ജിയോ: ഇന്നലെ ‘ഫ്രീ സൂനാമി’, നാളെ വരുന്നത് ഇതിലും വലിയ ഓഫർ; യുദ്ധത്തിൽ ജയം വരിക്കാർക്ക്

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കൾ തമ്മിലുള്ള മൽസരം കൂടുതൽ ശക്തമാകുകയാണ്. മാസങ്ങൾക്ക് മുൻപ് പ്രീപെയ്ഡ് ഡേറ്റാ നിരക്കുകൾ കുത്തനെ വെട്ടിക്കുറച്ച റിലയൻസ് ജിയോ ദിവസങ്ങൾക്ക് മുൻപാണ് കുറഞ്ഞ നിരക്കിലുള്ള പോസ്റ്റ് പെയ്ഡ് ഓഫറുകളും മുന്നോട്ടുവെച്ചത്. രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പോസ്റ്റ് പെയ്ഡ് പ്ലാൻ ജിയോ അവതരിപ്പിച്ചതോടെ ടെലികോം വിപണി ഒന്നടങ്കം ഞെട്ടി. ഇതോടൊപ്പം റോമിങ് നിരക്കുകളും വെട്ടിക്കുറച്ച് പുതിയ പ്ലാനുകളും അവതരിപ്പിച്ചു. നാളെ ജിയോ അവതരിപ്പിക്കാൻ പോകുന്നത് ഇതിലും വലിയ ഓഫറുകളും സർവീസുകളുമാണെന്നാണ് റിപ്പോർട്ട്. ജിയോഹോം ടിവി, ജിയോഫൈബർ എന്നിവ ഇതിൽ ചിലത് മാത്രം.

ജിയോയുടെ പ്രീപെയ്ഡ് യുദ്ധത്തിൽ എല്ലാം തകർന്ന കമ്പനികളെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നതായിരുന്നു പോസ്റ്റ് പെയ്‍ഡ് പ്ലാൻ. ഇതിനാലാണ് ഓഹരി വിപണികളിൽ പോലും ടെലികോം കമ്പനികൾ വൻ പ്രതിസന്ധി നേരിട്ടത്. ടെലികോം മേഖലയിൽ ‘രണ്ടാം യുദ്ധ’ത്തിനാണ് മുകേഷ് അംബാനി തുടക്കമിട്ടിരിക്കുന്നത്. പ്രീപെയ്ഡ് മേഖലയെ ഇളക്കിമറിച്ച ഒന്നാംനിരക്കു യുദ്ധത്തിനുശേഷം റിലയൻസ് ജിയോ, പോസ്റ്റ് പെയ്ഡ് മേഖലയിലും വൻ മുന്നറിയിപ്പ് നൽകി കഴിഞ്ഞു. വരും പാദങ്ങളിൽ മറ്റു ടെലികോം കമ്പനികൾ വൻ നഷ്ടത്തിലേക്ക് കൂപ്പുകുത്തുമെന്ന് ഉറപ്പായി കഴിഞ്ഞു.

ജിയോ തനിച്ചും മറ്റു ടെലികോം കമ്പനികളെല്ലാം എതിർപക്ഷത്തും അണിനിരന്നു താരീഫ് പോര് നടക്കുമ്പോൾ നേട്ടം വരിക്കാർക്ക് തന്നെയാണ്. ഏറ്റവും കുറഞ്ഞ പോസ്റ്റ് പെയ്ഡ് നിരക്കുമായി ജിയോ വന്നതോടെ മറ്റു കമ്പനികളും താഴോട്ടു വരേണ്ടി വരും. ഇത് കമ്പനികളെ കൂടുതൽ പ്രതിസന്ധിയിലാക്കും.

പ്രമുഖ ടെലികോം സേവന ദാതാക്കൾ ഇപ്പോൾ നൽകുന്ന പോസ്റ്റ് പെയ്ഡ് പ്ലാനുകളുടെ പകുതി വിലയ്ക്ക് അധികം ഡേറ്റ, ഐഎസ്ഡി സേവനം എന്നീ പ്രത്യേകതകളോടെയാണ് ജിയോയുടെ പോസ്റ്റ് പെയ്ഡ് പ്ലാൻ അവതരിപ്പിച്ചത്. പുതിയ വരിക്കാരെ പിടിക്കാൻ ഇതിലും മികച്ച ഓഫർ ഇനി വരാനില്ല. ജിയോയെ നേരിടാൻ എന്തെല്ലാം ചെയ്യാമെന്നാണ് മറ്റു കമ്പനികൾ ഇപ്പോൾ ആലോചിക്കുന്നത്. ഏറ്റവും കുഞ്ഞ നിരക്കിൽ പോസ്റ്റ് പെയ്ഡ് സേവനം നൽകുക. അല്ലെങ്കിൽ കുറഞ്ഞ വിലയ്ക്ക് കൂടുതൽ സേവനങ്ങൾ നൽകുക.

