ബെഡ്റൂം സ്വകാര്യം ചോർത്തിയ അലക്‌സ പ്രശ്‌നക്കാരിയോ? എങ്ങനെ നേരിടാം?

ആമസോണിന്റെ സ്മാർട് സ്പീക്കറായ അലക്‌സ, ദമ്പതികളുടെ ബെഡ്റൂം സ്വകാര്യ സംഭാഷണം ചോര്‍ത്തി മറ്റൊരാള്‍ക്ക് അയച്ചു കൊടുത്തുവെന്ന വിവാദമാണല്ലോ ഇപ്പോള്‍ വാര്‍ത്ത. എന്നാല്‍ ഇത് അലക്‌സയുടെ എന്തെങ്കിലും സ്വഭാവസവിശേഷതയല്ല എന്നതും ഒരു സ്മാര്‍ട് സ്പീക്കറിന്റെ പ്രവര്‍ത്തനം അറിയാത്തവര്‍ ഉപയോഗിച്ചാല്‍ സംഭവിക്കാവുന്ന കാര്യം മാത്രമാണെന്നും മനസിലാക്കുക. അലക്‌സയ്ക്കു മാത്രമല്ല ഏതു സ്മാര്‍ട് സ്പീക്കറിനും ഇതു ബാധകമാണ്.

സ്മാര്‍ട് സ്പീക്കറുകളില്‍ ആദ്യം വിപണി പിടിച്ചത് അലക്‌സയാണ്. പല വിദേശികളുടെയും എല്ലാ ബെഡ്റൂമുകളിലും അലക്‌സയുണ്ട്. അലക്‌സയ്ക്ക് എങ്ങനെ മൂക്കുകയറിടാമെന്നു ചോദിച്ചാല്‍ എല്ലാ മുറികളില്‍ നിന്നും അതിനെ ഇറക്കിവിടുകയെന്നതാണ് ഏറ്റവും എളുപ്പമെന്നാണ് ഒരാള്‍ പറഞ്ഞത്. എന്നാല്‍ താന്‍ അടുത്ത കാലത്തൊന്നും അതിനു മുതിരുകയില്ലെന്നും അദ്ദേഹം പറഞ്ഞു. കാരണം, അലക്‌സ തന്നെ അത്രമേല്‍ അലസനാക്കിയിരിക്കുന്നുവത്രെ. മുറിയിലെ ലൈറ്റ് ഓണ്‍ ചെയ്യാനും കാല്‍ക്യുലേറ്ററില്‍ കണക്കു കൂട്ടാനും ഫോണ്‍ വിളിക്കാനും ഒന്നും ഇപ്പോള്‍ തോന്നുന്നില്ല. എല്ലാം അദ്ദേഹം അലക്‌സയോട് ആവശ്യപ്പെടുകയാണു ചെയ്യുന്നത്.

എന്നാല്‍ തന്റെ സംഭാഷണം അലക്‌സ അറിയാതെ പിടിച്ചെടുത്ത് മറ്റാര്‍ക്കെങ്കിലും അയയ്ക്കുന്ന കാര്യം അദ്ദേഹത്തെ ഭയപ്പെടുത്തുന്നുമുണ്ട്. സ്മാര്‍ട് സ്പീക്കറുകള്‍ ഒരു വീട്ടിലെ രീതികള്‍ പഠിക്കും. ഓരോ അംഗത്തിന്റെയും സ്വരത്തിലെ വ്യതിയാനങ്ങളടക്കം. എപ്പോഴും കാതോര്‍ത്തിരിക്കും. ഇതെല്ലാം അതിന്റെ ഡിഎന്‍എയില്‍ ഉള്ളതു തന്നെയാണ്. അതിന്റെ പ്രവര്‍ത്തനം അനുദിനം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ സ്പീക്കറിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കും.

ദമ്പതികളുടെ സംഭാഷണം ചോര്‍ത്തിയ കാര്യത്തിലേക്കു വന്നാല്‍ വളരെ വിരളമായാണ് അത്തരം ഒരു സംഭവം നടന്നിരിക്കുന്നതെന്നു കാണാം. നമ്മള്‍ ആണെങ്കില്‍ പോലും എല്ലാ കാര്യങ്ങളും കേള്‍ക്കുന്നത് കൃത്യമായിട്ട് ആയിരിക്കണമെന്നില്ലല്ലൊ. അതുപോലെ, അലക്‌സ കേട്ടത് ഈ സംഭാഷണം അയച്ചു കൊടുക്കാന്‍ പറഞ്ഞതായിട്ടാണ്. അലക്‌സ അതു ചെയ്യുകയും ചെയ്തു. ഇതേക്കുറിച്ചു പരിശോധിച്ച ആമസോണ്‍ പറയുന്നത് അലക്‌സ ഈ സംഭാഷണം അയയ്ക്കണോ എന്ന് ദമ്പതികളോട് എടുത്തു ചോദിച്ചുവെന്നാണ്. എന്നാല്‍ സ്പീക്കറിന്റെ വോള്യം കുറവായിരുന്നതിനാല്‍ ദമ്പതികള്‍ ശ്രദ്ധിച്ചില്ല. അതിനാല്‍ സ്പീക്കറിന്റെ വോളിയം കൂട്ടിവയ്ക്കുന്നത് ഉപകാരപ്രദമാണ് പല സന്ദര്‍ഭത്തിലുമെന്നു കാണാം.

