ശർമക്കുള്ള 'പണി' തുടരുന്നു, വീട്ടിലേക്ക് പേസ്റ്റും ടവലും

ആധാറിന്‍റെ ആധികാരികത ഉറപ്പാക്കാൻ സ്വന്തം ആധാർ നമ്പർ പരസ്യപ്പെടുത്തി ഹാക്കർമാരെ വെല്ലുവിളിച്ച ട്രായ് ചെയർമാൻ ആർഎസ് ശർമക്ക് 'പണി' കൊടുക്കുന്നത് തുടർന്ന് ഹാക്കർമാർ. ശർമയുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് ഇ–കൊമേഴ്സ് വെബ്സൈറ്റുകളിൽ നിന്ന് ക്യാഷ് ഓൺ ഡെലിവറി ഓർഡറുകൾ നടത്തിയും വ്യാജ ടെലികോം പരാതികൾ സമർപ്പിച്ചുമാണ് മനപൂർവ്വം ബുദ്ധിമുട്ടിക്കൽ തുടരുന്നത്. നിരവധി പേർ വെളിപ്പെടുത്തലുമായി സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

ശർമയുടെ മൊബൈൽ നമ്പർ, വീട്ടിലെ വിലാസം, ഇ–മെയിൽ ഐഡി എന്നിവ ഉപയോഗിച്ചാണ് സിഒഡിയായി ഓർഡറുകൾ നൽകിയിട്ടുള്ളത്. ടൂത്ത് പേസ്റ്റ്, ടവല്‍ തുടങ്ങി വില കുറഞ്ഞ സാമഗ്രികളാണ് മിക്കവരും ഓർഡര്‍ ചെയ്തിട്ടുള്ളത്.

ശർമയുടെ ഫോൺ നമ്പർ‌ ഉപയോഗിച്ച് സേവനം സംബന്ധമായ പരാതി നൽകിയവരും ഏറെയുണ്ട്. ആധാർ നമ്പർ പരസ്യപ്പെടുത്തിയാലും ഇതുപയോഗിച്ച് ഒരാളെ ഉപദ്രവിക്കാൻ കഴിയില്ലെന്ന ശർമയുടെ വാദം തെറ്റാണെന്ന് തെളിയിക്കുകയാണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങളുടെ ലക്ഷ്യം. എന്നാൽ ആധാർ വിവരങ്ങൾ അടങ്ങുന്ന സെർവറുകളിലേക്ക് കടന്നു കയറാൻ സാധിക്കില്ലെന്നും മറ്റു തരത്തിലുള്ള പരിശ്രമങ്ങൾ കേവലം സമയം കളയൽ മാത്രമാണെന്നുമായിരുന്നു ശർമയുടെ പ്രതികരണം.

വിവിധ സേവനങ്ങൾ ഉപയോഗിക്കാൻ ചിലർ നടത്തിയ ബോധപൂർവ്വമായ ശ്രമം വഴി തന്‍റെ ഫോണിലേക്ക് സാധൂകരണത്തിനുള്ള ഒടിപി നമ്പറിന്‍റെ പ്രവാഹമാണെന്നും ഇതുകൊണ്ട് ആർക്കും പ്രത്യേകിച്ച് ഒരു നേട്ടവുമില്ലെന്നും ശർമ വ്യക്തമാക്കിയിരുന്നു.

ആധാറിന്‍റെ ആധികാരികത പരീക്ഷണം ടൂത്ത് പേസ്റ്റിലും ടവലിലും എത്തിനിൽക്കുമ്പോൾ ശർമ ഉദ്ദേശിച്ച ഗുണം ഇതുകൊണ്ട് ലഭിച്ചോയെന്ന സംശയം പലരും പ്രകടിപ്പിക്കുന്നുണ്ട്. ഏതായാലും വെല്ലുവിളിയിൽ താൻ പരാജയപ്പെട്ടിട്ടില്ലെന്നും അതുണ്ടാകില്ലെന്നുമുള്ള ഉറച്ച നിലപാടിലാണ് ശർമ.