Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൻ അപകടം മുൻകൂട്ടി കണ്ടു, അമേരിക്കൻ ചാരസംഘടനയുടെ ഓഫര്‍ നിരസിച്ചു

AI-scan

ഏതൊരു സ്റ്റാര്‍ടപ്പുകളുടേയും സ്വപ്‌നം അവർ മുന്നോട്ടുവെക്കുന്ന ബിസിനസ് മാതൃകയ്ക്ക് വലിയ കമ്പനികളില്‍ നിന്നോ ലഭിക്കുന്ന അംഗീകാരവും വില്‍പനയ്ക്കുള്ള സാധ്യതയുമായിരിക്കും. ബോസ്റ്റണിലെ ഒരു സ്റ്റാര്‍ട്ടപ്പായ അഫക്ടിവയ്ക്ക് അധികമാരും നിരസിക്കാനിടയില്ലാത്ത ഒരു വാഗ്ദാനം ലഭിച്ചു. അമേരിക്കന്‍ ചാരസംഘടനയായ സിഐഎ നല്‍കിയ വാഗ്ദാനം. പൗരന്മാരുടെ സ്വകാര്യതയ്ക്ക് ഭീഷണിയാകുന്ന ദൗത്യമായ കാരണമൊന്നുകൊണ്ട് മാത്രം അഫെക്ടിവയുടെ സിഇഒ എല്‍ കാല്യുബി ആ ഓഫർ നിരസിച്ചു. 

മനുഷ്യന്റെ മുഖത്തെ ഭാവങ്ങള്‍ മനസിലാക്കി ഏത് വൈകാരിക അവസ്ഥയിലാണെന്ന തിരിച്ചറിയാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് അഫെക്ടിവ വികസിപ്പിച്ചെടുത്തത്. എഐ സാങ്കേതികവിദ്യയുടെ സഹായത്തിലായിരുന്നു ഇത്. വ്യക്തികളുടെ ചിത്രങ്ങളെടുത്ത് അവര്‍ സന്തോഷത്തിലാണോ വിഷമത്തിലാണോ, ക്ഷീണത്തിലാണോ ദേഷ്യത്തിലാണോ തുടങ്ങിയ വിവരങ്ങള്‍ കൈമാറാന്‍ അഫെക്ടിവക്ക് സാധിക്കും. 

ഒറ്റനോട്ടത്തില്‍ നിഷ്‌കളങ്കമെന്ന് തോന്നാമെങ്കിലും പലവിധത്തിലുള്ള ദുരൂപയോഗത്തിനുള്ള സാധ്യത ഈ സാങ്കേതികവിദ്യക്കുണ്ട്. സിഐഎ പോലുള്ള സര്‍ക്കാര്‍ ഏജന്‍സിയില്‍ നിന്നുള്ള ആവശ്യം നിരസിക്കാന്‍ അഫെക്ടിവ അധികൃതരെ പ്രേരിപ്പിച്ചതും തങ്ങളുടെ ഉത്പന്നം ദുരുപയോഗം ചെയ്യാന്‍ സാധിക്കുമെന്ന തിരിച്ചറിവായിരുന്നു. 60 ലക്ഷത്തോളം മുഖഭാവങ്ങളുമായി താരതമ്യം ചെയ്താണ് അഫെക്ടിവ മനുഷ്യഭാവത്തെ തിരിച്ചറിഞ്ഞിരുന്നത്.

അമേരിക്കയിലെ പല വിമാനത്താവളങ്ങളിലും ഇത്തരം മുഖം തിരിച്ചറിയാന്‍ കഴിവുള്ള ക്യാമറകള്‍ ഉപയോഗിക്കുന്നുണ്ട്. ചൈനയില്‍ പല നഗരങ്ങളിലും നിയമലംഘകരെ പിടികൂടാന്‍ ഇത്തരം ക്യാമറകള്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. കുറ്റവാളികളെ മാത്രമല്ല ട്രാഫിക് നിയമലംഘനം നടത്തുന്നവരേയും ഇത്തരം ക്യാമറകള്‍ കയ്യോടെ പിടികൂടുന്നുണ്ട്. 

സാങ്കേതികവിദ്യയുടെ അപകടസാധ്യത തിരിച്ചറിഞ്ഞ കമ്പനികളുടെ കൂട്ടത്തില്‍ ഗൂഗിള്‍ വരെയുണ്ട്. ഗൂഗിളിന്റെ പ്രൊജക്ട് മാവന്‍ എന്ന പേരിട്ട പദ്ധതിയായിരുന്നു വിവാദമായത്. ഡ്രോണ്‍ വിഡിയോകളില്‍ നിന്നും പ്രധാനപ്പെട്ടത് എഐ സഹായത്തില്‍ കണ്ടെത്തുന്നതിന് സഹായിക്കുന്ന ഒന്നായിരുന്നു ഇത്. പശ്ചിമേഷ്യയില്‍ ഭീകരര്‍ക്കെതിരെ ഉപയോഗക്കാന്‍ അമേരിക്കന്‍ സൈന്യം പ്രൊജക്ട് മാവന്‍ വാങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍വന്നിരുന്നു. ജീവനക്കാരില്‍ നിന്നടക്കമുള്ള വലിയ എതിര്‍പ്പിനെ തുടര്‍ന്ന് ഗൂഗിള്‍ അമേരിക്കന്‍ സൈന്യവുമായുള്ള ഈ സഹകരണത്തില്‍ നിന്നും പിന്മാറുകയായിരുന്നു. 

എല്ലാ കമ്പനികളും ഇത്തരത്തിലുള്ള വാഗ്ദാനങ്ങള്‍ വേണ്ടെന്ന് വെക്കില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഗൂഗിളോ എഫെക്ടിവയോ ഇല്ലെങ്കില്‍ പോലും അവരുപയോഗിച്ച സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി തങ്ങളുടെ ലക്ഷ്യം നേടാന്‍ സിഐഎയേയും അമേരിക്കന്‍ സൈന്യത്തേയും സഹായിക്കാന്‍ നിരവധി കമ്പനികള്‍ തയ്യാറായേക്കും.