Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മെയ്ഡ് ഇന്‍ ചൈന’ ലോകം കീഴടക്കും; വിലക്കുറവില്ല, പിന്നെ...

china-bus

ചൈനയിലെ ടെക്നോളജി അതിവേഗം കുതിക്കുകയാണ്. കുഞ്ഞു എൽഇഡി ബൾബ് മുതൽ ആളില്ലാ വാഹനങ്ങൾ വരെ നിർമിക്കുന്നതിലും ലോക വിപണിയില്‍ വിതരണം ചെയ്യുന്നതിലും ചൈന വിജയിച്ചു. വിലക്കുറവിന്റെ മാജികിൽ വിപണി പിടിച്ചടക്കിയ ചൈന ഇനി ലോകം കീഴടക്കാൻ പോകുന്നത് ടെക്നോളജിയിലൂടെയാണ്. ചൈനീസ് സര്‍ക്കാരിന്റെ മെയ്ഡ് ഇന്‍ ചൈന 2025 ന് കീഴിൽ നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്.

ചൈനീസ് ഇന്റര്‍നെറ്റ് ഭീമൻ ബെയ്ദു ഡ്രൈവറില്ലാ മിനി ബസുകള്‍ നിര്‍മിക്കുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളിലും വിമാനത്താവളങ്ങളിലുമായിരിക്കും ചൈനയുടെ ഡ്രൈവറില്ലാ മിനി ബസുകള്‍ ആദ്യം ഓടി തുടങ്ങുക. അപോലോങ് എന്ന് പേരിട്ടിരിക്കുന്ന ഈ മിനി ബസില്‍ എട്ട് പേര്‍ക്കാണ് സഞ്ചരിക്കാനാവുക. 

സാധാരണ ബസിന്റെ മൂന്നിലൊന്ന് വലിപ്പം മാത്രമാണ് ബെയ്ദുവിന്റെ അപോലോങിനുണ്ടാവുക. സ്റ്റിയറിംങ് വീലോ ഡ്രൈവര്‍ സീറ്റോ പുറമേക്ക് കാണാനാകുന്ന ആക്‌സിലേറ്ററോ ബ്രേക്കോ ആണ് അപോലോങിനുണ്ടാവുക. സാങ്കേതികവിദ്യയിലും എഐയിലും പൂര്‍ണ്ണമായി വിശ്വസിച്ചിരിക്കുക എന്നതു മാത്രമേ അപോലോങ്ങില്‍ കയറുന്നവര്‍ക്ക് ചെയ്യാനുള്ളൂ!

അപ്പോളോയുടെ അപ്പോളോ 3.0 ഓട്ടോണമസ് ഡ്രൈവിങ് ഓപറേറ്റിങ് സിസ്റ്റമാണ് ഈ വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ചൈനീസ് വാഹന നിര്‍മാതാക്കളായ കിങ് കോങുമായി ചേര്‍ന്നാണ് ബെയ്ദു ഈ ഡ്രൈവറില്ലാ മിനി ബസുകള്‍ നിര്‍മിക്കുക. സമീപഭാവിയില്‍ തന്നെ ഈ ബസുകള്‍ വലിയ തോതില്‍ നിര്‍മിക്കാന്‍ ബെയ്ദുവിന് പദ്ധതിയുണ്ട്.

തെക്കു കിഴക്കേ ചൈനയിലെ ഫുജിയാന്‍ പ്രവിശ്യയിലുള്ള ബെയ്ദുവിന്റെ വമ്പന്‍ വാഹന നിര്‍മാണ യൂണിറ്റിന്റെ ദൃശ്യങ്ങളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ഡ്രൈവറില്ലാ മിനിബസ് യാത്രക്കാരെ കയറ്റുന്നതും ലക്ഷ്യസ്ഥാനത്ത് ഇറക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ആദ്യ ഘട്ടത്തില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികളെ കൊണ്ടുപോകുന്നതിനും വിമാനത്താവളങ്ങളിലുമായിരിക്കും ഇവ ഉപയോഗിക്കുകയെന്നാണ് വിവരം. 

രണ്ട് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ നൂറ് കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ബെയ്ദുവിന്റെ ഈ വാഹനത്തിനാകും. മണിക്കൂറില്‍ 60 കിലോമീറ്ററാണ് പരമാവധി വേഗത. ആദ്യഘട്ടത്തില്‍ 100 അപോലോങുകളെയായിരിക്കും നിര്‍മിക്കുക. ജപ്പാന്റെ സോഫ്റ്റ് ബാങ്ക് ഗ്രൂപ്പുമായി ചേര്‍ന്ന് അടുത്തവര്‍ഷം ജപ്പാനിലേക്കും ഇത്തരം ഡ്രൈവറില്ലാ വാഹനങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കാന്‍ ബെയ്ദുവിന് പദ്ധതിയുണ്ട്. 

ചൈനീസ് സര്‍ക്കാരിന്റെ മെയ്ഡ് ഇന്‍ ചൈന 2025 പദ്ധതിയില്‍ അപോലോങിനേയും ഉള്‍പ്പെടുത്തി കഴിഞ്ഞു. അതുകൊണ്ടു തന്നെ ഇവയുടെ നിര്‍മാണവും മറ്റും അതിവേഗത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തിന്റെ തന്നെ എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഉത്പന്നങ്ങളുടെ കേന്ദ്രമാക്കി ചൈനയെ മാറ്റുകയെന്നത് ഭരണകൂടത്തിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. കഴിഞ്ഞകാലത്ത് വിലകുറവുകൊണ്ടാണ് ചൈനീസ് ഉത്പന്നങ്ങള്‍ ലോകവിപണി കയ്യടക്കിയതെങ്കില്‍ ഭാവിയില്‍ അത് സാങ്കേതിക വിദ്യകൊണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.