ഓൺലൈൻ ഓഡിയോ, വിഡിയോ കോളുകളുടെ വരവോടെ പ്രസക്തി നഷ്ടപ്പെട്ട ഐഎസ്ഡി കോൾ മേഖല വീണ്ടും ടെലികോം കമ്പനികൾക്കു മുന്നിൽ തുറന്നിടുകയാണ് ജിയോ. 50 പൈസയ്ക്കാണ് ജിയോ ഐഎസ്ഡി കോൾ ലഭ്യമാക്കുന്നത്.  നാളെ മുതലാണു ജിയോയുടെ സീറോ ടച്ച് പോസ്റ്റ് പെയ്ഡ് പ്രാബല്യത്തിൽ വരുന്നത്. രണ്ടാം നിരക്കുയുദ്ധം, ഉപയോക്താക്കൾക്ക് എങ്ങനെ എന്നു പരിശോധിക്കാം.  

ബില്ലിങ് കാലപരിധിയിൽ 199 രൂപയ്ക്ക് 25 ജിബി ഡേറ്റ നൽകുന്നതാണ് ജിയോയുടെ പോസ്റ്റ് പെയ്ഡ് പ്ലാൻ. എല്ലാ ലോക്കൽ, എസ്ടിഡി, നാഷനൽ റോമിങ് കോളുകളും ഇക്കാലയളവിൽ സൗജന്യമാണ്. സൗജന്യ എസ്എംഎസുമുണ്ട്. ജിയോ പോസ്റ്റ് പെയ്ഡിൽ രാജ്യാന്തര കോളുകൾക്ക്  മിനിറ്റിന് 50 പൈസയാണു നിരക്ക്. രാജ്യാന്തര  റോമിങ്ങ് വോയ്സ്-ഡേറ്റ, എസ്എംഎസ് സേവനങ്ങൾക്ക് മിനിറ്റി രണ്ടു രൂപയാണ് ഈടാക്കുന്നത്. ജിയോ സീറോ ടച്ച് പോസ്റ്റ് പെയ്ഡിൽ രാജ്യാന്തര കോളുകൾ, ഡേറ്റ, എസ്എംഎസ് എന്നീ സേവനങ്ങൾ തുടക്കത്തിൽ തന്നെ ആക്ടീവായിരിക്കും. രാജ്യാന്തര കോളിനായി സെക്യൂരിറ്റി ഡിപ്പോസിറ്റും ആവശ്യമില്ല. മിനിറ്റിനു രണ്ടു രൂപയാണ് ഇൻർനാഷനൽ റോമിങ് നിരക്ക്.  ജിയോ മൂവീസ്, ജിയോ ടിവി തുടങ്ങിയ മറ്റു സേവനങ്ങളും പോസ്റ്റ് പെയ്ഡ് പ്ലാനിൽ സൗജന്യമായി ലഭിക്കും. 25 ജിബിയിൽ ബാക്കി വരുന്ന ഡേറ്റ അടുത്ത ബില്ലിങ് കാലപരിധിയിലേക്കു മാറ്റാൻ കഴിയില്ല. മറ്റു ടെലികോം കമ്പനികളുടെ ഉപയോക്താക്കൾക്കു നിലവിലുള്ള നമ്പർ മാറാതെതന്നെ ജിയോ പോസ്റ്റ് പെയ്ഡിലേക്കു മാറാം. 

ഭാരതി എയർടെൽ നൽകുന്ന ഏറ്റവും ചെലവു കുറഞ്ഞ പോസ്റ്റ് പെയ്ഡ് പ്ലാനാണ് 399. ബില്ലിങ് സമയപരിധിയിൽ 20 ജിബി ഡേറ്റയാണു  ലഭിക്കുന്നത്. ഓൾ ഇന്ത്യാ റോമിങ്ങും ലോക്കൽ എസ്ടിഡി കോളുകളും സൗജന്യമാണ്. 100 എസ്എംഎസുകളും പ്ലാനിൽ ഉൾപ്പെടും. എയർടെല്ലിന്റെ സേവനങ്ങളായ വിങ്ക് മ്യൂസിക്, എയർടെൽ ടിവി എന്നിവയും പ്ലാനിൽ ലഭിക്കും. ഐഎസ്ഡി കോളിങ് ആവശ്യമുണ്ടെങ്കിൽ ഉപയോക്താക്കൾ പ്രത്യേകമായി ആക്ടിവേറ്റ് ചെയ്യണം. ഉപയോഗിക്കാത്ത ഡേറ്റ അടുത്ത മാസത്തെ ഡേറ്റയോടൊപ്പം ചേർക്കുന്ന ഡേറ്റ റോൾ ഓവർ സേവനം എയർടെൽ ഉപയോക്താക്കൾക്കു നൽകുന്നുണ്ട്. ഇങ്ങനെ 200 ജിബി ഡേറ്റ വരെ ലഭിക്കും. 

