അൺലിമിറ്റഡ് കോളുകൾ ഉപേക്ഷിക്കൂ... നെറ്റ്‌വർക്കുകൾ പ്രശ്നത്തിലാണ്...

ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രകൃതി ദുരന്തത്തെ നേരിടാൻ രാജ്യം ഒന്നടങ്കം പൊരുതുമ്പോൾ പലപ്പോഴും ടെലികോം നെറ്റ്‌വർക്കുകൾ പ്രശ്നത്തിലാകുന്നു. മിക്കവർക്കും അടിയന്തര ഘട്ടങ്ങളിൽ വരെ വിളിക്കാനും സന്ദേശങ്ങൾ കൈമാറാനും സാധിക്കാതെ വരികയാണ്. ഓരോ നിമിഷവും ലക്ഷക്കണക്കിന് കോളുകളാണ് വിവിധ ടെലികോം നെറ്റ്‌വർക്കുകൾ വഴി പോകുന്നത്.

അടിയന്തര സാഹചര്യങ്ങളെ നേരിടാൻ അൺലിമിറ്റഡ് കോളുകൾ ഉപേക്ഷിച്ച് കാര്യങ്ങൾ പെട്ടെന്ന് അറിയിച്ച് നെറ്റ്‌വർക്ക് പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കണമെന്നാണ് ടെലികോം കമ്പനികളിലെ സാങ്കേതിക വിദഗ്ധർ ആവശ്യപ്പെടുന്നത്. ആവശ്യത്തിന് പോർട്ടുകൾ ലഭിക്കാതെ മിക്കവർക്കും അടിയന്തര കോളുകൾ വിളിക്കാനും സന്ദേശങ്ങൾ കൈമാറാനും വരെ ബുദ്ധിമുട്ടുന്നുണ്ട്.

മിക്ക സ്ഥലങ്ങളിലും വൈദ്യുതി പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. ഇതിനാൽ തന്നെ മികച്ച നെറ്റ്‍‌വർക്കുകൾ നൽകാൻ ടെലികോം കമ്പനികൾക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ചില ടവറുകളിലേക്കുള്ള വൈദ്യുതി ബന്ധം നഷ്ടപ്പെട്ടിട്ടുണ്ട്. ഫോണിൽ ഇന്റർനെറ്റുള്ളവർ വോയ്‌സ് കോളുകൾക്ക് പകരം വാട്സാപ്പ് വോയ്സ് കോളുകളും മെസേജുകളും ഉപയോഗിച്ചാൽ ഒരു പരിധിവരെ നെറ്റ്‌വർക്ക് പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും.