വിപണി വിഴുങ്ങാൻ ജിയോയ്ക്ക് 2 ലക്ഷം കോടി, നട്ടം തിരിഞ്ഞ് സ്വകാര്യ കമ്പനികൾ

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ ടെലികോം വിപണിയിലെ ശേഷിക്കുന്ന ഭാഗവും പിടിച്ചെടുക്കാൻ കൂടുതൽ നിക്ഷേപമിറക്കാൻ പോകുകയാണ്. 2018 ലെ വിപണി പിടിച്ചെടുക്കാൻ ഏകദേശം 60,000 കോടി രൂപയാണ് പുതിയ നിക്ഷേപമായി ജിയോ ഇറക്കുന്നത്.

ഇതോടെ ജിയോയുടെ മൊത്തം നിക്ഷേപം രണ്ടു ലക്ഷം കോടി രൂപയ്ക്ക് മുകളിൽ കടക്കും. ബ്രോഡ്ബൻഡ്, ടിറ്റിഎച്ച് (ടെലിവിഷൻ നെറ്റ്‌വർക്ക്) തുടങ്ങി സേവന വിപണികൾ പിടിച്ചെടുക്കാനും ജിയോ 4ജി സേവനത്തിന്റെ നെറ്റ്‍‌വർക്ക് വേഗം വർധിപ്പിക്കാനുമാണ് പുതിയ നിക്ഷേപം ഉപയോഗിക്കുക. ഇതോടൊപ്പം 5ജി നെറ്റ്‌വർക്ക് നടപ്പിലാക്കാൻ ഇപ്പോൾ തന്നെ പരീക്ഷണങ്ങളും നിക്ഷേപവും തുടങ്ങിയിട്ടുണ്ട്.

വൈകാതെ തന്നെ അവതരിപ്പിക്കുന്ന ജിയോഫൈബർ ബ്രോഡ്ബൻഡ് സേവനം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ ഫ്രീ സൂനാമി വീണ്ടും അവതരിപ്പിക്കുമെന്നാണ് അറിയുന്നത്. ഇതിനായി കൂടുതൽ നിക്ഷേപം വേണ്ടതുണ്ട്. നഗരങ്ങളിലും പിന്നീട് ഗ്രാമങ്ങളിലും അതിവേഗ ജിയോഫൈബർ എത്തിക്കാൻ തന്നെയാണ് ജിയോ പദ്ധതി.

റിലയൻസ് ജിയോയുടെ ഓരോ നീക്കവും മറ്റു ടെലികോം കമ്പനികൾക്ക് വൻ ഭീഷണി തന്നെയാണ്. ലക്ഷം കോടികൾ കടത്തിൽ മുങ്ങിയ കമ്പനികൾക്ക് ജിയോയുടെ ഓരോ പ്രഖ്യാപനവും ഇടിത്തീ പോലെയാണ്. നിരക്കുകൾ വെട്ടിക്കുറച്ച് കൂടുതൽ വരിക്കാരെ സ്വന്തമാക്കാനുള്ള പുതിയ പ്ലാനുകളാണ് ജിയോ അണിയറയില്‍ ഒരുക്കുന്നത്. കേവലം 4,500 രൂപയ്ക്ക് 1100 ജിബി ഡേറ്റ നൽകുന്നതോടെ ബ്രോഡ്ബാൻഡ് വിപണിയുടെ ജിയോയുടെ കൈയ്യിലൊതുങ്ങും. 

നിലവിൽ ബ്രോഡ്ബാൻഡ് രംഗത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഭാർതി എയർടെല്ലിനെ സംബന്ധിച്ചിടത്തോളം ജിയോയുടെ പുതിയ നിക്ഷേപം വൻ ഭീഷണി തന്നെയാണ്. ജിയോഫൈബർ വന്നാൽ വൻ നഷ്ടം നേരിടുക എയർടെല്ലിന് തന്നെയായിരിക്കും.