399 രൂപയ്ക്കു സൗജന്യ കോളുകളും 20 ജിബി ഡേറ്റയും നൽകുന്ന പ്ലാനാണ് വോഡഫോണും നൽകുന്നത്. നാഷനൽ റോമിങ് ചാർജ് ഇല്ല. വലിയ എസ്എംഎസ് സൗകര്യങ്ങൾ പ്ലാനിൽ ഇല്ല. 200 ജിബി ലിമിറ്റിൽ ഡേറ്റ റോൾ ഓവർ സൗകര്യം വോഡഫോൺ നൽകുന്നുണ്ട്. വിഡിയോ സ്ട്രീമിങ്ങിനു വേണ്ടി വോഡഫോൺ പ്ലേ ആപ്പും പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വോഡഫോണിന്റെ ഉയർന്ന നിരക്കിലുള്ള പോസ്റ്റ്പെയ്ഡ് പ്ലാനുകൾ നൽകുന്ന സേവനങ്ങൾ പലതും ഈ പ്രാരംഭനിലവാരത്തിലുള്ള പ്ലാനിൽ ഇല്ല. സൗജന്യ നെറ്റ്ഫ്ലിക്സ് ഈ പ്ലാനിൽ  ലഭ്യമല്ല.

20 ജിബി ഡേറ്റ, സൗജന്യ ലോക്കൽ എസ്ടിഡി കോളുകൾ എന്നിവ  നൽകുന്നതാണ് ഐഡിയയുടെ 389 രൂപയുടെ പ്ലാൻ. ദിവസവും 100 എസ്എംഎസുകൾ പ്ലാനിലുണ്ട്. 200 ജിബി വരെ ഡേറ്റ റോൾ ഓവർ ചെയ്യാം. ഗെയിം, മ്യൂസിക്, സിനിമകൾ എല്ലാം അടങ്ങിയ ഐഡിയയുടെ ഡിജിറ്റൽ സ്യൂട് സ്ട്രീമിങ് സേവനവും പ്ലാനിൽ ഉൾപ്പെടും. ഐഡിയ മൂവീസ്, മ്യൂസിക്, ഗെയിംസ് എന്നിവ പ്ലാനിൽ സൗജന്യമാണ്.

നിലവിൽ ഒരു മാസത്തെ പ്രീപെയ്ഡ് സേവനങ്ങളെക്കാൾ മൂന്നിരിട്ടി ചാർജ് അധികമാണ് പോസ്റ്റ് പെയ്ഡ് സേവനങ്ങൾക്ക്. പ്രീപെയ്ഡിൽ പ്രതിമാസം 150 രൂപ കോളിനും ഇന്റർനെറ്റിനുമായി ചെലവു വരുമ്പോൾ പോസ്റ്റ് പെയ്ഡിൽ അത് 500 രൂപയോളം വരും. അഞ്ചു ശതമാനം വരുന്ന പോസ്റ്റ് പെയ്ഡ് ഉപയോക്താക്കളിൽനിന്ന് കമ്പനികൾ 25 ശതമാനത്തോളം വരുമാനം നേടുന്നത് ഈ വ്യത്യാസം കൊണ്ടാണ്. 

വിപണിയിൽ ഒരേ സേവനങ്ങൾക്കു തുല്യവില എന്ന സ്ഥിതിയുണ്ടായില്ലെങ്കിൽ വിപണിയിൽ അനാരോഗ്യകരമായ മത്സരം വരും. ഇത് കമ്പനികളുടെ പിടിച്ചുനിൽപിനെ ബാധിക്കും. പുതിയ സാഹചര്യത്തിൽ പുതിയ പോസ്റ്റ് പെയ്ഡ് ഉപയോക്താക്കളെ നേടാൻ ഐഡിയയും വോഡഫോണും എയർടെല്ലും നന്നായി വിയർപ്പൊഴുക്കേണ്ടിവരും. നിലവിലുള്ള ‘പ്രീമിയം’ ഉപയോക്താക്കളെ നിലനിർത്താനും വിപണിയിലെ പിടിച്ചുനിൽപിനുമായി പോസ്റ്റ് പെയ്ഡ് നിരക്കുകൾ ഇവർക്കു വെട്ടിക്കുറയ്ക്കേണ്ടിവരും. മൊബൈൽ ഫോൺ സേവനങ്ങളുടെ മാത്രമല്ല, വർഷങ്ങളായി മാറ്റമില്ലാതെതുടർന്ന ഇന്റർനാഷനൽ കോളുകളുടെയും ചെലവു വീണ്ടും കുറയുകയാണ്.