ഈ സ്ത്രീയുടെ പേര് കേട്ടാൽ ഗൂഗിളും ഫെയ്സ്ബുക്കും വിറയ്ക്കും

സിലിക്കൺവാലിയിലെ പുലികളായ ഗൂഗിളിനോടും ഫെയ്‌സ്ബുക്കുക്കിനോടും ആപ്പിളിനോടുമൊക്കെ പലര്‍ക്കും ആരാധനയാണ്. അവരുടെ ശക്തിയില്‍ ആര്‍ക്കും വിശ്വാസക്കുറവില്ല. ചില രാജ്യങ്ങള്‍ വരെ ഈ കമ്പനികളെ ഭയക്കുന്നു. എന്നാല്‍ അവര്‍ ആരെയാണ് ഭയക്കുന്നത്?

കഴിഞ്ഞ ദിവസം ഗൂഗിളിന് അ‍ഞ്ചു ബില്ല്യന്‍ ഡോളര്‍ പിഴയിട്ടത് ഓര്‍ക്കുമല്ലോ. അന്നു നമ്മള്‍ കണ്ട സ്ത്രീയുണ്ടല്ലോ, മാര്‍ഗരതെ വെസ്റ്റയര്‍. അവരെയാണ് ഈ വമ്പന്‍ കമ്പനികളൊക്കെ പേടിക്കുകയും വെറുക്കുകയും ചെയ്യുന്നത്. യൂറോപ്യൻ യൂണിയൻ കോംപറ്റിഷൻ കമ്മിഷണറാണ് മാര്‍ഗരതെ വെസ്റ്റയർ.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒരിക്കല്‍ അവരെ വിളിച്ചത് ‘കരംപിരിക്കലുകാരി’ (tax lady) എന്നാണ്. ആപ്പിള്‍ മേധാവി ടിം കുക്ക് ഒരിക്കല്‍ അവരോട് ‘നിങ്ങള്‍ക്കു നികുതി വ്യവസ്ഥയെക്കുറിച്ച് ഒന്നുമറിയില്ല’ എന്നു പറഞ്ഞ് ഒച്ചയിട്ടു. പക്ഷേ, വെസ്റ്റയര്‍ ഒന്നിനെയും കൂസാത്തയാളാണ്. എല്ലാവരെയും എതിര്‍ത്തു നില്‍ക്കുന്ന അവരെക്കുറിച്ച് ഓര്‍ക്കുമ്പൊഴേ ഗൂഗിളിനും ഫെയ്‌സ്ബുക്കിനും ആമസോണിനുമൊക്കെ പേടി വരും. യൂറോപ്യന്‍ കോംപറ്റീഷന്‍ കമ്മിഷന്റെ തലപ്പത്ത് അവരെ വച്ചിരിക്കുന്നത് വെറുതെയല്ല.

ഇന്നു നാം അനുഭവിക്കുന്ന കണ്‍സ്യൂമര്‍ ടെക്‌നോളജിയുടെ പ്രഭാവം തുടങ്ങിയിട്ട് അധികം കാലമായില്ല. ഒരു കാലത്ത് വിദ്യാസമ്പന്നര്‍ എന്നു കരുതിയിരുന്നവര്‍ക്കു പോലും എന്താണു സംഭിവിക്കുന്നത് എന്നറിയില്ല. ടെക്‌നോളജിയുടെ ഒഴുക്കില്‍, ഗൂഗിള്‍, ഫെയ്‌സ്ബുക്, വാട്‌സാപ്പ്, ആപ്പിള്‍ എന്നൊക്കെ പറഞ്ഞ് ഒരു ഇല പോലെ ഒഴുകുകയാണ് പലരും. ടെക് കമ്പനികളാകട്ടെ അവരെ ചൂഷണം ചെയ്യുകയുമാണ്. ഡേറ്റ ചോർച്ചയടക്കം പല രീതിയിലും അവരെ ചൂഷണം ചെയ്യുന്നു. സാധാരണക്കാര്‍ക്കു വേണ്ടി പടവാളുയര്‍ത്തി നില്‍ക്കുന്ന വെസ്റ്റയര്‍, ഈ കമ്പനികളെയൊക്കെ നിലയ്ക്കു നിർത്താൻ കെല്‍പുള്ളയാളാണ് എന്നാണ് പല ടെക് അവലോകകരും കരുതുന്നത്.

