ചൈനയിൽ മനുഷ്യരോട് കൊടും ക്രൂരത, ഇതിലും ഭേദം ജയിലുകൾ

ലോക ഓണ്‍ലൈന്‍ വ്യാപരത്തിലെ മുടിചൂടാമന്നന്മാരായ അമസോണിനെതിരെ തൊഴിലെടുപ്പിക്കുന്നതിൽ ക്രൂരത ആരോപിക്കുന്നത് ആദ്യമായല്ല. നമ്മള്‍ മുൻപു കണ്ട ആരോപണം പോലെയൊന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. ആമസോണിന്റെ കിന്‍ഡിൽ, എക്കോ ഡോട്ട് സ്മാര്‍ട് സ്പീക്കര്‍ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന ചൈനയിലെ ഫാക്ടറിയില്‍ തൊഴില്‍ നിയമങ്ങളുടെ ലംഘനമാണ് നടക്കുന്നതെന്നാണ് അമേരിക്കയിലെ ചൈന ലേബര്‍ വാച്‌ഡോഗ് (China Labour Watchdog) എന്ന സംഘടന കണ്ടെത്തിയിരിക്കുന്നത്. 

തൊഴിലാളികളുടെ വേതനം നന്നെ കുറവാണെന്നതു കൂടാതെ ചിലരെ ബലമായി നൂറിലേറെ മണിക്കൂര്‍ ഓവര്‍ടൈം പണിയും എടുപ്പിക്കുന്നുണ്ടെന്നാണ് ആരോപണം. നല്‍കുന്ന വേതനം മണിക്കൂറിന് 2.26 ഡോളറാണെന്നതാണ് കണ്ടെത്തിയരിക്കുന്നത്. ചൈനയിലെ തന്നെ തൊഴില്‍ നിയമങ്ങളുടെ ലംഘനമാണ് ഫാക്ടറിയില്‍ നടക്കുന്നതത്രെ. വേതനത്തിലുള്ള കുറവു കൂടാതെ, വേണ്ടത്ര പരിശീലനവും നല്‍കാതെയാണ് തൊഴിലാളികളെക്കൊണ്ട് ജോലിയെടുപ്പിക്കുന്നതെന്നും ആരോപിക്കപ്പെടുന്നു.

ഈ ഫാക്ടറി ഐഫോണും നിര്‍മിച്ചു നല്‍കുന്ന കമ്പനിയായ ഫോക്‌സ്‌കോണിന്റെതാണ്. ലോകത്തെ ഏറ്റവും വലിയ ഇലക്ട്രോണിക്‌സ് നിര്‍മാണ കമ്പനിയാണ് തയ്‌വാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫോക്‌സ്‌കോണ്‍. മൊത്തം പത്തു ലക്ഷത്തിലേറെ തൊഴിലാളികളാണ് അവര്‍ക്കുള്ളത്. 2010ലും ഇത്തരത്തിലുള്ള വിവാദത്തില്‍ പെട്ടിരുന്നു. എന്നാല്‍ തങ്ങള്‍ വന്‍മാറ്റങ്ങള്‍ വരുത്താന്‍ പോകുന്നുവെന്ന് പറഞ്ഞാണ് അന്നു തലയൂരിയത്.

ചൈന ലേബര്‍ വാച്‌ഡോഗിന്റെ കണ്ടെത്തലില്‍ പറയുന്നത് വിവാദ പ്ലാന്റില്‍ പണിയെടുക്കുന്ന 40 ശതമാനത്തിലേറെ പേര്‍ ഉപകരണങ്ങള്‍ ഡെസ്പാച് ജോലിക്കാരാണെന്നതാണ്. ചൈനയിലെ നിയമം വച്ച് പത്ത് ശതമാനം ഡെസ്പാച് തൊഴിലാളികളെ ഒരു പ്ലാന്റില്‍ കാണാവൂ. ഇവരുടെ ഓവര്‍ടൈം പണിക്ക് സാധാരണ സമയത്തെ പണിക്കൂലി മാത്രമാണ് നല്‍കുന്നത്. നിയമപ്രകാരം അതിന്റെ പകുതി കൂടെ നല്‍കണം.

ഒരു മാസം നൂറിലേറെ മണിക്കൂര്‍ ഓവര്‍ടൈം പണിയെടുക്കണമെന്നതാണ് മറ്റൊരു കാര്യം. ചൈനയില്‍ 36 മണിക്കൂറാണ് പരമാവധി അനുവദിച്ചിരിക്കുന്നത്. ഈ പ്ലാന്റിലെ ചില തൊഴിലാളികള്‍ 14 ദിവസം വരെ തുടര്‍ച്ചയായി പണിയെടുക്കേണ്ടിവന്നു എന്ന ഗുരുതരമായ ആരോപണവും ചൈന ലേബര്‍ വാച്‌ഡോഗ് നടത്തുന്നു.

