35 ലക്ഷം പേരുള്ള കേരളത്തിന്റെ ‘ചില്ലർ’ സ്വീഡന്റെ ‘ട്രൂകോളർ’ൽ ലയിച്ചു

മലയാളി ഉടമസ്ഥതയിലുള്ള സ്റ്റാർട്ടപ് ‘ചില്ലറി’നെ സ്വീഡിഷ് കമ്പനി ട്രൂ കോളർ ഏറ്റെടുത്തു. ബഹുവിധ ബാങ്കിങ് ഇടപാടുകൾക്കുള്ള ഇന്ത്യയിലെ ആദ്യ മൊബൈൽ ആപ്ലിക്കേഷനാണു ചില്ലർ. ഏറ്റെടുക്കൽ കരാർ അനുസരിച്ച് 45 തൊഴിലാളികളടക്കം ചില്ലർ ഇനി പൂർണമായും ട്രൂ കോളറിന്റെ ഭാഗമാകും. സഹസ്ഥാപകനും സിഇഒയുമായ സോണി ജോയ്, ട്രൂ കോളർ പേയുടെ വൈസ് പ്രസിഡന്റുമാകും. 

ബാങ്കിങ് ഇടപാടുകൾക്കായി ട്രൂകോളർ കഴിഞ്ഞ വർഷം അവതരിപ്പിച്ച ട്രൂ കോളർ പേയ്ക്ക് ഇന്ത്യയിൽ വൻപ്രതികരണമാണു ലഭിക്കുന്നത്. ചില്ലറിനെ കൂടി ഉൾപ്പെടുത്തി  ട്രൂകോളർ പേ വിപുലീകരിക്കുന്ന കമ്പനി 15 കോടിയിലേറെ ഇടപാടുകാരെ ലക്ഷ്യമിടുന്നു. 

മലയാളികളായ അനൂപ് ശങ്കർ, സോണി ജോയ്, മുഹമ്മദ് ഗാലിബ്, ലിഷോയ് ഭാസ്കരൻ എന്നിവർ ചേർന്നു 2014–ലാണ് ചില്ലർ രൂപീകരിച്ചത്. നിലവിൽ 35 ലക്ഷം പേർ ഉപയോക്താക്കളാണ്. കമ്പനി ഏറ്റെടുക്കലിനൊപ്പം ട്രൂകോളർ പേയുടെ രണ്ടാം വേർഷനും ഇന്നലെ പുറത്തിറക്കി. മൊബൈൽ നമ്പറുകൾ അടിസ്ഥാനമാക്കിയും പണമിടപാട് നടത്താനാകുമെന്നതാണു സവിശേഷത. 

ഇന്ത്യയിലെ കോടിക്കണക്കിനു സാധാരണക്കാർക്കു വളരെയെളുപ്പം മൊബൈൽ ബാങ്കിങ് നടത്താൻ സാധിക്കുന്ന തരത്തിലാണു സംവിധാനമെന്നു കമ്പനി അവകാശപ്പെട്ടു. ചടങ്ങിൽ ട്രൂ കോളർ സഹസ്ഥാപകരായ നാമി സറിംഗലാം, അലൻ മാമെദി എന്നിവരും പങ്കെടുത്തു.