വെസ്റ്റയറെ കുറിച്ച് അറിയാത്ത ചില കാര്യങ്ങൾ

ലോകത്തെ ഇപ്പോഴത്തെ ഏറ്റവും കരുത്തനായ മനുഷ്യനെന്നു വിശേഷിപ്പിക്കപ്പെടുന്ന ഡോണൾഡ് ട്രംപ് പറയുന്നത്, വെസ്റ്റയര്‍ക്ക് അമേരിക്കയോടു വെറുപ്പാണെന്നാണ്. അത് അദ്ദേഹം അവരോടു നേരിട്ടു പറഞ്ഞിട്ടുമുണ്ട്. ട്രംപിനിട്ട് ഒന്നു കൊട്ടിയതാണോ എന്തോ, ഗൂഗിളിനു പിഴയിട്ട ശേഷം വെസ്റ്റയര്‍ പറഞ്ഞു- ‘എനിക്ക് അമേരിക്കയെ ഭയങ്കര ഇഷ്ടമാണ്.’

ആപ്പിളിനും വെസ്റ്റയറെ പേടിയാണ്. എന്നാല്‍ വെസ്റ്റയര്‍ അവരോടു പറഞ്ഞത് ‘ആപ്പിളിന്റെ വിശ്വസ്തയായ ഒരു ഉപയോക്താവാണു താന്‍ എന്നാണ്’. ‘പക്ഷേ, ഞാന്‍ നിങ്ങളുടെ ബിസിനസ് രീതികള്‍ നോക്കിക്കാണുന്നുമുണ്ട്’ - എന്നും അവര്‍ പറഞ്ഞു.

ഡെന്‍മാര്‍ക്കിലെ ഒരു ഗ്രാമ പ്രദേശത്തു ജനിക്കുകയും വളരുകയും പഠിക്കുകയും ചെയ്ത അവര്‍ പിന്നീട് ഇക്കണോമിക്‌സിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. യൂണിവേഴ്‌സിറ്റി പഠന കാലത്ത് രാഷ്ടീയത്തില്‍ വളരെ സജീവമായിരുന്നെന്നും അവരുടെ സുഹൃത്തുക്കള്‍ ഓര്‍ത്തെടുക്കുന്നു.

വെസ്റ്റയര്‍ 1998 ല്‍, അവര്‍ക്ക് 29 വയസുള്ളപ്പോള്‍, മന്ത്രിയാകുകയും പിന്നീട് ധാരാളം മര്‍മപ്രധാനമായ സ്ഥാനങ്ങളില്‍ ഇരിക്കുകയും ചെയ്തിട്ടുണ്ട്. അവർ ചെറുമീനുകളായ കമ്പനികളെ ശ്രദ്ധിച്ചു സമയം കളയാറില്ല. ടെക് തിമിംഗലങ്ങളായ ആപ്പിള്‍, ഗൂഗിള്‍, ക്വാസ്‌കം, ഫെയ്‌സ്ബുക് തുടങ്ങിയ കമ്പനികളുടെ ചെയ്തികളെ സസൂക്ഷ്മം വീക്ഷിക്കുകയാണ് ഇപ്പോള്‍ അവര്‍. ടെക് കമ്പനികളുമായി ബന്ധപ്പെട്ട പല പ്രമാദമായ കേസുകളും അവരെയാണ് ഏല്‍പ്പിക്കുന്നത്. ആമസോണ്‍ ടാക്‌സ് വെട്ടിച്ചു എന്ന ആരോപണം, ഫെയ്‌സ്ബുക് വാട്‌സാപ്പിനെ ഏറ്റെടുത്തപ്പോഴുണ്ടായ പ്രശ്‌നങ്ങള്‍, ക്വാല്‍കം തങ്ങളുടെ ചിപ്പുകള്‍ വില കുറച്ചു വിറ്റ പ്രശ്‌നം തുടങ്ങിയവയെല്ലാം വെസ്റ്റയറാണ് പരിഗണിച്ചത്.

