ഫ്ലിപ്കാർട്ട്, ആമസോൺ വിലക്കുറവിന് പൂട്ട്; ലക്ഷ്യം സ്വദേശി സംരക്ഷണമോ?

ഓണ്‍ലൈന്‍ വില്‍പ്പനശാലകള്‍ എംആര്‍പിയെക്കാള്‍ വളരെ വില താഴ്ത്തിയാണ് പല സാധനങ്ങളും വിറ്റിരുന്നത്. അതു കൂടാതെയാണ് ഇന്ത്യയിലെ ആധിപത്യത്തിനായി ആമസോണും ഫ്‌ളിപ്കാര്‍ട്ടും തമ്മിലുണ്ടായിരുന്ന മത്സരം. വര്‍ഷങ്ങളായി നടന്നു വന്ന ആ ഏറ്റുമുട്ടലിന്റെ ഗുണം ഉപഭോക്താവിന് ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇകൊമെഴ്‌സിനെക്കുറിച്ചു പഠിക്കുന്ന ചില വ്യവസായ-സർക്കാർ ഏജന്‍സികള്‍ പറയുന്നത് അംഗീകരിക്കപ്പെട്ടാല്‍ വമ്പന്‍ ഡിസ്‌കൗണ്ടുകള്‍ ഇനി ഓര്‍മയാകുമെന്നാണ്. 

ആമസോണിനെ പോലെ ഇപ്പോള്‍ ഫ്‌ളിപ്കാര്‍ട്ടും വിദേശ ഉടമയുടെ നിയന്ത്രണത്തിലാണല്ലോ. ഇതിനാല്‍ ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് പോളിസി പ്രകാരമായിരിക്കും കമ്പനികള്‍ക്ക് മൂക്കുകയര്‍ വീഴുക. വിദേശ കമ്പനികളെ പോലെ, വന്‍ ഡിസ്‌കൗണ്ട് നല്‍കാന്‍ കഴിയാത്ത ആഭ്യന്തര കമ്പനികള്‍ക്ക് ഗുണകരമാകാനും അങ്ങനെ ഡിജിറ്റല്‍ ഇക്കോണമിക്ക് കൂടുതല്‍ ഉണര്‍വു കിട്ടാനുമാണ് ഇതെന്നു പറയുന്നു.

ഇതുകൂടാതെ, മറ്റൊരു പ്രധാനപ്പെട്ട നിര്‍ദ്ദേശവും സർക്കാരിന്റെ പരിഗണനയിലുണ്ട്. ഇത്തരം ഇകൊമേഴ്‌സ് കമ്പനികള്‍ ഉപയോക്താവിന്റെ സ്വകാര്യ ഡേറ്റ ഖനനം ചെയ്തു സൂക്ഷിച്ചിട്ടുണ്ടാകും. സ്ഥിരമായി ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങുന്ന ഒരാളുടെ സാമ്പത്തിക സ്ഥിതിപോലും കമ്പനികള്‍ക്ക് വ്യക്തമായി അറിയാമായിരിക്കും. ആപ്പുകള്‍ ഉപയോഗിച്ചാണ് സാധനങ്ങള്‍ വാങ്ങുന്നതെങ്കിൽ അവരുടെ താത്പര്യങ്ങളും ഈ കമ്പനികള്‍ക്ക് അറിയാമായിരിക്കും. ആപ്പുകള്‍ ഉപയോഗിച്ചും വെബ്‌സൈറ്റിലേക്ക് സൈന്‍ ഇന്‍ ചെയ്തതു ശേഷവും നടത്തുന്ന ബ്രൗസിങ്ങുകള്‍ മുഴുവന്‍ ഒരു വ്യക്തിയുടെ താത്പര്യങ്ങള്‍ അറിയാന്‍ സഹായിക്കും. മെയിൽ ഐഡി, ഫോണ്‍ നമ്പര്‍, ലൊക്കേഷന്‍ തുടങ്ങിയ പ്രധാനപ്പെട്ട പല വിവരങ്ങളും ആദ്യമെ നല്‍കിയിരിക്കുമല്ലൊ. പുതിയ നിര്‍ദ്ദേശം പറയുന്നത് ഇത്തരം ഡേറ്റ ഇന്ത്യയ്ക്കു വെളിയില്‍ കൊണ്ടുപോകാന്‍ അനുവദിക്കരുതെന്നാണ്. 

എന്നാല്‍, ഇന്ത്യയില്‍ നിര്‍മിച്ച പ്രൊഡക്ടുകള്‍ ശേഖരിച്ചു വില്‍ക്കുന്ന കാര്യത്തില്‍ നിലവിലുള്ള നിയമങ്ങളില്‍ വിദേശ കമ്പനികള്‍ക്ക് ഇളവു ലഭിക്കാനും സാധ്യതയുണ്ട്. എഫ്ഡിഐ നിയമങ്ങള്‍ പുനപരിശോധിക്കാന്‍ ഡറക്ടറേറ്റ് ഓഫ് എന്‍ഫോഴ്‌സ്‌മെന്റിന്റെ പ്രത്യേക സംഘം രൂപപ്പെടുത്തിയേക്കും.

സ്വദേശി കമ്പനികള്‍

അതേസമയം, ചില ഡിജിറ്റല്‍ ഇകൊമേഴ്‌സ് വെബ്‌സൈറ്റ് കമ്പനികൾ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചതുമായി പുതിയ എഫ്ഡിഐ പൂട്ടിന് ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നവരും ഉണ്ട്. ചില കമ്പനികൾക്ക് ഇന്ത്യയൊട്ടാകെ ഓഫ്‌ലൈന്‍ കടകളും ചെറിയ സ്‌റ്റോറുകളുമുണ്ട്. എന്നാല്‍, ഈ വര്‍ഷത്തെ ഓണ്‍ലൈന്‍ വില്‍പ്പനശാലകളിലൂടെയുള്ള ഇന്ത്യയിലെ വിറ്റുവരവ് 32.70 ബില്ല്യൻ ഡോളറാകുമെന്നാണ് പ്രവചനം. അതിലൊരു പങ്കു പറ്റാന്‍ സ്വദേശി കമ്പനികൾ ശ്രമിക്കുന്നെങ്കില്‍ തെറ്റു പറയാനാകില്ലല്ലോ.