സ്ത്രീകൾക്കെതിരെ പീഡനം, ബലാത്സംഗം: 103 ഊബർ ഡ്രൈവർമാർ പ്രതികൾ

അമേരിക്കയിലെ ഊബർ ഡ്രൈവർമാർക്കിടയിൽ കുറ്റവാളികൾ കൂടുന്നുവെന്ന് റിപ്പോർട്ട്. അമേരിക്കയിലെ 20 നഗരങ്ങളിൽ നിന്നുള്ള പൊലീസ് റിപ്പോർട്ട് പ്രകാരം 103 ഊബർ ഡ്രൈവർമാർക്കെതിരെ ലൈംഗിക പീഡനത്തിന് കേസ് ഫയൽ ചെയ്തിട്ടുണ്ട്.

സിഎൻഎൻ റിപ്പോർട്ട് പ്രകാരം സ്ത്രീകൾക്കതിരെയുള്ള ഊബർ ടാക്സി ഡ്രൈവർമാരുടെ ആക്രമണം കൂടുന്നുണ്ടെന്നാണ്. പതിമൂന്ന് ഡ്രൈവർമാർക്കെതിരെ ബലാത്സംഗത്തിനാണ് കേസെടുത്തിരിക്കുന്നത്. ഓൺലൈൻ ടാക്സി സർവീസുകൾ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഭീതിപ്പെടുത്തുന്നതാണെന്നാണ് എൻബിസി ടുഡെ റിപ്പോർട്ട് പറയുന്നത്.

മറ്റ് ടാക്‌സി സേവനങ്ങളേക്കാൾ ഊബര്‍ ടാക്‌സി യാത്രക്കാർക്ക് കൂടുതല്‍ സുരക്ഷിതമാണെന്നാണ് കമ്പനി വാദിച്ചിരുന്നത്. നിരക്കുകൾ കുറവാണെങ്കിലും സുരക്ഷയുടെ കാര്യത്തിൽ ഊബര്‍ പിന്നോട്ടാണെന്നാണ് ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

സാന്‍ഫ്രാന്‍സിസ്‌കോ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഊബര്‍ ടെക്‌നോളജീസ് എന്ന കമ്പനിയിലെ ജീവനക്കാരെ കുറിച്ച് അമേരിക്കയിൽ തന്നെയാണ് ഏറ്റവും കൂടുതൽ പരാതി. ഇന്ത്യ, ഇംഗ്ലണ്ട് അടക്കമുള്ള രാജ്യങ്ങളില്‍ ഊബര്‍ ടാക്‌സികള്‍ ജനകീയമായി വരുന്നതിനിടെയാണ് ഡ്രൈവർമാരുടെ സ്ത്രീകൾക്കെതിരെയുള്ള ആക്രമണ കേസുകളും റിപ്പോർട്ട് ചെയ്യുന്നത്.