ആപ്പിളിനോട് 13 ബില്ല്യന്‍ യൂറോ കരമായി നല്‍കാന്‍ പറഞ്ഞ വെസ്റ്റയറുടെ വിധിയെ ടിം കുക്ക് വിശേഷിപ്പിച്ചത് രാഷ്ട്രീയ വിസര്‍ജ്ജ്യം (political crap) എന്നായിരുന്നു. ആപ്പിളിന് അയര്‍ലന്‍ഡില്‍ കിട്ടുന്ന ടാക്‌സ് ഇളവ് നിയമവിരുദ്ധമാണെന്ന് വെസ്റ്റയര്‍ സധീരം പ്രഖ്യാപിക്കുകയായിരുന്നു. ഈ വിധി പ്രഖ്യാപിക്കാന്‍ പോകുന്നതിനു മുൻപ് കുക്ക് അവരെ നേരില്‍കണ്ട ശേഷം പറഞ്ഞത്, താന്‍ അവര്‍ക്ക് കോര്‍പറേറ്റ് ടാക്‌സിനെക്കുറിച്ച് ഒരു ക്ലാസ് എടുത്തു കൊടുത്തിട്ടുണ്ടെന്നാണ്. പക്ഷേ, വിധി പ്രഖ്യാപിച്ചപ്പോള്‍ കുക്കിനു ദേഷ്യം സഹിക്കാനാവുന്നില്ലായിരുന്നു.

തന്റെ ടീമിലെ അംഗങ്ങള്‍ക്ക് ഭക്ഷണം പാകം ചെയ്തു കൊടുക്കാനോ തുണി തുന്നാനോ അവര്‍ക്ക് ഒരു മടിയുമില്ല. വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്, വെസ്റ്റയര്‍ എയര്‍പോര്‍ട്ടിലിരുന്ന് തുണി തുന്നുന്നത് അവരുടെ ലേഖകന്‍ കണ്ടിട്ടുണ്ടെന്നാണ്.

‘ഗൂഗിളിനും ഫെയ്‌സ്ബുക്കിനുമെതിരെ വെസ്റ്റയറുടെ നേതൃത്വത്തിലുള്ള അന്വേഷണം വാണിജ്യപരമായ ഒരു നീക്കം മാത്രമാണ്, മറ്റൊന്നുമല്ല’ എന്നാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ 2015 ല്‍ പറഞ്ഞത്. ‘യൂറോപ്പിന്റെ സേവനദാതാക്കള്‍ക്കു ഞങ്ങളുടെ സേവനദാതാക്കളോടു മത്സരിക്കാനാവുന്നില്ല. അതിനാല്‍, ഞങ്ങളുടെ കമ്പനികള്‍ക്കു പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കാനാണ് അവര്‍ ശ്രമിക്കുന്നത്’ എന്നാണ് വെസ്റ്റയറുടെ പേരെടുത്തു പറയാതെ ഒബാമ പറഞ്ഞത്.

ഡെന്‍മാര്‍ക്കുകാര്‍ വെസ്റ്റയറെ വിളിക്കുന്നത് ‘ട്വിറ്ററിലെ ഞങ്ങളുടെ രാജ്ഞി’ എന്നാണ്. ഡെന്‍മാര്‍ക്കില്‍ ആദ്യമായി ട്വിറ്റര്‍ ഉപയോഗിച്ചു തുടങ്ങിയ രാഷ്ട്രീയക്കാരിൽ ഒരാളാണ് അവര്‍. ടെക് ക്മ്പനികളുടെ ആര്‍ത്തിയെയാണ് താന്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതെന്ന് അവര്‍ പറയുന്നു. ഡെന്‍മാര്‍ക്കിലെ ഒരു കമ്പനി അവരെ കളിയാക്കിക്കൊണ്ട് ഒരു ചെറിയ മെമെന്റോ നല്‍കി. തനിക്ക് ഇതൊന്നും ഏശില്ലെന്നു കാണിക്കാന്‍, അതിപ്പോള്‍ മേശപ്പുറത്ത് പേപ്പര്‍വെയ്റ്റായി വെസ്റ്റയര്‍ ഉപയോഗിക്കുന്നുണ്ടത്രേ.