റിപ്പോര്‍ട്ടില്‍ പറയുന്നത് ആമസോണിന് ഇതിനു പരിഹാരം കാണാവുന്നതെയുള്ളു എന്നാണ്. വര്‍ഷങ്ങള്‍ക്കു മുൻപ് സമാനമായ ആരോപണങ്ങള്‍ ഐഫോണ്‍ നിര്‍മാണ പ്ലാന്റുകള്‍ക്കെതിരെയും ഉയര്‍ന്നിരുന്നു. ആപ്പിളിന്റെ ഇടപെടലിലൂടെ അവിടെ കാര്യങ്ങള്‍ മെച്ചപ്പെടുകയായിരുന്നു. തങ്ങള്‍ക്കു സാധനങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന ഫാക്ടറികളില്‍ നിയമപരമായാണ് എല്ലാം നടക്കുന്നതെന്ന് ആമസോണ്‍ ഉറപ്പുവരുത്തേണ്ടതാണ്. അതോടൊപ്പം തുല്യ ജോലിക്ക് തുല്യ വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു. 

ആമസോണിനു ലഭിക്കുന്ന ലാഭം ഈ തൊഴിലാളികളെ കഷ്ടപ്പെടുത്തുന്നതിലൂടെ നേടുന്നതാണ്. ജീവിതം മുന്നോട്ടു നയിക്കാനായി അവര്‍ അതെല്ലാം സഹിക്കുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ കാണുന്നത്. ഇതിനു മറുപടിയായി ആമസോണ്‍ പറഞ്ഞത്, ആരോപണവിധേയമായ ഫാക്ടറി തങ്ങള്‍ മാര്‍ച്ചില്‍ പരിശോധിച്ചിരുന്നു. രണ്ടു പ്രശ്‌നങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഫോക്‌സ്‌കോണിനോട് ഉടനടി മാറ്റം കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്നാണ്.

ഫോക്‌സ്‌കോണ്‍ എങ്ങനെ പ്രതികരിക്കുന്നുവെന്നത് നോക്കിയിരിക്കുകയാണ് ഞങ്ങള്‍. ഇതെല്ലാം ഞങ്ങളുടെ കോഡ് ഓഫ് കണ്ടക്ടിനും എതിരാണ്. ഇവയെക്കെല്ലാം പരിഹാരമുണ്ടാക്കുക എന്നതില്‍ നിന്ന് പിന്നോട്ടു പോകുന്ന പ്രശ്‌നമില്ലെന്നും ആമസോണ്‍ പറയുന്നു.

എന്നാല്‍ അവര്‍ കണ്ടെത്തിയ രണ്ടു പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്നു പറഞ്ഞിട്ടില്ല എന്നതാണ് ചൈന ലേബര്‍ വാച്‌ഡോഗ് ചൂണ്ടിക്കാണിക്കുന്നത്. റിപ്പോര്‍ട്ട് പുറത്തായതെ ഫോക്‌സ്‌കോണ്‍ പറഞ്ഞത് തങ്ങള്‍ ഈ കാര്യങ്ങളെ കുറിച്ച് അന്വേഷിച്ചു വരികയാണെന്നാണ്. റപ്പോര്‍ട്ടില്‍ പറയുന്ന എല്ലാ കാര്യങ്ങളെ പറ്റിയും വിശദമായ പഠനമാണ് നടത്തുന്നത്. ശരിയെന്നു കണ്ടാല്‍ അപ്പോള്‍ തന്നെ നടപടിയെടുക്കുമെന്നും അവര്‍ പറഞ്ഞു.

അതേസമയം, ചൈനയിലെ ഒട്ടുമിക്ക ഇലക്ട്രോണിക്സ് ഡിവൈസ് നിർമാണ കമ്പനികളിലും ഇതുതന്നെയാണ് അവസ്ഥ. മിക്ക ഫാക്ടറികളും ജയിലുകളേക്കാൾ ഭീകരമാണ്. ലക്ഷങ്ങൾ വിലവരുന്ന സ്മാർട് ഫോണുകൾ നിർമിക്കുന്ന ജീവനക്കാർ താമസിക്കുന്ന സ്ഥലം കണ്ടാൽ ഞെട്ടിപ്പോകുമെന്നാണ് അറിയുന്നത്. അതെ, ചൈനയിലെ തൊഴിലാളികൾ നരകത്തിലിരുന്നാണ് ലക്ഷങ്ങൾ വില വരുന്ന ഉപകരണങ്ങൾ നിർമിക്കുന്നത്.