ഉണര്‍ത്തു വാക്ക് (wakeup word) കേട്ടാല്‍ മാത്രം പ്രവര്‍ത്തിക്കുക എന്നതാണ് പ്രവര്‍ത്തന രീതിയെങ്കിലും, സ്മാര്‍ട് സ്പീക്കറുകള്‍ ഉപയോഗിക്കുന്നവരുടെ ഓരോ ചോദ്യത്തിനും മറുപടി അപ്പോള്‍ തന്നെ കൊടുക്കണമെങ്കില്‍ സ്പീക്കര്‍ സദാ ജാഗ്രത കാണിക്കണം. അപ്പോള്‍ സ്വാഭാവികമായും അത് എല്ലാ സംഭാഷണവും ശ്രദ്ധിക്കും. ചോദ്യത്തിന് തത്സമയം പ്രതികരിച്ചില്ലെങ്കില്‍ ഉപയോക്താക്കൾ സ്പീക്കര്‍ കൊള്ളില്ലെന്നു പറയും. ഈ സന്ദര്‍ഭത്തില്‍, സ്പീക്കറിന് എന്തു ശ്രദ്ധിക്കണം എന്തു ശ്രദ്ധിക്കരുതെന്ന വിവേചനാധികാരം കൂടെ വേണമെന്നു പറയുന്നത് നടക്കാത്ത കാര്യമാണ്.

എന്നാല്‍ കോണ്ടാക്ടുകള്‍ക്ക് മെസേജു ചെയ്യുന്നത് എങ്ങനെ ഒഴിവാക്കാമെന്നു പരിശോധിക്കാം: ഫോണില്‍ തൊടാതെ വിളിക്കണമെന്നുളളവര്‍ അലക്‌സയ്ക്ക് അവരുടെ കോണ്ടാക്ട് ലിസ്റ്റും നല്‍കിയിരിക്കും. ഇനി ഇത് എങ്ങനെ ഡിലീറ്റു ചെയ്യാമെന്നു നോക്കാം:

ഏറ്റവും എളുപ്പം നിങ്ങളുടെ അലക്‌സ പ്രൊഫൈല്‍ പൂര്‍ണ്ണമായും ഡിലീറ്റു ചെയ്യുക എന്നതാണ്. അതിനു ശേഷം ശ്രദ്ധാപൂര്‍വ്വം എല്ലാം ആദ്യം മുതല്‍ സെറ്റ്-അപ്പു ചെയ്യുക. ആമസോണ്‍ അലക്‌സയുടെ ഒരു ഹോട്ട്‌ലൈന്‍ നമ്പര്‍ 1-877-375-9365 ആണ്. സേര്‍ച് എൻജിനുകളില്‍, സപ്പോര്‍ട്ട് നമ്പര്‍ പരതിയാല്‍ കൂടുതല്‍ വലിയ അബദ്ധത്തില്‍ പെടാം. മുകളിലെ നമ്പര്‍ ഉപയോഗിക്കാനായില്ലെങ്കില്‍ ആമസോണിന്റെ വെബ് പേജിലെ ഹെല്‍പ് പേജിലെത്തി സഹായം അഭ്യര്‍ഥിക്കുകയാണ് വേണ്ടത്. അപ്പോള്‍ നിങ്ങള്‍ക്കുള്ള അലക്‌സ സ്പീക്കറുകളുടെ പ്രൊഫൈല്‍ കാണാന്‍ സാധിക്കും. അവിടെ 'Setup or Change Device Settings,' തിരഞ്ഞെടുക്കുക. അതിനുശേഷം ഫോണ്‍ അല്ലെങ്കിൽ ചാറ്റ് തിരഞ്ഞെടുക്കുക. ഇമെയിൽ ഒഴിവാക്കുക.

ഫോണിലാണെങ്കില്‍ ആമസോണ്‍ സപ്പോര്‍ട്ട് സ്റ്റാഫിനെ കിട്ടുമ്പോള്‍ കോണ്‍ടാക്ട്‌സ് ടേണ്‍ ഓഫ്' ചെയ്യാന്‍ ആവശ്യപ്പെടുക. ഇത്തരം പല തരം അപേക്ഷകള്‍ കൈകാര്യം ചെയ്തിരിക്കുന്നതിനാല്‍ നമ്മള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്നു മനസ്സിലാക്കി വേണ്ടതു ചെയ്തു തരും. ഇതോടെ അലക്‌സ കൂട്ടുകാര്‍ക്കു മെസേജും മറ്റും അയക്കുന്ന പരിപാടി പൂര്‍ണ്ണമായും നിറുത്തും.

ആമസോണിന്റെ ആപ്പ് ഡവലപ്പര്‍മാര്‍ ഉടനെ തന്നെ ഇത്തരം ഒരു സെറ്റിങ് അലക്‌സയെ നിയന്ത്രിക്കുന്ന ആപ്പില്‍ ഉപയോക്താക്കള്‍ക്ക് സൃഷ്ടിച്ചു നല്‍കുമെന്നും കരുതാം. അലക്‌സയ്ക്ക് നിങ്ങളെക്കുറിച്ച് അറിയാവുന്നതെല്ലാം ഡിലീറ്റു ചെയ്യാനും സാധിക്കും. വേണ്ടവര്‍ക്ക് അതും ഉപയോഗിക്കാം. മനുഷ്യര്‍ക്കു സംഭവിക്കുന്നതു പോലെ, വളര്‍ന്നുവരുന്ന സ്മാര്‍ട് സ്പീക്കര്‍ സാങ്കേതികവിദ്യയ്ക്കും തെറ്റു പറ്റാമെന്നും മനസ്സില്‍ വയ്ക്കുക.