം

കഴിഞ്ഞ ആറു മാസത്തിനിടെ ടെലികോം മേഖലയിലെ വലിയ സംഭവമായിരുന്നു മൊബൈൽ– ആധാർ ലിങ്കിങ്. ആധാർ ലിങ്ക് ചെയ്തില്ലെങ്കിൽ നിലവിലെ എല്ലാ സിമ്മുകളും റദ്ദാക്കുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. ഇതോടെ പലരും മണിക്കൂറുകളോളം വരിനിന്ന്, ഭയന്ന് കൈയ്യിലുള്ള സിമ്മുകളെല്ലാം ആധാറുമായി ലിങ്ക് ചെയ്തു. എന്നിട്ടും ലിങ്ക് ചെയ്യാത്തവരെ ടെലികോം കമ്പനികൾ ഓരോ മണിക്കൂറിലും വിളിച്ചും മെസേജിലൂടെയും അറിയിച്ചു.

2018 മാർച്ച് 31നകം രാജ്യത്തെ എല്ലാം മൊബൈൽ സിമ്മുകളും ആധാറുമായി ലിങ്ക് ചെയ്യണമെന്നാണ് ടെലികോം മന്ത്രാലയം ഉത്തരവിട്ടിരുന്നത്. എന്നാൽ ആധാർ കേസുകൾ കോടതിയിൽ എത്തിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ആധാറുമായുള്ള കേസുകൾ തീരാതെ വ്യക്തി വിവരങ്ങൾ ലിങ്ക് ചെയ്യാൻ ആരെയും നിർബന്ധിപ്പിക്കരുതെന്ന് കോടതി പറഞ്ഞു. ഇതോടെയാണ് ടെലികോം കമ്പനികൾക്കും വരിക്കാർക്കും നേരിയ ആശ്വാസമായത്. 

ആധാർ ബന്ധിപ്പിക്കാത്തതിന്റെ പേരിൽ സേവനങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കരുതെന്നാണ് കോടതി പലപ്പോഴായി പറഞ്ഞിട്ടുള്ളത്. എന്നാൽ കഴിയുന്നത്ര സേവനങ്ങളുമായി ആധാർ ലിങ്ക് ചെയ്യാൻ വിവിധ മന്ത്രാലയങ്ങളും മുന്നിട്ടറങ്ങി. ഇതിനിടെ ലിങ്ക് ചെയ്തവരുടെ വ്യക്തിവിരങ്ങളും ആധാർ നമ്പറുകളുമെല്ലാം ഓൺലൈനിൽ പ്രചരിക്കാൻ തുടങ്ങിയത് മറ്റൊരു തലവേദനയായി. ആധാർ ഹാക്കിങും ചോർത്തലും ഇന്നും വ്യാപകമാണ്. 

അതേസമയം, ആധാറുമായി മൊബൈൽ ബന്ധിപ്പിക്കാൻ ഉത്തരവിറക്കിയിട്ടില്ലെന്ന് സുപ്രീം കോടതിയും വ്യക്തമാക്കിയതോടെ സർക്കാർ വീണ്ടും പ്രതിക്കൂട്ടിലായി. രാജ്യത്തെ പൗരൻമാരുടെ മൊബൈലുകളെല്ലാം ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരവ് ഇറക്കിയിട്ടില്ല. സർക്കാർ എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നും കോടതി ചോദിച്ചു. 

ആധാർ സംബന്ധിച്ച് ഫെബ്രുവരി ആറിന് ഇറക്കിയ കോടതി ഉത്തരവിനെ കേന്ദ്രം ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ആധാറുമായി മൊബൈൽ ലിങ്ക് ചെയ്യാൻ നിർബന്ധിപ്പിച്ചു. ഉപഭോക്താവിന്റെ വ്യക്തി സ്വാതന്ത്ര്യത്തെ തടസ്സപെടുത്താൻ സർക്കാരിന് അധികാരമില്ലെന്നും സുപ്രീം കോടതി പറഞ്ഞു. 

ഇതിനിടെ ടെലികോം സേവന ദാതാക്കൾക്ക് ലൈസൻസിന് നിബന്ധന വയ്ക്കാൻ കേന്ദ്രത്തിന് അവകാശമുണ്ടെന്ന് വാദിച്ച് യുഐഡിഎഐ വക്താവ് രംഗത്തെത്തി. എന്നാൽ ഉപഭോക്താവിന്റെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്ത് നിബന്ധന വയ്ക്കാൻ സർക്കാരിന് ഒരവകാശവും ഇല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 

മൊബൈൽ സിം ആധാറുമായി ബന്ധിപ്പിക്കുന്നതിനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധം നടക്കുകയാണ്. രാഷ്ട്രീയ പാർട്ടികൾ തന്നെ ഇതിനെതിരെ രംഗത്തുവന്നിരുന്നു. ആധാറുമായി ലിങ്കു ചെയ്തില്ലെന്ന എന്ന കാരണം പറഞ്ഞ് കണക്‌ഷൻ റദ്ദാക്കാനാകില്ലെന്ന് കോടതിയും പറഞ്ഞിട്ടുണ്ട്. എന്നാൽ, എന്തു വന്നാലും തന്‍റെ ഫോൺ ആധാറുമായി ലിങ്ക് ചെയ്യില്ലെന്ന് ബംഗാൾ മുഖ്യ മന്ത്രി മമതാ ബാനർജി വ്യക്തമാക്കി രംഗത്തു വന്നിരുന്നു. ഇതിന്‍റെ പേരിൽ തന്‍റെ കണക്‌ഷൻ റദ്ദാക്കുകയാണെങ്കിൽ അങ്ങനെ ആവട്ടെ. അതു വഴി എനിക്ക് ഒരുപാട് സമയം ഒഴിവായി കിട്ടുമെന്നും മമത പറഞ്ഞു. ആധാറുമായി ലിങ്കു ചെയ്യാത്ത ഫോൺ കണക്‌ഷൻ റദ്ദാക്കുകയാണെങ്കിൽ എത്ര പേരുടെ കണക്‌ഷൻ റദ്ദാക്കുമെന്നും അവർ ചോദിച്ചു. മൊബൈൽ ആധാറുമായി ബന്ധിപ്പിക്കരുതെന്ന് അവർ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.