ആധാറിനു പകരം വെർച്വൽ ഐഡി വരട്ടെ; ഒന്നും ചോർത്തില്ല, സുരക്ഷിതം

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ചെയർമാൻ ആർ.എസ്.ശർമ ആധാർ ചാലഞ്ചിലൂടെ പുലിവാല് പിടിച്ചതോടെ, ആധാറിനു പകരം ഉപയോഗിക്കാവുന്ന വെർച്വൽ ഐഡിയെക്കുറിച്ച് (വിഐഡി) ചർച്ചയേറുന്നു. ആധാർ പരസ്യമാക്കുന്നതിനു പകരം വെർച്വൽ ഐഡി ഉപയോഗിച്ചിരുന്നെങ്കിൽ ഇത്രയും പ്രശ്നമാകില്ലെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. സ്വന്തം ആധാർ നമ്പർ ട്വിറ്ററിൽ പങ്കുവച്ച്, തനിക്കെതിരെ എന്തെങ്കിലും ചെയ്യാമോ എന്നായിരുന്നു വെല്ലുവിളി. ഇതിനു ചുവടുപിടിച്ച് ശർമയുടെ മിക്ക സ്വകാര്യവിവരങ്ങളും പരസ്യമായി.

ആധാർ നമ്പർ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായിട്ടാണ് യുഐഡിഎഐ ഏതാനം മാസം മുൻപ് വെർച്വൽ ഐഡി എന്ന സംവിധാനം ആരംഭിച്ചത്. ആധാർ നമ്പറിനു പകരമായി 16 അക്കമുള്ള താൽക്കാലിക നമ്പറാണ് വെർച്വൽ ഐഡി. ആധാർ നമ്പറിനു പകരം ബാങ്കിങ് ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് വെർച്വൽ ഐഡി നൽകിയാൽ മതിയാകും. എന്നാൽ, പരിമിതമായ സേവനങ്ങൾക്കു മാത്രമേ വെർച്വൽ ഐഡി നിലവിൽ ഉപയോഗിക്കാൻ കഴിയൂ. പേയ്ടിഎം ഉൾപ്പെടെയുള്ള ചില പേയ്മെന്റ് വോലറ്റുകൾ വിഐഡി ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്.

എന്താണ് ആധാർ വെർച്വൽ ഐഡി? 

ആധാർ നമ്പറിനു പകരം ഉപയോഗിക്കാവുന്ന ഡമ്മി നമ്പറാണു വെർച്വൽ ഐഡി. മൊബൈൽ നമ്പർ പങ്കുവയ്ക്കുന്നതുപോലെ വിഐഡി നൽകാം. യഥാർഥ നമ്പർ പുറത്തുപോയാലുണ്ടാകാവുന്ന കുഴപ്പങ്ങൾ ഇതിനില്ല. ഏതു സമയത്തും ഉപയോക്താവിന് ഒരു വെർച്വൽ ഐഡി യുഐഡിഎഐ വെബ്സൈറ്റിലൂടെ ജനറേറ്റ് ചെയ്യാം. ഏതു നിമിഷവും ഇത് റദ്ദാക്കി പുതിയ വെർച്വൽ ഐഡി ഉണ്ടാക്കാമെന്നതിനാൽ വിവരച്ചോർച്ചയുണ്ടാകില്ല. വെർച്വൽ ഐഡി ഒരു ഏജൻസിക്കു നൽകിയാൽ യുഐഡിഎഐ വെബ്സൈറ്റിൽ നിന്നൊരു ടോക്കൺ നൽകും. ഇതാണ് ബാങ്ക് ഉൾപ്പെടെയുള്ള ഏജൻസികൾ സൂക്ഷിക്കുക. വെർച്വൽ ഐഡി റദ്ദായാലും ടോക്കൺ പ്രവർത്തിക്കും. ടോക്കണിൽനിന്ന് ആധാർ വിവരങ്ങൾ ചോർത്താനും കഴിയില്ല. 

എങ്ങനെ വെർച്വൽ ഐഡി നിർമിക്കാം? 

∙ യുഐഡിഎഐ വെബ്സൈറ്റിൽ (uidai.gov.in) പോയി വെർച്വൽ ഐഡി (വിഐഡി) ജനറേറ്റർ എന്ന ലിങ്ക് തുറക്കുക. 

∙ ആധാർ നമ്പർ നൽകുമ്പോൾ അതുമായി കണക്റ്റ് ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ ഒടിപി (വൺ ടൈം പാസ്‍വേഡ്) എത്തും. 

∙ ഒടിപി വെബ്സൈറ്റിൽ നൽകിയാലുടൻ 16 അക്ക വെർച്വൽ ഐഡി ഫോണിൽ എസ്എംഎസ് ആയി എത്തും. 

∙ പുതിയൊരു വെർച്വൽ ഐഡി ജനറേറ്റ് ചെയ്താലുടൻ പഴയതു റദ്ദാകും.