Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേന്ദ്ര ടാർഗറ്റ് പരാജയപ്പെട്ടു; കറൻസികൾ പിൻവലിച്ചിട്ട് സംഭവിച്ചതോ?

digital-transaction

കൃത്യം 2016 നവംബർ എട്ടിന് രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ സാമ്പത്തിക മേഖലയെ പിടിച്ചുകുലുക്കിയ വലിയൊരു പ്രഖ്യാപനം നടത്തിയത്. 500, 1000 കറൻസി നോട്ടുകൾ പിൻവലിച്ചുള്ള പ്രഖ്യാപനം. കള്ളപണം ഇല്ലാതാക്കൽ, ഡിജിറ്റൽ ഇടപാട് സജീവമാക്കൽ എല്ലാം ഇതിന്റെ പ്രധാന ലക്ഷ്യങ്ങളായിരുന്നു. എന്നാൽ വർഷങ്ങൾ പിന്നിടുമ്പോഴും രാജ്യത്ത് ഇതിന്റെ ചർച്ചകൾ തുടരുകയാണ്. ഇതിനു ശേഷം എന്തെല്ലാം സംഭവിച്ചു, ആരെല്ലാം നേട്ടങ്ങളുണ്ടാക്കി, ഡിജിറ്റൽ ഇടപാടുകൾ കൂടിയോ, കള്ളപ്പണം പിടിക്കാനായോ, ക്യാഷ്‌ലെസ് പദ്ധതി നടപ്പിലാക്കാനായോ? അങ്ങനെ നൂറായിരം കാര്യങ്ങളാണ് ചർച്ച ചെയ്യുന്നത്. കഴിഞ്ഞ ദിവസം റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ സാമ്പത്തിക മേഖലയ്ക്ക് നേട്ടമില്ലെങ്കിലും പണമെല്ലാം സ്വിസ്സ് ബാങ്കിൽ സുരക്ഷിതമാണെന്നാണ്.

2017–18 വർഷത്തിൽ 2,500 കോടി രൂപയുടെ ഡിജിറ്റൽ ഇടപാടുകൾ നടത്തണമെന്നാണ് മുന്‍നിര ബാങ്കുകൾ മോദി സര്‍ക്കാർ നൽകിയിരുന്ന ടാർഗറ്റ്. എന്നാൽ ഈ ലക്ഷ്യം നേടുന്നതിൽ മിക്ക ബാങ്കുകളും വൻ പരാജയമാണ് നേരിട്ടത്. കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം നൽകിയികുന്ന ടാർഗറ്റ് 2,500 കോടി രൂപയായിരുന്നു. 38 പൊതു, സ്വകാര്യ ബാങ്കുകൾക്കാണ് ഈ ലക്ഷ്യം നൽകിയിരുന്നത്.

എന്നാൽ 38 ബാങ്കുകളിൽ എട്ടു സ്വകാര്യ ബാങ്കുകൾ മാത്രമാണ് ‘ഗുഡ്’ എന്ന റേറ്റിങ് സ്വന്തമാക്കിയത്. എച്ച്ഡിഎഫ്സി ബാങ്ക്, രത്നാകർ ബാങ്ക്, കൊടാക് മഹീന്ദ്ര, ഭാൻധൻ ബാങ്ക്, യെസ് ബാങ്ക് എന്നിവയാണ് മികച്ച നേട്ടം കൈവരിച്ച ബാങ്കുകൾ. ഒൻപത് ബാങ്കുകൾ ശരാശരി നേട്ടം കൈവരിച്ചു. 2018 മാർച്ച് അവസാനത്തിലെ കണക്കുകൾ പ്രകാരം കേവലം 2,054 കോടി രൂപയുടെ ഡിജിറ്റൽ ഇടപാടുകൾ മാത്രമാണ് നടന്നത്. 

നേരത്തെ ആർബിഐ പുറത്തുവിട്ട കണക്കുകൾപ്രകാരവും രാജ്യത്തെ ഡിജിറ്റൽ ഇടപാടുകൾ വീണ്ടും കുത്തനെ കുറഞ്ഞുവെന്നായിരുന്നു. പണം പിൻവലിച്ച് ആദ്യ മൂന്നു മാസങ്ങളിലെ മുന്നേറ്റം പിന്നീട് ഉണ്ടായില്ല. 500, 1000 പിൻവലിക്കുന്നതോടെ ജനം ഡിജിറ്റൽ ഇടപാടിലേക്ക് പോകുമെന്നാണ് സർക്കാർ വാദിച്ചിരുന്നത്. ഡിജിറ്റൽ ഇടപാട് സജീവമാക്കാൻ കോടികളുടെ പദ്ധതികൾ നടപ്പിലാക്കി. സമ്മാനവും ആപ്പും പിഒഎസ് മെഷീനുകളും വാർത്തകളിൽ നിറഞ്ഞു നിന്നു. എന്നാൽ സാധാരണക്കാർക്ക് ഇപ്പോഴും ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാൻ ഭയമാണ്. എടിഎമ്മിൽ നിന്ന് ക്യാഷ് പിൻവലിക്കാൻ മാത്രമാണ് ഇന്ന് ഈ കാർഡുകൾ ഉപയോഗിക്കുന്നത്. 

നോട്ടുകൾ പിൻവലിച്ചിട്ട് നേട്ടമുണ്ടാക്കിയത് ചില സ്വകാര്യ കമ്പനികൾ തന്നെയാണ്. ഇവർക്കും ഇപ്പോൾ വേണ്ടത്ര ഇടപാടുകൾ നടക്കുന്നില്ല. ഭീം ആപ്പ്, പേടിഎം, ഗൂഗിൾ തേസ് വരെ ഡിജിറ്റൽ ഇടപാട് മേഖലയിൽ സജീവമാണ്. എന്നിട്ടും ജനങ്ങള്‍ക്ക് ഇപ്പോഴും ഈ ആപ്പുകളെ അത്രയ്ക്ക് വിശ്വാസം പോര. ഭൂരിഭാഗവും ഇപ്പോഴും നേരിട്ടുളള പണമിടപാടിനെയാണ് ആശ്രയിക്കുന്നത്. എന്നാൽ ആകെ കണക്ക് നോക്കുമ്പോൾ നോട്ട് പിൻവലിക്കുന്നതിന് മുൻപത്തേക്കാൾ മുന്നേറ്റം ഇപ്പോൾ പ്രകടമാണ്. 

പിഒഎസ് മെഷീനുകളുടെ ഉപയോഗവും വേണ്ടത്ര കൂടിയില്ല. സുരക്ഷാ ഭയം കാരണം മിക്കവരും പിഒഎസ് മെഷീനുകൾ ഉപയോഗിക്കുന്നില്ല. രാജ്യത്ത് 70 കോടി ഡെബിറ്റ് കാർഡുകളുണ്ട്. ഇതിൽ കേവലം 25 ലക്ഷം പേർ മാത്രമാണ് പിഒഎസ് മെഷീൻ ഉപയോഗിക്കുന്നത്. അതും മെട്രോ നഗരങ്ങളിൽ മാത്രം.