കേരളത്തിന് ചില്ലറയല്ല നേട്ടം, യുവ ടെക്കികൾക്കും ഊർജം പകരും

2016 ഓഗസ്റ്റ് 23. കൊച്ചിയിൽ പിറന്ന ഡേറ്റ റിസർച്ച് സ്റ്റാർട്ടപ് കമ്പനിയായ പ്രൊഫൗണ്ടിസ് ടെക്നോളജീസിനെ യുഎസ് കമ്പനി ഫുൾ കോൺട്രാക്റ്റ് ഏറ്റെടുത്തതായി പ്രഖ്യാപിച്ചത് അന്നായിരുന്നു. കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്കും യുവ ടെക്കികൾക്കും ഊർജം പകർന്ന ഏറ്റെടുക്കലിനു രണ്ടു വർഷം പൂർത്തിയാകും മുൻപേ വീണ്ടുമൊരു വമ്പൻ ഏറ്റെടുക്കൽ കേരളത്തിൽ നിന്ന്. ഇക്കുറി ഫിൻടെക് സ്റ്റാർട്ടപ്പായ ചില്ലറിന്റെ ഊഴം. ആഗോള തലത്തിൽ കൂടുതൽ കേരള സ്റ്റാർട്ടപ്പുകൾ ശ്രദ്ധിക്കപ്പെടാൻ ഇതു വഴിയൊരുക്കും.

ട്രൂ കോളറിന്റെ യുപിഐ അധിഷ്ഠിത മൊബൈൽ പേയ്മെന്റ് സർവീസായ ട്രൂ കോളർ പേ, മൊബൈൽ പേയ്മെന്റ് ആപ്പായ ചില്ലറിന്റെ സഹകരണം ലഭിക്കുന്നതോടെ ഡിജിറ്റൽ പേയ്മെന്റ് സേവനരംഗത്തു ശക്തമായ സാന്നിധ്യമാകുമെന്നാണു വിലയിരുത്തൽ.

വലിയ നേട്ടം കേരളത്തിന്

സ്റ്റാർട്ടപ്പുകളിലൂടെ യുവ സംരംഭകരെ സൃഷ്ടിക്കാനുള്ള കേരളത്തിന്റെ ശ്രമം കൂടിയാണു ഇത്തരം ഏറ്റെടുക്കലുകളിലൂടെ ശ്രദ്ധിക്കപ്പെടുന്നത്. ‘അമേരിക്കക്കാർക്കു മാത്രമല്ല ആഗോളതലത്തിൽ മികച്ച ഉൽപന്നങ്ങൾ സൃഷ്ടിക്കാനും അവയ്ക്കു മൂല്യമേറ്റാനും കഴിയുകയെന്നതിന്റെ തെളിവു കൂടിയാണിത്. ആഗോള ശ്രദ്ധ നേടാൻ നമുക്കും സാധിക്കും. കൂടുതൽ അനുഭവ സമ്പത്തു നേടാനും ആഗോള വിപണി ലക്ഷ്യം വച്ച് ഉൽപന്നങ്ങൾ വികസിപ്പിക്കാനുമുള്ള അവസരം കൂടിയാണു ചില്ലർ ടീമിനു ലഭിക്കുന്നത്. കേരളത്തിൽ സർക്കാർ തലത്തിൽ സ്റ്റാർട്ടപ്പുകളെ ഇനിയും പ്രോത്സാഹിപ്പിക്കണം. 

വലിയ കമ്പനികളിൽനിന്നു ജോലികൾ വിട്ടെറിഞ്ഞു വരുന്ന ടെക്കികൾക്കു സ്വന്തം സ്റ്റാർട്ടപ് ആരംഭിക്കാനും കൂടുതൽ യുവാക്കൾക്കു തൊഴിൽ നൽകാനും ഞങ്ങളുടെ നേട്ടം പ്രചോദനം നൽകുമെന്നാണു പ്രതീക്ഷ’ - ചില്ലർ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സോണി ജോയ് ‘മനോരമ’ യോടു പറഞ്ഞു.

ഇനി ബെംഗളൂരു

കേരളത്തിലെ സ്റ്റാർട്ടപ് വിപ്ലവത്തിനു വിത്തിട്ട മോബ്മി വയർലെസിന്റെ ഭാഗമായി ആരംഭിച്ച ചില്ലർ 2013 ലാണു ബാക്‌വാട്ടർ ടെക്നോളജീസ് ലിമിറ്റഡ് എന്ന പേരിൽ വേറിട്ട കമ്പനിയായി പ്രവർത്തനം തുടങ്ങിയത്.  കൊച്ചിയിലും മുംബൈയിലുമായി പ്രവർത്തിച്ചിരുന്ന ചില്ലറിന്റെ ആസ്ഥാനം ഇനി ബെംഗളൂരുവാണ്.