സ്വാതന്ത്ര്യദിനം ഗൂഗിളിൽ ലൈവ്, ട്രന്റിങ്ങിൽ ഒന്നാമത്

രാജ്യത്തിന്റെ 72–ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ സെർച്ച് എൻജിൻ ഭീമൻ ഗൂഗിൾ വൻ സന്നാഹങ്ങളാണ് ഒരുക്കിയത്. ഗൂഗിളിന്റെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം ലൈവായി കാണിച്ചു.

പ്രത്യേകം ഡിസൈൻ ചെയ്ത ഗൂഗിൾ ഡൂഡിലിൽ നിന്ന് ലിങ്ക് നൽകിയത് ദേശീയ ചാനലായ ദൂരദർശന്റെ യുട്യൂബ് പേജിലേക്കാണ്. സ്വാതന്ത്ര്യ ദിനാഘോഷങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന സന്ദേശവും യുട്യൂബിൽ ലൈവായിയിരുന്നു.

ഇന്ത്യൻ ട്രക്ക് ആർട്ടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഗൂഗിൾ ഡൂഡില്‍ ഡിസൈൻ ചെയ്തിരിക്കുന്നത്. ദേശീയ മൃഗമായ കടുവ, ദേശീയ പക്ഷി മയിൽ, ദേശീയ പുഷ്പം താമര എന്നിവടൊപ്പം ആനയുടെ ചിത്രവും ഡൂഡിലിൽ ചേർത്തിട്ടുണ്ട്.

ഡൂഡിലിന്റെ മുകൾ ഭാഗത്തായി മാങ്ങയും ചെറുനാരങ്ങയും പച്ചമുളകും ചേർത്തുവെച്ചിരിക്കുന്നതും കാണാം. കഴിഞ്ഞ മണിക്കൂറുകളിൽ ഗൂഗിൾ സെർച്ചിലെ ട്രന്റിങ്ങിൽ ഒന്നാമതാണ് സ്വാതന്ത്രദിനം.